കഴിഞ്ഞ ഏഴ് ദശകങ്ങളോളമായി സമുദായത്തിന്റെ ഊണിനും ഉറക്കിനും കാവല്‍ നിന്ന, നമ്മുടെ ആശകളേയും അഭിലാഷങ്ങളേയും നേര്‍വഴിക്ക് നടത്തിയ, വീണുപോകുമെന്ന് തോന്നിയപ്പോഴേക്കും നമ്മുടെ കൈ പിടിച്ചു നടത്തിയ, താങ്ങും തണലുമായി നിന്ന് സ്‌നേഹിച്ചും ശാസിച്ചും നമ്മുടെ മാര്‍ഗം തെളിച്ചു തന്ന, സ്‌നേഹനിധിയായ ഒരു പിതാവിനെ പോലെ നമ്മെ മുന്നില്‍ നിന്ന് നയിച്ച, താജുല്‍ ഉലമയുടെ ശരീരമാണ് കൈയില്‍. ചേതനയറ്റ നിലയില്‍ ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്ന ആ ശരീരം അനക്കമില്ലാതെ കിടക്കുകയാണ്. ആ ശരീരത്തെയെടുത്തു മണ്ണിലേക്ക് വെക്കണം. സര്‍വശക്തനായ അല്ലാഹുവിന്റെ തിരു സവിധത്തിലേക്കു യാത്രയാക്കണം, ആ ശരീരത്തിന് മുകളിലേക്ക് മണ്ണ് വാരിയിടണം. നിത്യമായ ഉറക്കത്തിലേക്ക് പ്രിയപ്പെട്ട തങ്ങളെ അവസാനത്തെ സലാം പറഞ്ഞ് പറഞ്ഞയക്കണം. ഉള്ള് പൊള്ളാതെ ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
പ്രിയപ്പെട്ട പ്രവര്‍ത്തകരേ,
ഏഴിമല എട്ടിക്കുളം തഖ്‌വാ മസ്ജിദിനു സമീപത്തെ നനുത്ത മണ്ണിലേക്ക് നമ്മുടെ നേതാവ് താജുല്‍ ഉലമയുടെ ചേതനയറ്റ ശരീരം എടുത്തുവെക്കുമ്പോള്‍ എന്റെ അകം പൊള്ളുകയായിരുന്നു. കഴിഞ്ഞ ഏഴ് ദശകങ്ങളോളമായി സമുദായത്തിന്റെ ഊണിനും ഉറക്കിനും കാവല്‍ നിന്ന, നമ്മുടെ ആശകളേയും അഭിലാഷങ്ങളേയും നേര്‍വഴിക്ക് നടത്തിയ, വീണുപോകുമെന്ന് തോന്നിയപ്പോഴേക്കും നമ്മുടെ കൈ പിടിച്ചു നടത്തിയ, താങ്ങും തണലുമായി നിന്ന് സ്‌നേഹിച്ചും ശാസിച്ചും നമ്മുടെ മാര്‍ഗം തെളിച്ചു തന്ന, സ്‌നേഹനിധിയായ ഒരു പിതാവിനെ പോലെ നമ്മെ മുന്നില്‍ നിന്ന് നയിച്ച, താജുല്‍ ഉലമയുടെ ശരീരമാണ് കൈയില്‍. ചേതനയറ്റ നിലയില്‍ ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്ന ആ ശരീരം അനക്കമില്ലാതെ കിടക്കുകയാണ്. ആ ശരീരത്തെയെടുത്തു മണ്ണിലേക്ക് വെക്കണം. ആ ശരീരത്തിന് മുകളിലേക്ക് മണ്ണ് വാരിയിടണം. നിത്യമായ ഉറക്കത്തിലേക്ക് പ്രിയപ്പെട്ട തങ്ങളെ അവസാനത്തെ സലാം പറഞ്ഞ് പറഞ്ഞയക്കണം. ഉള്ള് പൊള്ളാതെ ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
തന്റെ നാഥന്റെയടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു തങ്ങള്‍. ഈ തയ്യാറെടുപ്പില്‍ ജീവിച്ച തങ്ങളെ സംബന്ധിച്ചിടത്തോളം മണ്ണ് മാന്തിയെടുത്തുണ്ടാക്കിയ ആ ഖബര്‍ എന്നും ഒരു പ്രലോഭനമായിരുന്നു. ആ വീട്ടിലെത്തിപ്പെടാനുള്ള ആഗ്രഹത്തിലായിരുന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താജുല്‍ ഉലമ. ആ ധൃതിയും ആഗ്രഹവും കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ വെച്ചു തങ്ങള്‍ തന്നെ നമ്മോട് പങ്ക് വെച്ചതുമാണ്. ‘എന്റെ ദീര്‍ഘായുസ്സിന് വേണ്ടി നിങ്ങള്‍ ഇനി ദുആ ചെയ്യേണ്ട, ഇനി എനിക്ക് ഖല്‍ബ് ലങ്കി മരിച്ചാല്‍ മതി. അതിനു വേണ്ടി നിങ്ങളൊക്കെ ദുആ ചെയ്യണം’. ഖല്‍ബ് ലങ്കി മരിക്കണം! എന്തൊരു പറച്ചിലാണത്? ആഗ്രഹിച്ചതു പോലെ ഹൃദയം ലങ്കി തന്നെയാണ് താജുല്‍ ഉലമ നമ്മെയും വിട്ട് യാത്ര പോയതെന്ന് ഉറപ്പ്. ആ മുഖത്തെ വെളിച്ചവും പ്രസരിപ്പും അത്രമാത്രമുണ്ട്. മരണത്തെ മുന്നില്‍ കണ്ടെന്നതു പോലെ സംസാരമെല്ലാം ഒഴിവാക്കി പ്രാര്‍ഥനാനിരതനായി ഇരിക്കുകയായിരുന്നു ഈ കഴിഞ്ഞ കുറേ ദിവസങ്ങളിലായി നമ്മുടെ താജുല്‍ ഉലമ. ഏറ്റവുമൊടുവില്‍ പുറത്തൊരാളോട് സംസാരിച്ചത് അല്‍പ്പം സംസം വെള്ളം കിട്ടാനാണ്. ഈ ഭൂമിയില്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശുദ്ധമായ പാനീയം. ശരീരത്തിന്റെയും ആത്മാവിന്റെയും വിശപ്പിനെ ഒരു പോലെ കെടുത്തിക്കളയാന്‍ അല്ലാഹു സമ്മാനിച്ച ആ തെളിനീരിനു വേണ്ടിയുള്ള ചോദ്യം പോലും വിശ്വാസിക്ക് പ്രാര്‍ഥനയാണ്. അങ്ങനെ തന്റെ സൃഷ്ടാവുമായും സ്രഷ്ടികളില്‍ ഏറ്റവും ഉത്തമരായ, ഉപ്പാപ്പകൂടിയായ മുത്ത്‌നബി(സ)യോടുമുള്ള സംഭാഷണത്തിലായിരുന്നു താജുല്‍ ഉലമ. ആ സംഭാഷണത്തിന്റെ തുടര്‍ച്ച തെന്നയായിരിക്കും ആ മഹാഗുരുവിനെ സംബന്ധിച്ചിടത്തോളം മരണവും. കഴിഞ്ഞ കുറേ ദിവസങ്ങളായി കാത്തിരുന്ന അതിഥിയാണല്ലോ എത്തിയിരിക്കുന്നത് എന്ന് അസ്‌റാഈല്‍ (അ) വന്നു വിളിച്ചപ്പോള്‍ തങ്ങളുടെ ഖല്‍ബ് ലങ്കിയിട്ടുണ്ടാകും.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ താജുല്‍ ഉലമയെ വീട്ടില്‍ പോയി കണ്ടിരുന്നു. പ്രായത്തിന്റെ സ്വാഭാവികമായ ക്ഷീണമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. സന്തോഷവാനായി ഇരിക്കുകയായിരുന്നു തങ്ങള്‍. ഇടക്കിടെ ബുര്‍ദ പാടിപ്പിക്കും. തങ്ങള്‍ എല്ലാം മറന്ന് അതില്‍ ലയിച്ചിരിക്കും. അപ്പോള്‍ തങ്ങളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയാണ്. സന്തോഷം കൊണ്ട് തങ്ങള്‍ പിന്നെ ഊര്‍ജസ്വലനാകും. പ്രവാചകര്‍ (സ) യോടുള്ള അതിരറ്റ സ്‌നേഹമായിരുന്നു തങ്ങളുടെ ഊര്‍ജത്തിന്റെ എക്കാലത്തെയും കരുത്ത്. ആ കരുത്ത് നമ്മളിലേക്ക് പകര്‍ന്നു തന്നാണ് തങ്ങള്‍ യാത്രയായിരിക്കുന്നത്.
താജുല്‍ ഉലമയുടെ മഹത്വവും സ്വാധീനവും എത്രമാത്രം ഉണ്ടെന്നു വിളിച്ചറിയിക്കുന്നതായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴിമലയിലേക്കു ഒഴുകിയ ജനലക്ഷങ്ങള്‍. തിങ്കളാഴ്ച പുലര്‍ച്ചെ പഴയങ്ങാടി ഏഴിമല റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ കണ്ട ആ കാഴ്ചയെ അത്യത്ഭുതകരം എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഉറക്കമൊഴിച്ചു നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പ്രിയപ്പെട്ട താജുല്‍ ഉലമയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആഗ്രഹിച്ചു എത്തിയവരായിരുന്നു റോഡ് നിറയെ. ആ ജനക്കൂട്ടത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഉണ്ടായിരുന്നു. ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രിയപ്പെട്ടതാകാന്‍ ഓരോ കാരണവും ഉണ്ടായിരുന്നു. ആ കാരണങ്ങളെയെല്ലാം തന്നെ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി കണ്ണി ചേര്‍ക്കാനായി എന്നതാണ് നമ്മുടെ താജുല്‍ ഉലമയുടെ പ്രത്യേകത.
താജുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളും നേതൃത്വവും സമസ്തയുടെ ഉന്നമനത്തിന് ഏറെ പ്രചോദനമേകിയിട്ടുണ്ട്. 1956 മുതല്‍ സമസ്തയുടെ അമരത്തിരുന്നു മുസ്‌ലിം സമുദായത്തിനു ദിശാ ബോധം നല്‍കിയ ആ മഹാമനീഷിക്ക് സമുദായത്തിന്റെ ഓരോ അനക്കവും മനസ്സിലാക്കാനും അതിന്റെ അനന്തര ഫലങ്ങളെ കുറിച്ചു കൃത്യമായ അഭിപ്രായങ്ങള്‍ രൂപവത്കരിക്കാനും നിലപാടുകളെടുക്കാനും അസാമാന്യമായ കഴിവുണ്ടായിരുന്നു. കേരളത്തിലെയും ഇപ്പോള്‍ കേരളത്തിനു പുറത്തുമുള്ള മുസ്‌ലിം സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസപരവും മതകീയവും സാമൂഹികവുമായ പുരോഗതിക്ക് നാം കടപ്പെട്ടിരിക്കുന്നത് ആര്‍ജവം നിറഞ്ഞ ആ നിലപാടുകളോടാണ്. ആ നിലപാടുകളാണ് നിര്‍ണായകമായ നേരത്തൊക്കെയും സമുദായത്തെ സംരക്ഷിച്ചു നിര്‍ത്തിയത്. ധൈര്യശാലിയായ ഒരു കാവല്‍ക്കാരനായിരുന്നു താജുല്‍ ഉലമ. എല്ലാ വിധ ശത്രുക്കളില്‍ നിന്നും ഒരേ പോലെ, ഒരേ സമയം താന്‍ കാവല്‍ നില്‍ക്കാന്‍ നിയോഗിക്കപ്പെട്ട സമുദായത്തെ രക്ഷിച്ചു നിര്‍ത്താനുള്ള കഴിവ് തങ്ങള്‍ കടം കൊണ്ടത് പൂര്‍വസൂരികളില്‍ നിന്നും തന്റെ ഗുരുവര്യന്മാരില്‍ നിന്നുമാണ്.
കണ്ണിയത്ത് ഉസ്താദായിരുന്നു തങ്ങളുടെ മാര്‍ഗദര്‍ശി. ഉസ്താദിനോട് ചോദിക്കാതെ, ആ അനുഗ്രഹം വാങ്ങാതെ ഒന്നും ചെയ്യുമായിരുന്നില്ല. സത്യത്തോടല്ലാതെ മറ്റൊന്നിനോടും പ്രതിബദ്ധത ഉണ്ടാകരുതെന്ന പാഠം പഠിച്ചതും ആ ഗുരുവര്യരുടെ പ്രവൃത്തികളില്‍ നിന്നായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ തങ്ങള്‍ വാഴക്കാട്ടേക്ക് പോകും. ചര്‍ച്ച ചെയ്തു സമ്മതം വാങ്ങി വരും. എറണാകുളം സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍ കണ്ണിയത്ത് ഉസ്താദ് സമ്മതിച്ചാല്‍ വരാം എന്നായിരുന്നു തങ്ങള്‍ പറഞ്ഞ മറുപടി. വാഴക്കാട്ടേക്ക് തിരിച്ച തങ്ങള്‍ സമ്മതം മാത്രമല്ല, ആരോഗ്യം അനുവദിക്കുമെങ്കില്‍ എറണാകുളത്തേക്കു താനും വരും എന്ന കണ്ണിയത്തു ഉസ്താദിന്റെ ഉറപ്പും കൂടിയാണ് വാങ്ങി വന്നത്. അതായിരുന്നു നമ്മുടെ താജുല്‍ ഉലമ.
എല്ലാ പഴുതുകളും അടച്ചായിരുന്നു തങ്ങള്‍ ഓരോ യാത്രയും തുടങ്ങിയത്. 1989ല്‍ തുടങ്ങിയ യാത്രയും അങ്ങനെ തന്നെയായിരുന്നു. തീരുമാനം എടുക്കാന്‍ ശങ്കിച്ചു നില്‍ക്കുന്നവരോടൊക്കെ തങ്ങള്‍ക്കു ഒരേയൊരു മറുപടിയേ എന്നും ഉണ്ടായിരുന്നുള്ളൂ; ഞാന്‍ ഒറ്റക്കാണെങ്കിലും ഇതൊക്കെ ഞാന്‍ ചെയ്യും. കാരണം എനിക്ക് കടപ്പാട് സത്യത്തോടാണ്. ആരുണ്ട് കൂടെ, ആരില്ല എന്നതൊന്നും എന്റെ തീരുമാനത്തെ ബാധിക്കാന്‍ പോകുന്നില്ല. നോക്കൂ നിങ്ങള്‍, നമ്മുടെയീ കാലത്ത് ഇത്രയും ധീരമായി ഒരു നിലപാട് പറയാന്‍ ഒരു താജുല്‍ ഉലമക്കല്ലാതെ മറ്റാര്‍ക്ക് കഴിയും? ചുറ്റിലും ശത്രുക്കളായിരുന്നിട്ടും ഒറ്റക്കെങ്കില്‍ ഒറ്റക്ക് എന്ന് പറഞ്ഞ് സാഹസികമായ ഒരു യാത്രക്കിറങ്ങാന്‍ ഉള്ളാള്‍ തങ്ങളല്ലാതെ മറ്റാരുണ്ടാകും? തീരുമാനങ്ങളുടെ അനന്തരഫലങ്ങളെ കുറിച്ചോര്‍ത്ത് ശരിയായ തീരുമാനം എടുക്കുന്നതില്‍ നിന്ന് തങ്ങള്‍ ഒരിക്കലും പിന്മാറിയില്ല. അതല്‍പ്പം കഴിയട്ടെ എന്ന് പോലും ആലോചിച്ചില്ല. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളോ, സമ്പത്തിന്റെ പ്രൗഢിയൊ അധികാരത്തിന്റെ ശീതളിമയോ ആ തീരുമാനങ്ങളെ ഒരിക്കല്‍ പോലും സ്വാധീനിച്ചില്ല. ഖുര്‍ആനും തിരുസൂക്തങ്ങളുമായിരുന്നു തങ്ങളുടെ ആധാര രേഖ, അതായിരുന്നു തങ്ങളുടെ തീരുമാനങ്ങളെ നിശ്ചയിച്ച മിനിട്‌സ്.
ആ പ്രതിബദ്ധത കൈവിടാതെ മുറുകെ പിടികാന്‍ നമ്മെ ഓരോരുത്തരെയും ഉത്തരവദപ്പെടുത്തിയാണ് എട്ടിക്കുളത്തെ മണ്ണിലേക്ക് താജുല്‍ ഉലമ മടങ്ങിയത്. താജുല്‍ ഉലമ നമ്മളില്‍ അര്‍പ്പിച്ച വിശ്വാസത്തെ കെട്ടുപോകാതെ സൂക്ഷിക്കണം. ആ മഹാനുഭാവന്‍ നമുക്ക് വേണ്ടി എടുത്ത ധീരമായ ഓരോ നിലപാടിനെയും നാം ഹൃദയത്തോട് ചേര്‍ത്തുവെക്കണം. ഈ ലോകത്തും പരലോകത്തും നമ്മുടെയും ഖല്‍ബ് ലങ്കി നില്‍ക്കാന്‍ നാം അത് ചെയ്‌തേ മതിയാകൂ. വിളക്കുമാടമേ കെട്ട് പോയിട്ടുള്ളൂ. വെളിച്ചം ഇപ്പോഴും ഉണ്ട്.
സ്‌നേഹത്തോടെ,
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍
0 comments:
Post a Comment