Sunday, February 2, 2014

സമുദായത്തിനു മാര്‍ഗദര്‍ശിയായ മഹാഗുരു

ആധുനിക കേരളത്തിലെ തലമുതിര്‍ന്ന മുസ്ലിം പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നതനായ നേതാവുമാണ്‌ ഇന്നലെ വിടപറഞ്ഞ ഉള്ളാള്‍ സയ്യിദ്‌ അബ്ദുറഹിമാന്‍ കുഞ്ഞിക്കോയ തങ്ങള്‍. നിര്‍ണായകമായ ചരിത്രസന്ധികളില്‍ കേരളത്തിലെ മുസ്ലിംകള്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കിയ മഹാഗുരുവിന്റെ സാന്നിധ്യമാണ്‌ തങ്ങളുടെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്‌. ഓരോ ജനതയ്ക്കും അവരര്‍ഹിക്കുന്ന നേതാവിനെയായിരിക്കും കിട്ടുക എന്നാണല്ലോ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) പറഞ്ഞത്‌.

ഉള്ളാള്‍ തങ്ങളില്ലായിരുന്നുവെങ്കില്‍ ആധുനിക കേരളത്തിലെ മുസ്ലിംകളുടെ ചരിത്രം മറ്റൊന്നാവുമായിരുന്നു എന്നതിന്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സംഭവബഹുലമായ ഇടപെടലുകളും തന്നെ സാക്ഷി. എണ്ണൂറ്‌ വര്‍ഷം മുന്‍പു യമനിലെ ഹളര്‍മൌത്‌ എന്ന സ്ഥലത്തു നിന്ന്‌ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലബാര്‍ തീരത്തെത്തിയ സയ്യിദ്‌ അഹ്മദ്‌ ജലാലുദ്ദീന്‍ ബുഖാരിയുടെ കുടുംബത്തിലാണ്‌ ഉള്ളാള്‍ തങ്ങളുടെയും ജനനം.

ഒന്‍പതാം നൂറ്റാണ്ടു മുതല്‍ മലബാര്‍ തീരത്തെ മുസ്ലിംകളുടെ ദൈനംദിന ജീവിതം ചിട്ടപ്പെടുത്തുന്നതിലും അവരെ ഒരു സമുദായമെന്ന നിലയ്ക്ക്‌ വളര്‍ത്തി വലുതാക്കുന്നതിലും ബുഖാരി സാദാത്തുക്കള്‍ വഹിച്ച പങ്ക്‌ ചരിത്രത്തിന്റെ ഭാഗമാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ബുഖാരി സാദാത്തുക്കളുടെ ചരിത്ര നിയോഗത്തിന്റെ ഭാഗധേയം ഏറ്റെടുത്തു നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിച്ചത്‌ ഉള്ളാള്‍ തങ്ങള്‍ക്കായിരുന്നു. നേതൃഗുണം കൊണ്ട ്‌ പണ്ടു മുതലേ അനുഗ്രഹീതമായിരുന്നു തങ്ങളുടെ കുടുംബം.

അമ്മാവനായിരുന്ന ചങ്ങനാശേരിയിലെ ബിച്ചാന്‍ കുട്ടി ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നേതൃപരമായ പങ്കു വഹിക്കുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. സയ്യിദന്‍മാര്‍ക്ക്‌ മുസ്ലിംകള്‍ക്കിടയിലുള്ള മതപരമായ സ്വാധീനത്തെ ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തില്‍ മുസ്ലിം പക്ഷത്തെ സംഘടിപ്പിക്കുന്നതില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന കാലം കൂടിയായിരുന്നു അത്‌. 1956ലാണ്‌ തങ്ങള്‍ സമസ്തയില്‍ അംഗമാവുന്നത്‌. സമസ്തയ്ക്കു കീഴില്‍ വിദ്യാഭ്യാസ ബോര്‍ഡ്‌ രൂപവല്‍ക്കരിക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചപ്പോള്‍ അതിന്റെ ചുമതല ഏല്‍പ്പിച്ചത്‌ തങ്ങളെ ആയിരുന്നു.

കേരളത്തിലെ മുസ്ലിംകളുടെ മത-ഭൌതിക- വിദ്യാഭ്യാസ രംഗത്ത്‌ ഇന്നു കാണുന്ന അഭിമാനാര്‍ഹമായ നേട്ടത്തിന്‌ പിന്നില്‍ ദശാബ്ദങ്ങള്‍ക്കു മുന്‍പ്‌ ഉള്ളാള്‍ തങ്ങളും സംഘവും നടത്തിയ ചടുലമായ പ്രവര്‍ത്തനങ്ങളും നയനിലപാടുകളും കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്‌. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിനു വ്യവസ്ഥാപിതമായ രൂപം കൊണ്ടുവരുന്നതിലും മദ്രസകളുടെ പ്രവര്‍ത്തനങ്ങളെ ആധുനികവല്‍ക്കരിക്കുന്നതിലും തങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന മൌലികമായ മാറ്റങ്ങളാണ്‌, പലരും സൂചിപ്പിക്കാറുള്ളതു പോലെ, മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളത്തില്‍ മുസ്ലിംകള്‍ക്ക്‌ അഭിമാനിക്കാവുന്ന സാമൂഹിക പദവി നേടിത്തന്നത്‌.

തങ്ങളുമായി എന്റെ സൌഹൃദം ആരംഭിക്കുന്നത്‌ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലാണ്‌. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ തങ്ങള്‍ വൈസ്‌ പ്രസിഡന്റ്‌ ആയിരിക്കുന്ന കാലത്താണ്‌ ഞാന്‍ ജോയിന്റ്‌ സെക്രട്ടറിയായത്‌. സമസ്തയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിച്ചത്‌ ഉള്ളാല്‍ തങ്ങള്‍ നേതൃത്വത്തില്‍ വന്നതോടെയാണ്‌. വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനവും ദേശീയ തലത്തിലേക്ക്‌ വ്യാപിപ്പിച്ചു.

നൂറുവയസിനടുത്തോളമെത്തിയ ജീവിതത്തിനൊടുവില്‍ തങ്ങള്‍ യാത്രയാകുമ്പോള്‍ കേരളീയ മുസ്ലിംകള്‍ക്ക്‌ നഷ്ടമാകുന്നത്‌ ധിഷണശാലിയായ പണ്ഡിതനെയും നേതാവിനെയും സംഘാടകനെയുമാണ്‌. എനിക്കാകട്ടെ, പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങും തണലുമായി നിന്ന മഹാഗുരുവിനെയും.

0 comments:

Post a Comment