കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍
കോഴിക്കോട്: തിരുനബി കുടുംബത്തിലെ സമുന്നതനായ നേതാവും കര്‍മനിരതനായ പണ്ഡിതവര്യരുമായിരുന്നു താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹിമാന്‍ അല്‍ ബുഖാരിയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന ആയിരക്കണക്കിന് ശിഷ്യസമ്പത്തുള്ള പണ്ഡിത കാരണവരായിരുന്ന അദ്ദേഹത്തിന്റെ വിയോഗം മുഴുവന്‍ ജനങ്ങള്‍ക്കും തീരാനഷ്ടമാണ്. തങ്ങളുടെ കുടുംബത്തെയും പ്രസ്ഥാന ബന്ധുക്കളെയും മുഹിബ്ബീങ്ങളെയും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടങ്ങളുടെയും അനുശോചനമറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പുരുഷായുസ്സ് ദീനിനും സുന്നത്ത് ജമാഅത്തിനും നേതൃത്വം നല്‍കിയ ഉള്ളാള്‍ തങ്ങള്‍ പ്രസ്ഥാന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്നും ആവേശമായിരുന്നു. ആദര്‍ശ പ്രതിബദ്ധതയും ഇച്ഛാശക്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള പണ്ഡിത ശ്രേഷ്ടനായിരുന്നു അദ്ദേഹം.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സയ്യിദ് വൈലത്തൂര്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മലേഷ്യ, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍ഹിമാന്‍ സഖാഫി എന്നിവരും അനുശോചിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമാദരണീയനായ നേതാവ് സയ്യിദ് അബ്ദുര്‍റഹിമാന്‍ അല്‍ബുഖാരിയുടെ ദേഹ വിയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. കേരളത്തില്‍ മത വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമര്‍പ്പിച്ച പണ്ഡിത വര്യരായിരുന്നു അദ്ദേഹമെന്ന് ഉമ്മന്‍ചാണ്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റും ആത്മീയ നേതാവുമായ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹിമാന്‍ അല്‍ ബുഖാരി തങ്ങളുടെ നിര്യാണത്തില്‍ കെ പി സി സി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല അനുശോചിച്ചു. ആത്മീയ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ നിസ്തുലമായ സേവനം കാഴ്ച വെച്ചിട്ടുള്ള വ്യക്തിയാണ് തങ്ങളെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മഞ്ഞളാംകുഴി അലി
തിരുവനന്തപുരം: സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ നിര്യാണത്തോടെ മഹാനായ പണ്ഡിത ശ്രേഷ്ഠനെയാണ് മുസ്‌ലിം കൈരളിക്ക് നഷ്ടമായതെന്ന് നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി അനുശോചിച്ചു.
എസ് എസ് എഫ്
കോഴിക്കോട്: ആധുനിക മുസ്‌ലിം കേരളത്തിന് ആദര്‍ശപരമായ ദിശ നിര്‍ണയിച്ച പണ്ഡിത ശ്രേഷ്ഠരെയാണ് ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹിമാന്‍ അല്‍ബുഖാരി തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശ പക്ഷപാതിത്വം പുലര്‍ത്തിക്കൊണ്ടുതന്നെ ഏറ്റവും സുശക്തമായ മുസ്‌ലിം സംഘടനാ സംവിധാനം കേരളത്തില്‍ രൂപപ്പെടുത്താനും കരുത്തുറ്റ നേതൃത്വം നല്‍കാനും തങ്ങള്‍ക്ക് സാധിച്ചു. ഇസ്‌ലാമിക ദഅ്‌വാ രംഗത്ത് പുതിയ കുതിപ്പുകള്‍ക്ക് ആവേശം പകരാനും മുന്നേറ്റങ്ങള്‍ക്ക് നായകനാവാനും തങ്ങള്‍ക്ക് സാധ്യമായി. പരമ്പരാഗതമായ ദര്‍സ് സംവിധാനത്തെ പരിപോഷിപ്പിക്കുന്നതില്‍ അനല്‍പ്പമായ പങ്കു വഹിച്ച ഉള്ളാള്‍ തങ്ങള്‍ പുതിയ കാലത്തോട് സംവദിക്കാന്‍ പ്രാപ്തരായ അനേകം പണ്ഡിതന്‍മാരെയും സമൂഹത്തിന് സംഭാവന ചെയ്തു. നിര്‍ണായക ഘട്ടങ്ങളില്‍ ആര്‍ജവമുള്ള നിലപാടുകള്‍ സ്വീകരിക്കുക വഴി കേരളീയ മുസ്‌ലിം സമൂഹത്തിന് പൊതുവെയും സുന്നി പ്രസ്ഥാനത്തിന് വിശേഷിച്ചും അന്തസ്സുള്ള അസ്ഥിത്വമുണ്ടാക്കിക്കൊടുക്കുന്നതില്‍ തങ്ങള്‍ നല്‍കിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും.
ആര്‍ എസ് സി
റിയാദ്: താജുല്‍ ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ നിര്യാണത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി നാഷനല്‍ കമ്മിറ്റി അഗാധ ദു:ഖം രേഖപ്പെടുത്തി. പ്രമുഖ സൂഫിവര്യനും പണ്ഡിത തറവാട്ടിലെ കാരണവരുമായ താജുല്‍ ഉലമയുടെ വിയോഗം മുസ്‌ലിം ലോകത്തിന് വന്‍ നഷ്ടമാണെന്ന് ആര്‍ എസ് സി സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു.സന്നിഗ്ധ ഘട്ടങ്ങളില്‍ ഉള്ളാള്‍ തങ്ങളുടെ നേതൃത്വവും പ്രാര്‍ഥനയും പ്രസ്ഥാനത്തിന് കരുത്ത് നല്‍കിയിട്ടുണ്ട്. ഉള്ളാള്‍ തങ്ങളുടെ പേരില്‍ പ്രത്യേക പ്രാര്‍ഥന നടത്താന്‍ ആര്‍എസ്‌സി സഊദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മഹ്മൂദ് സഖാഫി മാവൂര്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ റഹീം കോട്ടക്കല്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
ഐ എന്‍ എല്‍
കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ നിര്യാണത്തില്‍ ഐ എന്‍ എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍, സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയ വളപ്പില്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് അനുശോചിച്ചു. അത്മീയ കേരളത്തിന്റെ പ്രകാശ ഗോപുരവും ആദര്‍ശ വിശുദ്ധിയുടെ ദീപസ്തംഭവുമായിരുന്നു ഉള്ളാള്‍ തങ്ങളെന്ന് അവര്‍ പറഞ്ഞു. വിനയവും പക്വതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മുസ്‌ലിം സമുദായത്തിന് മാത്രമല്ല, കേരളീയ പൊതു സമൂഹത്തിന് തന്നെ തങ്ങളുടെ വിയോഗം തീരാ നഷ്ടമാണെന്ന് അവര്‍ പറഞ്ഞു.
ആള്‍ ഖബീല സാദാത്ത് അസോസിയേഷന്‍
കോഴിക്കോട്: കേരളീയ മുസ്‌ലിംകളുടെ വിശിഷ്യാ സയ്യിദ് സമൂഹത്തിന്റെ അമരക്കാരനും പണ്ഡിത സൂരിയുമായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഉള്ളാള്‍ തങ്ങളുടെ വഫാത്തില്‍ ആള്‍ ഖബീല സാദാത്ത് അസോസിയേഷന്‍ അനുശോചിച്ചു. തങ്ങളുടെ വിയോഗത്തിലൂടെ കേരളീയ തങ്ങന്മാരുടെ കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്ന് അഖ്‌സ സംസ്ഥാന പ്രസിഡന്റ് തിരൂര്‍ക്കാട് സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ലുഖ്മാനുല്‍ ഹഖീം ഐദറൂസി ഇളനീര്‍ക്കരയും സ്മരിച്ചു.
പി ഡി പി
കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ നിര്യാണത്തില്‍ പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി അനുശോചിച്ചു.
പണ്ഡിത ലോകത്തെ ഉജ്ജ്വല പ്രതിഭാസമായിരുന്ന തങ്ങള്‍ നിലപാടുകളുള്ള മുസ്‌ലിം കേരളത്തിന്റെ നേതാവു കൂടിയായിരുന്നുവെന്നും മുസ്‌ലിം സമുദായത്തിന് മാത്രമല്ല, കേരളീയ പൊതു സമൂഹത്തിന് തന്നെ തങ്ങളുടെ വിയോഗം തീരാ നഷ്ടമാണെന്നും അദ്ദേഹം അനുശോചിച്ചു.
0 comments:
Post a Comment