Saturday, February 1, 2014

അവിടുത്തെ പ്രാര്‍ഥന പോലെ

താജുല്‍ ഉലമയെന്നാല്‍ പണ്ഡിതരുടെ കിരീടമെന്നര്‍ഥം. അറിവിന്റെ വലിപ്പവും വിനയവും ഒരുമിച്ച മഹാനെയാണ് താജുല്‍ ഉലമയുടെ വിയോഗത്തോടെ മറഞ്ഞു പോയത്. ഒന്‍പത് പതിറ്റാണ്ട് നീണ്ട ജീവിത യാത്രയില്‍ ജീവിതാവസാനം വരെ പൊതു പ്രവര്‍ത്തന രംഗത്ത് ചെറുപ്പക്കാരെപ്പോലെ സജീവമായി. അവിടുത്തെ പ്രാര്‍ഥന പോലെത്തന്നെ, വിജ്ഞാനവുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്ന് ഒരിക്കലും മാറി നിന്നില്ല. അറിവന്റെ പ്രചാരണത്തിലും സേവനത്തിലും അവസാനം വരെ നിലനിര്‍ത്തണേയെന്നതായിരന്നു എപ്പോഴത്തേയും പ്രാര്‍ഥന.
ആയിരക്കണക്കിന് വരുന്ന ശിഷ്യന്മാരുടെ ഗുരുവര്യരായിരുന്ന താജുല്‍ ഉലമക്ക് കര്‍മശാസ്ത്രത്തില്‍ 10 വാള്യങ്ങളുള്ള തുഹ്ഫത്തുല്‍ മുഹ്താജ് പോലെയുള്ള ബൃഹത്തായ ഗ്രന്ഥങ്ങള്‍ മനഃപാഠമായിരുന്നു. ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കു പകരുന്നതായിരുന്നു ആ ക്ലാസുകള്‍.
സമസ്തയുടെ അധ്യക്ഷനെന്ന നിലയില്‍ സമൂഹത്തെ വിവേകത്തോടെയും ധിഷണയോടെയും മുന്നോട്ടു നയിക്കാന്‍ താജുല്‍ ഉലമക്കു കഴിഞ്ഞു. സംഭവബഹുലമായ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ അവിടുത്തെ നേതൃ പാടവത്തിന്റെയും ആശീര്‍വാദത്തിന്റെയും ഫലമാണ് രാജ്യത്തൊന്നാകെയും വിദേശ രാജ്യങ്ങളിലും പരന്നു കിടക്കുന്ന സുന്നീ പ്രസ്ഥാനിക പ്രവര്‍ത്തനങ്ങള്‍.
ആത്മീയ മേഖലയില്‍ ലക്ഷക്കണക്കിനു വരുന്ന ആളുകളുടെ ഗുരുവര്യരായിരുന്നു അവിടുന്ന്. ലോക പ്രശസ്ത പണ്ഡിതനായ സയ്യിദ് ഹബീബ് അലി ജിഫ്‌രി രണ്ട് മാസം മുമ്പ് യമനില്‍ വെച്ചു കണ്ടപ്പോള്‍ എന്നോട് താജുല്‍ ഉലമയെപ്പറ്റി പറഞ്ഞത് ആത്മീയ വെളിച്ചം മുഖത്തും മനസ്സിലും പ്രകാശിക്കുന്ന ഗുരുവര്യരെന്നാണ്.

0 comments:

Post a Comment