Saturday, February 1, 2014

പണ്ഡിതലോകത്തെ അഹ്‌ലുബൈത്ത്‌ സാന്നിധ്യം

പാരമ്പര്യത്തിന്റെ പ്രൌഢി യും പാണ്ഡിത്യത്തിന്റെ തലയെടുപ്പുമുള്ള നായ കനാണ്‌ സയ്യിദ്‌ അബ്ദു റഹിമാന്‍ കുഞ്ഞിക്കോയ തങ്ങള്‍ അല്‍ ബുഖാരി ഉള്ളാള്‍. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ (കാന്തപുരം വിഭാഗം) സംസ്ഥാന പ്രസിഡന്റായ തങ്ങള്‍ അവിഭക്‌ത സമസ്‌തയുടെ സമുന്നത നേതാക്കളിലൊരാളുമാ യിരുന്നു. അനുയായികളും ശിഷ്യരും താജുല്‍ ഉലമാ (പണ്ഡിത കിരീടം) എന്നു വിശേഷിപ്പിക്കുന്ന ഇദ്ദേഹം ഉള്ളാള്‍ തങ്ങള്‍ എന്ന പേരില്‍ പ്രശസ്‌തനാണ്‌.

പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ സന്താനപരമ്പരയില്‍ പെട്ട ഉള്ളാള്‍ തങ്ങളുടെ പൂര്‍വികര്‍ എണ്ണൂറിലേറെ വര്‍ഷം മുന്‍പ്‌ യെമനിലെ ഹളര്‍മൌത്തില്‍ നിന്ന്‌ കേരളത്തിലെത്തിയ സയ്യിദ്‌ അഹ്മദ്‌ ജമാലുദ്ദീന്‍ ബുഖാരി ആണ്‌. കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തു താമസമാക്കിയ അദ്ദേഹം മതപ്രചാരണ രംഗത്തു സജീവമായി. ഇദ്ദേഹത്തിന്റെ പിന്‍മുറക്കാരാണ്‌ കേരളത്തിലെ സയ്യിദ്‌ കുടുംബങ്ങളിലെ (തങ്ങള്‍ മാരിലെ) ബുഖാരി വംശം. അഹമ്മദാബാദിലെ പ്രശസ്‌തരായ ഖുത്തുബെ ആലം ബുഖാരി, ഷാഹി ആലം ബുഖാരി തുടങ്ങിയവ രൊക്കെ ഈ പരമ്പരയില്‍ പെട്ടവരാണ്‌.

കോഴിക്കോട്‌ ജില്ലയിലെ ഫറോക്ക്‌ കരുവന്‍തിരുത്തിയില്‍ സയ്യിദ്‌ അബൂബക്കര്‍ കുഞ്ഞിക്കോയ തങ്ങള്‍ - ഫാത്തിമ കുഞ്ഞിബീവി ദമ്പതികളുടെ മകനായി 1929ലാണ്‌ ജനനം (ഹിജ്‌റ: 1341 റബീഉല്‍ അവ്വല്‍ 25). ചെറുപ്പം മുതലേ അസാമാന്യമായ ബുദ്ധിശക്‌തിയും ഓര്‍മശേഷിയും അദ്ദേഹം പ്രകടിപ്പിച്ചു. കുട്ടിക്കാലത്ത്‌ തങ്ങള്‍ക്ക്‌ അസാധാരണമായ രോഗം പിടിപെട്ടിരുന്നു. ശരീരം ചുട്ടുപൊള്ളുന്ന പനിക്കൊപ്പം ചര്‍മങ്ങളും പൊളിഞ്ഞുതുടങ്ങി. കടുത്ത പഥ്യ ത്തോടെയുള്ള ചികില്‍സയെത്തുടര്‍ന്നാണ്‌ രോഗം ഭേദമായത്‌.

കരുവന്‍തിരുത്തിയിലെ പുത്തന്‍വീട്ടില്‍ മുഹമ്മദ്‌ മുസല്യാരില്‍ നിന്നായിരുന്നു ഖുര്‍ആന്‍ പഠനം. പിന്നീട്‌ മതഗ്രന്ഥങ്ങളുടെ പഠനവും അദ്ദേഹത്തില്‍നിന്നു തന്നെ ആരംഭിച്ചു. മുഹമ്മദ്‌ മുസല്യാരുടെ ഗുരുത്വമാണ്‌ തന്റെ എല്ലാ വിജയങ്ങള്‍ക്കും നിദാനമെന്ന്‌ ഉള്ളാള്‍ തങ്ങള്‍ പറയുന്നു. കരുവന്‍തിരുത്തി, പാടത്തെ പള്ളി, കളരാന്തിര, പറമ്പത്ത്‌, കാസര്‍കോട്‌, പരപ്പനങ്ങാടി പനയത്തില്‍ പള്ളി, നങ്ങാട്ടൂര്‍ തുടങ്ങിയ ദര്‍സുകളിലായിരുന്നു മതപഠനം. പുത്തന്‍വീട്ടില്‍ മുഹമ്മദ്‌ മുസല്യാര്‍, പൊന്നാനി കോടമ്പിയകത്തു മുഹമ്മദ്‌ മുസല്യാര്‍, കോണ പ്പുഴ മുഹമ്മദ്‌ മുസല്യാര്‍, പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസല്യാര്‍, കണ്ണിയത്ത്‌ അബ്ദുറഹിമാന്‍ മുസല്യാര്‍, കാടേരി അബ്ദുല്‍ കമാല്‍ മുസല്യാര്‍, തൃക്കരിപ്പൂര്‍ തങ്കയത്ത്‌ ബാപ്പു മുസല്യാര്‍ തുടങ്ങിയവരാണു ഗുരുനാഥന്‍മാര്‍.

വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്ത്‌ അറബിക്‌ കോളജിലായിരുന്നു ഉപരിപഠനം. ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസല്യാര്‍ ഇവിടെ ഗുരുനാഥനായിരുന്നു. ശംസുല്‍ ഉലമായും ഉള്ളാള്‍ തങ്ങളും സംഘടനാരംഗത്ത്‌ സഹപ്രവര്‍ത്തകരായപ്പോഴും പിന്നീട്‌ ഇരു വിഭാഗങ്ങളിലേക്കു മാറിയപ്പോഴും ആത്മാര്‍ഥമായ സൌഹൃദം സൂക്ഷിച്ചിരുന്നു. രാമന്തളിയിലെ സയ്യിദ്‌ അഹ്മദ്‌ കോയമ്മ തങ്ങളുടെ മകള്‍ ഫാത്തിമ ബീവിയാണ്‌ ഭാര്യ. മക്കള്‍: സയ്യിദ്‌ ഹാമിദ്‌ ഇമ്പിച്ചിക്കോയമ്മ തങ്ങള്‍ (കൊയിലാണ്ടി), സയ്യിദ്‌ ഫസല്‍ കോയ തങ്ങള്‍ (പച്ചന്നൂര്‍), ബീക്കു ഞ്ഞി (മഞ്ചേശ്വരം), മുത്തുബീവി (കരുവന്‍തിരുത്തി), കുഞ്ഞാറ്റ ബീവി, ചെറിയബീവി (ഉടുമ്പുന്തറ), റംല ബീവി (കുമ്പള).

മുഹമ്മദ്‌ അനീസ്‌
Manorama

0 comments:

Post a Comment