Saturday, February 1, 2014

കണ്ണിയത്തിന്റെ ശിഷ്യന്‍ പണ്ഡിതവര്യര്‍ക്ക് ആദരണീയന്‍

മുസ്‌ലിം കേരളത്തിന് വൈജ്ഞാനികവും ആത്മീയവുമായ നേതൃത്വം നല്‍കിയ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് പി എം എസ് എ പൂക്കോയതങ്ങള്‍ തുടങ്ങിയ മഹാരഥന്മാരെല്ലാം ഉള്ളാള്‍ തങ്ങളോട് ആദരവോടെയും സ്‌നേഹത്തോടെയുമായിരുന്നു പെരുമാറിയത്. കണ്ണിയത്തിന്റെ ശിഷ്യനാണ് ഉള്ളാള്‍ തങ്ങളെങ്കിലും അതില്‍കവിഞ്ഞ ആത്മബന്ധമായിരുന്നു ഇരുവര്‍ക്കുമിടിയില്‍. കണ്ണിയത്ത് സമസ്ത പ്രസിഡണ്ടായിരിക്കെ മുശാവറ യോഗങ്ങളില്‍ പലപ്പോഴും തങ്ങളെയായിരുന്നു അദ്ദേഹം അധ്യക്ഷനാക്കിയിരുന്നത്.

സമസ്തയിലെ ഭിന്നതയെ തുടര്‍ന്ന്, ചേളാരി വിഭാഗം സമസ്തക്കാര്‍ കണ്ണിയത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഉള്ളാള്‍ തങ്ങളെയും കാന്തപുരത്തെയും സഹപ്രവര്‍ത്തകരെയും സമസ്തയില്‍ നിന്ന് പുറത്താക്കിയതായി ലീഗ് മുഖപത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ആയിടെ ഉള്ളാള്‍ തങ്ങളും ചിത്താരി ഹംസമുസ്‌ലിയാരും കണ്ണിയത്തിനെ സന്ദര്‍ശിച്ചു. എസ് വൈ എസിന്റെ എറണാകുളം സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കണ്ണിയത്തിന്റെ സമ്മതം വാങ്ങുകയായിരുന്നു ഉദ്ദേശ്യം. തങ്ങള്‍ കണ്ണിയത്തിന്റെ വീട്ടുമുറ്റത്തെത്തിയപ്പോള്‍ മകന്‍ കുഞ്ഞുമോന്‍ തങ്ങളെ തടയാന്‍ ശ്രമിക്കുകയും ‘ബാപ്പക്കെതിരില്‍ കേസ് കൊടുത്തത് തങ്ങളല്ലേ’യെന്ന് ആക്ഷേപസ്വരത്തില്‍ ചോദിക്കുകയും ചെയ്തു. ശബ്ദം കേട്ട കണ്ണിയത്ത് ആരാ മോനേ വന്നതെന്നന്വേഷിച്ചപ്പോള്‍ ബാപ്പക്കെതിരില്‍ കേസ് കൊടുത്ത തങ്ങളാണെന്നായിരുന്നു മകന്റെ മറുപടി. ‘ഇത് നമ്മുടെ തങ്ങളല്ലേ, അദ്ദേഹം നമുക്കെതിരെ കേസ് കൊടുക്കുമോ? നീ അല്ലാഹു പൊറുക്കാത്ത കാര്യം പറയരുത്’ മകനെ കണ്ണിയത്ത് ഉപദേശിച്ചു. തുടര്‍ന്ന കുശലാന്വേഷണങ്ങള്‍ക്ക് ശേഷം തങ്ങള്‍ കണ്ണിയത്തിനോട് ചോദിച്ചു. ‘എന്നെ സമസ്തയില്‍ നിന്ന് പുറത്താക്കിയെന്ന് കേട്ടല്ലോ’. കണ്ണിയത്ത് അത്ഭുതത്തോടെ പ്രതിവചിച്ചു: ‘തങ്ങളെ സമസ്തയില്‍ നിന്ന് പുറത്താക്കുകയോ? ആരാണ് പുറത്താക്കിയത്? അങ്ങനെയെങ്കില്‍ ഞാനും പുറത്താണ്. തങ്ങളോടൊപ്പം ഞാനുമുണ്ട്. തങ്ങളെ പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ല’. ചേളാരി വിഭാഗം അനധികൃത യോഗം ചേര്‍ന്ന് ഉള്ളാള്‍ തങ്ങളെയും സഹകാരികളെയും പുറത്താക്കിയത് കണ്ണിയത്ത് അറിയാതെയായിരുന്നുവെന്നും അദ്ദേഹം അറിഞ്ഞിരുന്നുവെങ്കില്‍ അങ്ങനെയൊരു നാടകം കളിക്കാന്‍ അവരെ അനുവദിക്കുമായിരുന്നില്ലെന്നും ഇതോടെ വ്യക്തമായി.

സമസ്ത ചേളാരി വിഭാഗവും മുസ്‌ലിംലീഗും വിലക്കേര്‍പ്പെടുത്തിയ എറണാകുളം സുന്നി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഉള്ളാള്‍ തങ്ങള്‍ക്കും ചിത്താരിക്കും മൗലാനാ കണ്ണിയത്ത് സമ്മതം നല്‍കുക മാത്രമല്ല, എനിക്ക് സുഖമുണ്ടെങ്കില്‍ സമ്മേളനത്തില്‍ ഞാനും പങ്കെടുക്കുമെന്ന് അദ്ദേഹമന്ന് പറയുകയുമുണ്ടായി. കണ്ണിയത്തിനെ പോലുള്ള മഹാന്മാരുടെ ആശീര്‍വാദം കൊണ്ട് പ്രസ്തുത സമ്മേളനം ഒരു ചരിത്രസംഭവമായി മാറുകയും ചെയ്തു.

0 comments:

Post a Comment