Saturday, February 1, 2014

നഷ്ടമായത് ആത്മീയ നായകനെയും ആത്മ മിത്രത്തെയും: എം എ ഉസ്താദ്

ദേളി: ഉള്ളാള്‍ തങ്ങളുമായി എനിക്കുള്ള ബന്ധം ഒരു ആത്മ മിത്രവുമായും അതോടൊപ്പം ആത്മീയ നായകനുമായുള്ളതാണെന്ന് സുന്നിവിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദേളിയുടെ കൊച്ചുഗ്രാമത്തില്‍ നിന്ന് അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റി തലത്തിലേക്ക് വളര്‍ന്നു പന്തലിച്ച ജാമിഅ സഅദിയ്യ അറബിയ്യ എന്ന വിദ്യാഭ്യാസ സമുച്ഛയത്തിന്റെ ശില്‍പ്പിയും ആരംഭകാലം മുതല്‍ ഇന്നുവരെ അതിന്റെ സാരഥിയുമായിരുന്നു തങ്ങള്‍. സഅദിയ്യയുടെ ഓരോ വളര്‍ച്ചയും നേരില്‍കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ തരുമായിരുന്നു.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തനം തുടങ്ങിയതും വ്യാപിപ്പിച്ചതും തങ്ങളുടെ നേതൃത്വത്തിലായിരുന്നു. 1973 ല്‍ കാഞ്ഞങ്ങാട് നൂര്‍ മഹല്ലില്‍ ചേര്‍ന്ന സമസ്ത സമ്മേളനത്തില്‍ വെച്ച് അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപം കൊണ്ടപ്പോള്‍ അതിന്റെ പ്രസിഡന്റ് തങ്ങളായിരുന്നു. പിന്നീട് കാസര്‍കോട് ജില്ല നിലവില്‍ വന്നപ്പോള്‍ അതിന്റെ സാരഥ്യത്തിലും തങ്ങളുണ്ടായിരുന്നു.
മത-ഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന ആശയം ആദ്യമായി നടപ്പിലാക്കിയത് ഉള്ളാള്‍ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത സഭയായിരുന്നു. തങ്ങളോടൊപ്പം സെക്രട്ടറി എന്ന നിലയില്‍ ജില്ലയുടെ പല ഭാഗങ്ങളിലും ചുറ്റിക്കറങ്ങാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സ്വന്തം ഭവനത്തില്‍ നടത്തിയിരുന്ന ദര്‍സും അനുബന്ധ സൗകര്യങ്ങളും അന്നത്തെ സമസ്ത ജില്ലാ പ്രസിഡന്റായിരുന്ന ഉള്ളാള്‍ തങ്ങള്‍ക്ക് വിട്ടുകൊടുത്തതോടെ സഅദിയ്യയുടെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു. ഇന്ന് 44ന്റെ നിറവില്‍ എത്തിനില്‍ക്കുമ്പോള്‍ അതിന്റെ എല്ലാമായ സാരഥി വിട്ടുപിരിയുന്നത് ഉള്‍ക്കൊള്ളാന്‍ കരുത്തില്ലാതെ ഞങ്ങള്‍ തേങ്ങുകയാണ്. ഏതാണ്ട് സമപ്രായക്കാരായ ഞങ്ങള്‍ സഹപ്രവര്‍ത്തകരായി തന്നെ പല സംരംഭങ്ങളിലും ഒന്നിക്കാന്‍ കഴിഞ്ഞു. തങ്ങള്‍ പ്രസിഡന്റും വിനീതന്‍ സെക്രട്ടറിയുമായി സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡില്‍ വളരെക്കാലം പ്രവര്‍ത്തിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് കാണുന്ന വ്യവസ്ഥാപിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മദ്‌റസകളുടെയും വളര്‍ച്ചക്കു പിന്നില്‍ തങ്ങളുടെ നേതൃത്വമായിരുന്നു.
പ്രായത്തിന്റെ അവശതകള്‍ക്കിടയിലും തങ്ങള്‍ അടുത്തകാലം വരെ സഅദിയ്യയില്‍ വന്ന് പോകുമായിരുന്നു. എല്ലാ സമ്മേളനങ്ങളിലും തങ്ങളായിരുന്നു അധ്യക്ഷന്‍. തങ്ങളുടെ ദുആയും ഉപദേശവും കേള്‍ക്കാന്‍ വേണ്ടിമാത്രം പതിനായിരങ്ങള്‍ സഅദിയ്യയുടെ മുറ്റത്ത് ഒരുമിക്കുമായിരുന്നു. എം എ അനുശോചന കുറിപ്പില്‍ പറഞ്ഞു.

0 comments:

Post a Comment