കാസര്‍കോട്: ആദര്‍ശനിഷ്ഠയും നിലപാടുകളിലെ കണിശതയും അഗാധപാണ്ഡിത്യവും മേളിച്ച അത്യപൂര്‍വ പണ്ഡിതകേസരിയായിരുന്നു ശനിയാഴ്ച വിടചൊല്ലിയ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി. അധികാരത്തിന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവരോടുപോലും ആദര്‍ശക്കാര്യത്തില്‍ കലഹിച്ച ധീരശബ്ദമായിരുന്നു തങ്ങളുടേത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നയനിലപാടുകള്‍ സമൂഹത്തിലെത്തിക്കുന്നതിന് നാടുനീളെ ഉത്‌ബോധനങ്ങളും ഉണര്‍ത്തലുമായി കടന്നുചെന്ന തങ്ങള്‍ മതവിജ്ഞാന രംഗത്ത് ഒരു സാഗരം തന്നെയായിരുന്നു. വളരെ ചെറിയ പ്രായത്തില്‍തന്നെ ഉന്നത മതഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കിയ തങ്ങള്‍ ഉന്നതശീര്‍ഷരായ പല പണ്ഡിതരില്‍നിന്നും വിജ്ഞാനമര്‍പ്പിച്ചിട്ടുണ്ട്. നീണ്ട ഇരുപത് വര്‍ഷത്തെ വിജ്ഞാന തപസ്യക്കുശേഷം വെല്ലൂര്‍ ബാഖ്വിയാത്തില്‍ പഠിക്കുകയും അല്‍പകാലം പഠിപ്പിക്കുകയും ചെയ്തശേഷം തന്നെ കര്‍മഭൂമിയായി ഉള്ളാള്‍ ദര്‍ഗാ പരിസരം തിരഞ്ഞെടുക്കുകയായിരുന്നു. അറുപത് വര്‍ഷം ഒരു സ്ഥലത്തുതന്നെ സേവനം ചെയ്യാനുള്ള അത്യപൂര്‍വ അവസരമാണ് തങ്ങള്‍ക്കുണ്ടായത്.കോഴിക്കോട് കരുവന്‍തുരുത്തിയില്‍ ജനിച്ച സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി അതോടെ ഉള്ളാള്‍ തങ്ങളെന്ന വിശ്രുത നാമത്തില്‍ പ്രസിദ്ധനായി.
അമ്പത് വര്‍ഷത്തെ ഉള്ളാളിലെ സേവനം മുന്‍നിര്‍ത്തി പണ്ഡിതലോകം അദ്ദേഹത്തെ ആദരിക്കുകയും പണ്ഡിതകിരീടം എന്നര്‍ഥം വരുന്ന താജുല്‍ ഉലമ എന്ന സ്ഥാനപ്പേര് നല്‍കുകയും ചെയ്തു. അന്നുമുതല്‍ താജുല്‍ ഉലമ എന്ന പേരിലാണ് തങ്ങള്‍ നാട്ടിലും വിദേശത്തും അറിയപ്പെട്ടത്.
ആയിരക്കണത്തിനു ശിഷ്യന്മാര്‍, അവരില്‍തന്നെ ഉന്നത ശീര്‍ഷരായ പണ്ഡിതര്‍. അവരുടെ ശിഷ്യന്മാര്‍... അങ്ങനെ മൂന്ന് നാലു തലമുറ പണ്ഡിതര്‍ തന്നെ തങ്ങളുടെ ശിഷ്യന്മാരായുണ്ട്.
ഇസ്‌ലാമിലെ ആധ്യാത്മിക സരണിയായ ത്വരീഖത്തുകളുടെ ശൈഖ് കൂടിയായ തങ്ങള്‍ നിരവധി മശാഇഖുമാരില്‍നിന്ന് ഇജാസത്ത് സ്വീകരിച്ചിട്ടുണ്ട്.
കേരളം മുഴുക്കെയും അന്യസംസ്ഥാനങ്ങളിലും നിരവധി വിദേശ രാഷ്ട്രങ്ങളിലും മതപ്രചാരണവും ആത്മീയ പ്രഭാഷണങ്ങളുമായി തങ്ങള്‍ കടന്നുചെന്നിട്ടുണ്ട്.
അമ്പതുകളില്‍ സമസ്തയിലേക്ക് കടന്നുവന്ന തങ്ങള്‍ 75 മുതല്‍ സമസ്തയുടെ ഉപാധ്യക്ഷ പദവി അലങ്കരിച്ചു. 1989 മുതല്‍ ഇതുവരെ 25 വര്‍ഷം സമസ്തയുടെ അനിഷേധ്യ അധ്യക്ഷനായി തുടര്‍ന്നു.
0 comments:
Post a Comment