കണ്ണൂര്‍: ആറു പതിറ്റാണ്ടുകാലമായി മംഗലാപുരത്തിനടുത്ത ചെറുപട്ടണമായ ഉള്ളാളിന് ആത്മീയ നേതൃത്വം നല്‍കിയിരുന്ന പണ്ഡിത മനീഷി കൂടിയാണ് ഇന്നലെ നിര്യാതനായ സയ്യിദ് അബ്ദുര്‍റഹ്മാ ന്‍ അല്‍ ബുഖാരി. തങ്ങള്‍ പ്രശസ്തനായതും ഉള്ളാള്‍ തങ്ങളെന്ന പേരില്‍ തന്നെ. അനുയായികളും ശിഷ്യന്‍മാരും ഏറെയുള്ള താജുല്‍ ഉലമ (പണ്ഡിതകിരീടം) എന്ന് വിശേഷണവും അദ്ദേഹത്തിനുണ്ട്. പാരമ്പര്യത്തിന്റെ പ്രൌഢിയും പാണ്ഡിത്യത്തിന്റെ തലയെടുപ്പുമുള്ള അപൂര്‍വ വ്യക്തിത്വം കൂടിയാണു ഉള്ളാള്‍ തങ്ങള്‍.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ സന്താന പരമ്പരയില്‍പ്പെട്ട തങ്ങളുടെ മുന്‍ഗാമികള്‍ എണ്ണൂറിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് യമനിലെ ഹളര്‍ മൌത്തില്‍നിന്ന് കേരളത്തിലെത്തിയ സയ്യിദ് അഹമ്മദ് ജമാലുദ്ദീന്‍ ബുഖാരി ആണ്. അദ്ദേഹത്തിന്റെ പിന്‍മുറക്കാരാണു കേരളത്തിലെ ബുഖാരി ഖബീല. കണ്ണൂരിലെ വളപട്ടണത്ത് താമസമാക്കിയ അദ്ദേഹം മതപ്രചാരണ രംഗത്ത് സജീവമായി. ഇദ്ദേഹത്തിനെ പിന്‍മുറക്കാരാണ് കേരളത്തിലെ സയ്യിദ് കുടുംബങ്ങളിലെ ബുഖാരി വംശം. അഹമ്മദാബാദിലെ പ്രശസ്തരായ ഖുത്ത്ബെ ആലം ബുഖാരി, ഷാഹി ആലം ബുഖാരി തുടങ്ങിയവരൊക്കെ ഈ പരമ്പരയില്‍പ്പെട്ടവരാണ്.
ചെറുപ്പം മുതലേ അസാമാന്യ ബുദ്ധിശക്തിയും ഓര്‍മശക്തിയും പ്രകടിപ്പിച്ചിരുന്ന തങ്ങള്‍ പഠനത്തിലും മികവ് പുലര്‍ത്തിയിരുന്നു. കരുവന്‍തുരുത്തിയിലെ പുത്തന്‍വീട്ടില്‍ മുഹമ്മദ് മുസല്യാരില്‍ നിന്നായിരുന്നു ഖുര്‍ആന്‍പഠനം അഭ്യസിച്ചത്. പിന്നീട് മതഗ്രന്ഥങ്ങളുടെ പഠനവും അദ്ദേഹത്തില്‍നിന്നു തന്നെ ആരംഭിച്ചു. തളിപ്പറമ്പില്‍നിന്നാണ് ബിരുദപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തിലേക്കു പോയത്. ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവരുടെ ശിക്ഷണത്തില്‍ രണ്ടുവര്‍ഷം അവിടെ പഠിച്ചു. പിന്നീട് ബിരുദം കരസ്ഥമാക്കിയത് ഒന്നാം റാങ്കോടെ. തിരിച്ചെത്തിയ ഉടന്‍ തന്റെ ഗുരുനാഥനായ അവറാന്‍ മുസ്ല്യാരുടെ നിര്‍ദേശപ്രകാരം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ പ്രിന്‍സിപ്പലായി.
ഹിജ്‌റ 1371ല്‍ ആരംഭിച്ച ആ സേവനം ആറു പതിറ്റാണ്ടായി തുടര്‍ന്നുവരികയായിരുന്നു. 1956ലാണ് സംഘടനാ രംഗത്തേക്കു വരുന്നത്. ആ വര്‍ഷം സപ്തംബര്‍ 20നു ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ഉള്ളാള്‍ തങ്ങളെ മുശാവറാ അംഗമായി തിരഞ്ഞെടുത്തു. 1965 ആഗസ്തില്‍ കണ്ണിയത്ത് അഹമ്മദ് മുസ്ല്യാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മുശാവറ തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയില്‍ തങ്ങളും ഉള്‍പ്പെട്ടിരുന്നു. 1989ല്‍ സമസ്ത പിളര്‍ന്നപ്പോള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ സമസ്തയുടെ പ്രസിഡന്റ് പദവിയിലെത്തി.
ഖാസി സ്ഥാനത്ത് 60 വര്‍ഷം തികച്ച തങ്ങളെ 2009 ഒക്ടോബറില്‍ ഉള്ളാള്‍ ദര്‍ഗാ കമ്മിറ്റി നല്‍കിയ ആദരവ് നൂറുകണക്കിനു പണ്ഡിതന്‍മാരുടെയും വിവിധ തുറകളിലെ ഉമറാക്കളുടെയും സാന്നിധ്യം കൊണ്ട് പ്രൌഢമായിരുന്നു. കര്‍മധന്യമായ 90ാം വയസ്സിലേക്ക് കടന്ന അദ്ദേഹത്തെ എം എ അബ്ദുര്‍ ഖാദര്‍ മുസ്ല്യാരും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരും ചേര്‍ന്നാണ് ആദരവിന്റെ വസ്ത്രം അണിയിച്ചത്. മക്കയിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ സയ്യിദ് അബ്ബാസ് അലവി മാലികി സന്ദേശം കൈമാറുകയും ഫസല്‍ ജിഫ്‌രി തങ്ങള്‍ അനുമോദന പത്രം സമര്‍പ്പിക്കുകയും ചെയ്തു.
Sunday, February 2, 2014
ഉള്ളാളിന് ആത്മീയനേതൃത്വം നല്‍കിയ മനീഷി
5:16 AM
Unknown
No comments
0 comments:
Post a Comment