പണ്ഡിത കുലപതി സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ നിറ സാന്നിധ്യം ഇനിയില്ല… ആത്മീയ രംഗത്തെ സൂര്യതേജസ് വിടവാങ്ങിയിരിക്കുന്നു.. പാണ്ഡിത്യത്തിന്റെ പാല്‍ പുഞ്ചിരി തൂകുന്ന ആ മുഖം ഇനി ജനമനസുകളില്‍… ബുഖാരി തറവാട്ടിലെ നെടുംതൂണായി നിന്ന് കേരളത്തിലെ സുന്നി സമൂഹത്തിന് താങ്ങും തണലുമായി മാറിയ ഉള്ളാള്‍ തങ്ങളെന്ന തങ്ങളുപ്പാപ്പയുടെ വിയോഗം ഇനിയും വിശ്വസിക്കാനായിട്ടില്ല പ്രാസ്ഥാനിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും. അനാരോഗ്യം അവഗണിച്ച് ആത്മീയ വേദികളില്‍ നിറഞ്ഞ് നിന്ന അദ്ദേഹം പുതിയ തലമുറക്ക് എന്നും ആവേശമായിരുന്നു.
പണ്ഡിതന്‍മാരും സാധാരണക്കാരും ഒരു പോലെ തങ്ങളെ ഇഷ്ടപ്പെട്ടു. ആ മഹനീയ കരമൊന്ന് ഗ്രഹിക്കാനും അവരെ ആലിംഗനം ചെയ്ത് ബറകത്തെടുക്കാനും വിശ്വാസികള്‍ കാത്തിരുന്നു. വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നപ്പോഴും തങ്ങള്‍ മലപ്പുറം ജില്ലയിലെ ആത്മീയ സദസുകള്‍ക്ക് നേതൃത്വം നല്‍കാനെത്തി. അവരുടെ തേജസാര്‍ന്ന മുഖം കണ്‍നിറയെ കാണാനും പ്രാര്‍ഥനയില്‍ പങ്കാളികളാകാനും വിശ്വാസികള്‍ വേദികളിലേക്ക് ഒഴുകിയെത്തുകയാണ് ചെയ്തിരുന്നത്. മലപ്പുറം മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യക്ക് കീഴില്‍ റമസാന്‍ ഇരുപത്തിയേഴാം രാവില്‍ നടക്കാറുള്ള പ്രാര്‍ഥനാ സമ്മേളനത്തിലെ സ്ഥിരസാന്നിധ്യമായിരുന്നു ഉള്ളാള്‍ തങ്ങള്‍.
മഅ്ദിന്‍, നിലമ്പൂര്‍ മജ്മഅ് ഉള്‍പെടെയുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം ശിലയിട്ട് തുടക്കം കുറിച്ചു. ആ കരങ്ങളാല്‍ തുടങ്ങി വെച്ച സംരംഭങ്ങളെല്ലാം വളര്‍ന്ന് പന്തലിക്കുന്ന കാഴ്ചക്കാണ് ജനം സാക്ഷിയായത്. അദ്ദേഹത്തിന്റെ ഇജാസത്ത് വാങ്ങാന്‍ ജനം തിരക്കിയെത്തി. ഈമാന്‍ സലാമത്താകാനും കടങ്ങള്‍ വീടാനുമുള്ള പ്രാര്‍ഥനകള്‍ ആ പണ്ഡിത ശ്രേഷ്ഠന്‍ ജനങ്ങള്‍ക്ക് പറഞ്ഞ് കൊടുത്തു. അത് ജീവിതത്തില്‍ പകര്‍ത്തി വിജയം കണ്ട വിശ്വാസികള്‍ അനേകമാണ്.
കണ്ണിയത്തുസ്താദിന്റെ ശിഷ്യനായിരുന്ന തങ്ങള്‍ പിളര്‍പ്പിന് ശേഷവും പ്രിയപ്പെട്ട ഉസ്താദിനെ തേടി വാഴക്കാട്ടെത്തി. പത്ത് വാള്യങ്ങളുള്ള തുഹ്ഫ എന്ന ഗ്രന്ഥം കാണാതെ ദര്‍സ് നടത്താന്‍ കഴിഞ്ഞിരുന്ന ഏക പണ്ഡിതന്‍ കൂടിയായിരുന്നു തങ്ങള്‍. പഠന കാലത്ത് തന്നെ വിജ്ഞാനദാഹിയായ അദ്ദേഹം ഒരു വിഷയത്തില്‍ തന്നെ ദിവസങ്ങളോളം നീളുന്ന ചര്‍ച്ചകള്‍ നടത്തി സംശയം തീര്‍ക്കുകയാണ് ചെയ്തിരുന്നത്. ദീനിന്റെ വിഷയങ്ങള്‍ക്കായിരുന്നു എന്നും തങ്ങള്‍ പ്രാധാന്യം നല്‍കിയിരുന്നത്. മതത്തിന് വിലങ്ങ് തടിയാകുന്ന പ്രവര്‍ത്തനങ്ങളെ മുഖം നോക്കാതെ എതിര്‍ത്ത അദ്ദേഹം മുസ്‌ലിംസമൂഹത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ വ്യക്തി കൂടിയായിരുന്നു. എളിമയാര്‍ന്ന ജീവിതം നയിച്ച തങ്ങള്‍ പുതിയ തലമുറക്ക് വലിയ മാതൃകയാണ് പകര്‍ന്ന് തന്നത്. കേരളത്തിലെ പോലെ കര്‍ണാടകയിലും പള്ളിദര്‍സുകള്‍ വ്യാപിപ്പിക്കുന്നതില്‍ തങ്ങളുടെ പങ്ക് മഹത്തരമാണ്. കര്‍ണാടകയിലെ ഉള്ളാള്‍ സ്വദേശിയായതിനാല്‍ അവിടെയും ഇസ്‌ലാമിന്റെ പ്രഭ പരത്താന്‍ തങ്ങള്‍ക്ക് സാധിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശ്രമഫലമായി നിരവധി പള്ളികളില്‍ വ്യവസ്ഥാപിതമായി ദര്‍സുകള്‍ ഇപ്പോഴും നടക്കുന്നുണ്ട്.
പതിനാറ് വയസ് മുതല്‍ 92 വയസ് വരെയും 11 റകഅത്ത് നിന്ന്‌കൊണ്ട് വിത്ര്‍ നിസ്‌കരിച്ച അദ്ദേഹം ആരാധനാകര്‍മങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. യാത്രകളിലെല്ലാം ഖുര്‍ആന്‍ പാരായണത്തിലും ദിക്‌റുകളിലുമെല്ലാം മുഴുകുകയാണ് ചെയ്തിരുന്നത്. ഒപ്പം പാവപ്പെട്ടവരെ സഹായിക്കുന്നതിലും അദ്ദേഹം മുന്നിട്ടു നിന്നു. കുടുംബത്തിലെ മുഴുവന്‍ അധസ്ഥിതര്‍ക്കും കാരണവരായി സഹായ ഹസ്തവുമായി തങ്ങള്‍ എന്നും മുന്നിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഒരു കുടുംബത്തിന് മാത്രമല്ല, സമൂഹത്തിന്റെ കൂടി നികത്താനാകാത്ത നഷ്ടമായി മാറുകയാണ്.
0 comments:
Post a Comment