സുന്നി സമ്മേളന വേദികളിലേക്ക് ഉള്ളാള്‍ തങ്ങളുടെ വരവുണ്ട്. സുന്നി സമൂഹം കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ നേടിയ അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രതീകം കൂടിയാണ് തങ്ങളുടെ ആ വരവ്. തങ്ങള്‍ വരുന്നുണ്ടെന്ന അറിയിപ്പ് സംഘാടകര്‍ നല്‍കിക്കഴിഞ്ഞാല്‍ പിന്നെ സുന്നി പ്രവര്‍ത്തകര്‍ക്ക് ഇരിപ്പുറക്കില്ല. പ്രിയ നേതാവിനെ സ്വീകരിക്കാന്‍ അവര്‍ എഴുന്നേറ്റു നില്‍ക്കുകയായി. മദീനയിലേക്ക് വിരുന്നു വന്ന പ്രവാചകപുംഗവരെ എതിരേല്‍ക്കാന്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അന്‍സാറുകള്‍ ചൊല്ലിയ മധുര ഗാനം മുഴക്കി ജനലക്ഷങ്ങള്‍ നേതാവിനെ സ്വീകരിക്കുന്നു. തങ്ങള്‍ വേദിയിലെത്തി ഇരുന്നു എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം അണികള്‍ തങ്ങളുടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങുന്നു. ഒരു കാലത്ത് അപമാന മുദ്രയായി കണക്കാക്കി ആളുകള്‍ പരിഹസിച്ചിരുന്ന തലപ്പാവും തലയില്‍ ചുറ്റിയാണ് തങ്ങളുടെ ആ വരവ്. പഴഞ്ചന്‍ ആചാരങ്ങള്‍ എന്ന് കളിയാക്കി വിളിച്ചു പലരും മാറ്റി നിര്‍ത്തിയിരുന്ന എല്ലാ അടയാളങ്ങളും തങ്ങളുടെ ദേഹത്തുണ്ടാകും. പച്ച ഷാള്‍ മുതല്‍ പുണ്യ പ്രവാചകരുടെ ചെരുപ്പിന്റെ മാതൃക വരെ. അങ്ങനെയൊരു നേതാവിനെയാണ് ഇത്രമേല്‍ മധുര മനോഹരമായി ഒരു ജനസമൂഹം സ്വീകരിച്ചിരുത്തുന്നത്. എന്താകും ഈ പാരസ്പര്യത്തിന്റെ പൊരുള്‍?.
കേരളത്തിലെ മുസ്‌ലിംകളുടെ മതകീയ അസ്തിത്വത്തിനു നേരെ ഉയര്‍ന്ന ചോദ്യങ്ങളെ ആത്മധൈര്യത്തോടെ നേരിടാനുള്ള സുന്നികള്‍ പഠിച്ചത് ഉള്ളാള്‍ തങ്ങളില്‍ നിന്നാണ്. സമസ്തയുടെ ഭാഗധേയം നിര്‍ണായകമായ യോഗത്തില്‍ നിന്ന് പതിനൊന്നു പണ്ഡിതന്മാരെയും കൂട്ടി സമസ്ത പുനഃസംഘടിപ്പിക്കാന്‍ പുറപ്പെടുമ്പോള്‍ ഉള്ളാള്‍ തങ്ങളുടെയും കാന്തപുരം ഉസ്താദിന്റെയും ആത്മധൈര്യം മാത്രമായിരുന്നു സുന്നികളുടെ കൈമുതല്‍. ഒപ്പം ഏതു പ്രതിസന്ധിയിലും സത്യത്തെ മുറുകെപ്പിടിക്കണമെന്നുള്ള വിശ്വാസികളോടുള്ള പ്രവാചക തിരുമേനിയുടെ വസിയ്യതും. ശൂന്യമായ കൈകളുമായി പ്രവര്‍ത്തനത്തിനിറങ്ങി പുറപ്പെട്ടവര്‍ സാധിച്ചെടുത്ത മഹാ വിപ്ലവം കണ്ടു സ്തബ്ധരായവരില്‍ സത്യത്തിന്റെ ശത്രുക്കള്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. അവരുടെ പുതിയ കൂട്ടുകാരും ഉണ്ടായിരുന്നു. അവര്‍ കൊണ്ടുവന്ന മാറ്റങ്ങളുടെ ഗുണഭോക്താക്കള്‍ സുന്നികള്‍ മാത്രമായിരുന്നില്ല. ഉള്ളാള്‍ തങ്ങളും കാന്തപുരം ഉസ്താദും സാധിച്ചെടുത്ത സാമൂഹിക മാറ്റങ്ങളുടെ തണലിലിരുന്നാണ് ആദര്‍ശ ശത്രുക്കള്‍ പോലും തങ്ങളുടെ ഭാവി കരുപ്പിടിപ്പിച്ചത് എന്നത് വിധിയുടെ മറ്റൊരു നിയോഗം.
കാന്തപുരം ഉസ്താദ് ഓരോ പ്രസംഗത്തിലും ഉള്ളാള്‍ തങ്ങളെ ‘എന്റെ നേതാവ്’ എന്ന് വിശേഷിപ്പിച്ചത് വെറുതെയായിരുന്നില്ല. ഉള്ളാള്‍ തങ്ങളുടെ നേതൃത്വത്തിന് തിട്ടപ്പെടുത്തിയെടുക്കാനാകാത്ത ചില സൗഭാഗ്യങ്ങള്‍ ഉണ്ടായിരുന്നു. ചവിട്ടിയരക്കപ്പെടും എന്നിടത്തു നിന്നും സുന്നികളെ കേരളീയ സമൂഹത്തിന്റെ മുഖ്യധാരയിലെക്കും അതിനുമപ്പുറം ദേശീയവും അന്തര്‍ദേശീയവുമായ ബന്ധങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിലേക്കും എത്തിച്ചത് ഉള്ളാള്‍ തങ്ങളുടെ സമാനതകളില്ലാത്ത നേതൃ ഗുണങ്ങളായിരുന്നു. ആ നേതൃ ഗുണങ്ങളാണ് കേരളത്തിലെ സുന്നികളെ അഭിമാനികളാക്കിയത്. അവരുടെ വെള്ളയുടുപ്പിന് ചാരുത വര്‍ധിപ്പിച്ചത്. അവരുടെ തലപ്പാവുകള്‍ക്ക് എടുപ്പ് ഏറ്റിയത്.
ലോകപ്രശസ്തനായ ഇസ്‌ലാം മതപണ്ഡിതന്‍ സയ്യിദ് അലവി മാലികി മക്ക കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞു. രണ്ട് നേതാക്കളെ കൊണ്ട് അനുഗൃഹീതരാണ് നിങ്ങള്‍. ഉള്ളാള്‍ തങ്ങളും കാന്തപുരം ഉസ്താദും. തന്റെ പിതാവിന്റെ ശിഷ്യന്‍ എന്നാണു അന്ന് ഉള്ളാള്‍ തങ്ങളെ മാലികി സദസ്സിനു പരിചയപ്പെടുത്തിയത്. മത വിജ്ഞാനങ്ങളില്‍ ഉള്ളാള്‍ തങ്ങള്‍ക്കുള്ള പ്രാഗല്‍ഭ്യത്തെ സദസ്സിനു ബോധ്യപ്പെടുത്തുക കൂടിയായിരുന്നു മാലികി. ലോക മുസ്‌ലിം പണ്ഡിതന്മാരുമായി ബന്ധം പുലര്‍ത്തിയ ആമാഹാമനീഷി തന്റെ പാണ്ഡിത്യവും ആരോഗ്യവും സമയവും മുഴുവന്‍ ചെലവഴിച്ചതാകട്ടെ സ്വന്തം നാട്ടിലെ മുസ്‌ലിംകളെ കൈപിടിച്ചുയര്‍ത്താനും. വ്യക്തിപരമായ സൗഭാഗ്യങ്ങളിലോ സൗകര്യങ്ങളിലോ ആ പണ്ഡിതവര്യര്‍ കണ്ണ് വെച്ചില്ല. അത് കൊണ്ട് തന്നെ താജുല്‍ ഉലമ എന്ന് മുസ്‌ലിം കേരളം ആ മഹാ നേതാവിനെ ആദരപൂര്‍വം പേര്‍ വിളിച്ചു.
പ്രായം നൂറിനോടടുത്തിട്ടും പ്രസരിപ്പോടെ നടന്ന ആ നേതാവിന്റെ ജീവിതം അസ്തിത്വത്തിനു വേണ്ടി സുന്നികള്‍ നടത്തിയ പോരാട്ടങ്ങളുടെ നേര്‍സാക്ഷ്യമാണ്. ആദര്‍ശത്തിന്റെ സംസ്ഥാപനത്തിനും സംരക്ഷണത്തിനും മുന്നിലെ തടസ്സങ്ങളെ ചങ്കൂറ്റത്തോടെ നേരിടാനുള്ള ആഹ്വാനം തങ്ങളുടെ ശരീര ഭാഷയില്‍ തന്നെ പ്രകടമാണ്. അതിനു തടസ്സം നില്‍ക്കുന്നവരെ തങ്ങള്‍ കൂസാറില്ല, അവരെത്ര വലിയവരായാലും. സത്യത്തിനു കാവല്‍ നില്‍ക്കാന്‍ ആരെയും കാത്തിരിക്കരുതെന്നതായിരുന്നു തങ്ങള്‍ സ്വന്തം പ്രവൃത്തികളിലൂടെ കാണിച്ചുതന്നത്. മുഖത്ത് നോക്കി ആര്‍ജവത്തോടെ സത്യം തുറന്നു പറയാന്‍ ഉള്ളാള്‍ തങ്ങളെ പോലെ ധൈര്യം ഉള്ള മതപണ്ഡിതന്മാര്‍ അപൂര്‍വമാണ്. ആ പണ്ഡിത വംശത്തിനു നാശം സംഭവിച്ചു പോകരുതെന്ന നിര്‍ബന്ധമായിരുന്നു കണ്ണിയത്ത് ഉസ്താദിന്റെ ശിഷ്യനെ സമസ്തയുടെ നേതൃ പദവിയില്‍ എത്തിച്ചത്
0 comments:
Post a Comment