Saturday, February 1, 2014

പ്രാര്‍ഥനാ സമ്മേളനങ്ങളില്‍ ഇനി ആ സാന്നിധ്യമില്ല

മലപ്പുറം: മഅ്ദിന്‍ സ്ഥാപനങ്ങള്‍ക്ക് എന്നും തണലായിരുന്നു സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍. തുടക്കം മുതല്‍ മഅ്ദിന്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉയര്‍ച്ചയില്‍ പങ്കാളിയായി മാറിയ തങ്ങള്‍ റമസാന്‍ ഇരുപത്തിയേഴാം രാവിലെ പ്രാര്‍ഥനാ സമ്മേളനങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രാര്‍ഥനാ സമ്മേളനത്തിനും അനാരോഗ്യം മറന്ന് തങ്ങള്‍ എത്തുകയും പ്രാര്‍ഥനക്കും സ്വലാത്തിനുമെല്ലാം നേതൃത്വം നല്‍കുകയും ചെയ്തു. തങ്ങള്‍ പങ്കെടുത്ത അവസാനത്തെ പൊതുവേദിയും മഅ്ദിന്‍ പ്രാര്‍ഥനാസമ്മേളനമായിരുന്നു. അന്ന് ഏറെ നേരം മഅ്ദിനില്‍ ഖലീല്‍ തങ്ങളോടൊപ്പം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. മഅ്ദിന്‍ ഉപദേശക സമിതി ചെയര്‍മാനായ തങ്ങളുടെ നിര്‍ദേശങ്ങളാണ് സ്ഥാപനത്തെ വളര്‍ത്തിയതെന്ന് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ അനുസ്മരിക്കുന്നു. കോണോംപാറ പള്ളിയില്‍ നിന്ന് ഖലീല്‍ തങ്ങള്‍ പിരിഞ്ഞ് പോകുമ്പോള്‍ ഫോണിലൂടെ ഇങ്ങോട്ട് വിളിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പകര്‍ന്നത് ഉള്ളാള്‍ തങ്ങളായിരുന്നു. കോരിച്ചൊരിയുന്ന മഴ സമ്മേളനത്തിന് തടസമുണ്ടാക്കുമ്പോള്‍ തങ്ങളുടെ പ്രാര്‍ഥന മാത്രം മതിയാകുമായിരുന്നു കാലാവസ്ഥ അനുകൂലമായി മാറാന്‍. സമ്മേളനം നടക്കുന്നിടത്ത് മഴ മാറി നില്‍ക്കുകയും പുറത്ത് മഴ തിമിര്‍ത്ത് പെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രാര്‍ഥനയുടെ ശക്തിയായിരുന്നു ഇത്. പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ ഓടിയെത്താനും സമാശ്വസിപ്പിക്കാനുമുണ്ടായിരുന്ന ധീരമായ നേതൃത്വമാണ് മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യക്ക് നഷ്ടമാക്കിയിരിക്കുന്നത്.

0 comments:

Post a Comment