കാസര്‍കോഡ്: ആത്മീയരംഗത്ത് ഏഴു പതിറ്റാണേ്ടാളമായി നിറസാന്നിധ്യമായിരുന്ന ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങളുടെ വിയോഗം തീരാനഷ്ടമായി. കര്‍ണാടകയിലും മലബാറിലും ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന തങ്ങള്‍ ഒരു
പുരുഷായുസ്സ് മുഴുവന്‍ ഇസ്ലാമിക പ്രബോധനരംഗത്തെ നിറസാന്നിധ്യമായിരുന്നു.
സൌത്ത് കനറയിലെ ഉള്ളാള്‍ സയ്യിദ് മദനി മഖാം ശരീഫും അറബിക് കോളജും ജുമുഅത്ത് പള്ളിയും ഉള്‍ക്കൊള്ളുന്ന കമ്മിറ്റിയുടെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചുവരുകയായിരുന്നു. തന്റെ പേരിനോടൊപ്പം തന്നെ ഉള്ളാളിനെ ചേര്‍ത്ത തങ്ങള്‍ കര്‍ണാടകയിലും പ്രിയങ്കരനായിരുന്നു. സുന്നികളിലെ പിളര്‍പ്പിനെ തുടര്‍ന്ന് കാന്തപുരം വിഭാഗത്തിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നെങ്കിലും അന്ധമായ എതിര്‍പ്പ് ആരോടും വച്ചുപുലര്‍ത്തിയിരുന്നില്ല. മുന്‍കാലങ്ങളില്‍ കാസര്‍കോഡ്, സൌത്ത് കനറ ജില്ലകളില്‍ ഉള്ളാള്‍ ഖാസിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നോമ്പും ഈദ് ആഘോഷങ്ങളും നടത്തിയിരുന്നത്. ചരിത്രപ്രസിദ്ധമായ ഉള്ളാളിനെ അന്തര്‍ദേശീയ തലത്തിലെ ഇസ്ലാമിക പ്രബോധനകേന്ദ്രമായി ഉയര്‍ത്താന്‍ കഴിഞ്ഞതും ഇദ്ദേഹത്തിന്റെ നേട്ടമാണ്.
കാസര്‍കോഡ് ദേളി സഅദിയ്യ അറബിക് കോളജിന്റെ പ്രസിഡന്റായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഏതാനും മാസം മുമ്പ് വരെ എല്ലാ ചടങ്ങുകളിലും സജീവമായിരുന്ന തങ്ങള്‍ അസുഖത്തെ തുടര്‍ന്ന് മകന്റെ പയ്യന്നൂര്‍ എട്ടിക്കുളത്തെ വീട്ടില്‍ വിശ്രമിക്കുന്നതിനിടയില്‍ ഇന്നലെ വൈകീട്ട് 3.40ഓടെയാണ് വിടപറഞ്ഞത്. ദേളി സഅദിയ്യയുടെ 40ാം വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കിടയിലാണ് തങ്ങളുടെ വേര്‍പാട്. വിയോഗവാര്‍ത്തയറിഞ്ഞ് ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധിപേരാണ് എട്ടിക്കുളത്തെ വസതിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ കരുവന്‍തിരുത്തിയിലെ പുത്തന്‍വീട്ടില്‍ മുഹമ്മദ് മുസ്ല്യാരില്‍ നിന്നാണ് ഖുര്‍ആനും പ്രാഥമിക ദര്‍സ് കിതാബുകളും പഠിച്ചത്. കരുവന്‍തിരുത്തി ജുമുഅത്ത് പള്ളിയിലായിരുന്നു മുഹമ്മദ് മുസ്ല്യാര്‍ ദര്‍സ് നടത്തിയിരുന്നത്.
പിന്നീട് 'പൊന്നുംകട്ട' എന്ന പേരില്‍ പ്രസിദ്ധനായ പൊന്നാനിയിലെ കോടമ്പിയകത്ത് മുഹമ്മദ് മുസ്ല്യാര്‍ കരുവന്‍തിരുത്തിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് കോണപ്പുഴ മുഹമ്മദ് മുസ്ല്യാര്‍, പറവണ്ണ മൊയ്തീന്‍കുട്ടി മുസ്ല്യാര്‍, എ പി അബ്ദുര്‍റഹ്മാന്‍ എന്ന അവറാന്‍ മുസ്ല്യാര്‍, പറമ്പത്ത് കണ്ണിയത്ത് അഹ്മദ് മുസ്ല്യാര്‍, തൃക്കരിപ്പൂര്‍ തങ്കയം ബാപ്പു മുസ്ല്യാര്‍, ഇ കെ അബൂബക്കര്‍ മുസ്ല്യാര്‍ എന്നിവരുടെ ദര്‍സുകളില്‍ അദ്ദേഹം പഠിച്ചു.
തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്ലാം കോളജിലെ രണ്ടു കൊല്ലത്തെ പഠനത്തിനുശേഷമാണ് ബിരുദപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തിലേക്കു പോയത്. കാസര്‍കോഡ് ഖാസിയായിരുന്ന അവറാന്‍ മുസ്ല്യാരുടെ നിര്‍ദേശമനുസരിച്ചാണ് ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റത്.
1956ലാണ് സംഘടനാരംഗത്തേക്കു വരുന്നത്. ആ വര്‍ഷം സപ്തംബര്‍ 20നു ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ഉള്ളാള്‍ തങ്ങളെ മുശാവറ അംഗമായി തിരഞ്ഞെടുത്തു.
1965 ആഗസ്ത് 20ന് കണ്ണിയത്ത് അഹ്മദ് മുസ്ല്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയില്‍ തങ്ങളും ഉള്‍പ്പെട്ടിരുന്നു. അയനിക്കാട് ഇബ്രാഹീം മുസ്ല്യാരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സമസ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 1976 നവംബര്‍ 29ന് തിരഞ്ഞെടുക്കപ്പെട്ട തങ്ങള്‍, 1989ല്‍ സമസ്ത പ്രസിഡന്റായി. ദീര്‍ഘകാലം വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായിരുന്നു. 1992ല്‍ രൂപീകൃതമായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശക സമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
തങ്ങളുടെ നിര്യാണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, എം എ അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍, മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്രാഹീം എന്നീ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
Saturday, February 1, 2014
ആത്മീയ പ്രകാശഗോപുരത്തിന്റെ ഒരിതള്‍കൂടി
11:22 PM
Unknown
No comments
0 comments:
Post a Comment