Monday, February 24, 2014

ഉള്ളാള്‍ തങ്ങള്‍ ആത്മീയ സ്വാധീനം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാത്ത നേതാവ് –കാന്തപുരം

മലപ്പുറം: പൊതുസമൂഹവുമായുള്ള മുസ്ലിംകളുടെ ബന്ധം സൗഹാര്‍ദപരമായി നിലനിര്‍ത്തിയതില്‍ പ്രധാനിയാണ് ഉള്ളാള്‍ തങ്ങളെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.
തന്‍െറ വ്യക്തിപ്രഭാവവും ആത്മീയ സ്വാധീനവും രാഷ്ട്രീയ നേട്ടത്തിന് അദ്ദേഹം ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കിഴക്കത്തേലയില്‍ ഉള്ളാള്‍ തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലിം നവോത്ഥാനത്തിന്‍െറ ഉടമസ്ഥത അവകാശപ്പെടുന്ന ചിലര്‍ സമുദായത്തിന്‍െറ സംഘടിത ശക്തി തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് കാന്തപുരം കുറ്റപ്പെടുത്തി.
ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനം ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
എം.ഐ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍,പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, ഇബ്രാഹിം ഖലീലുല്‍ ബുഖാരി, ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സൈനുല്‍ ആബിദീന്‍ ബാഫഖി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഇബ്രാഹിം മുസ്ലിയാര്‍ ബേക്കല്‍ എന്നിവര്‍ സംസാരിച്ചു. എ.പി. മുഹമ്മദ് മുസ്ലിയാര്‍ സ്വാഗതവും വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി നന്ദിയും പറഞ്ഞു.

Thursday, February 6, 2014

ശാന്തമായ ഒഴുക്കില്‍ താജുല്‍ ഉലമയുടെ ചാരത്തേ

ശാന്തമായ ഒഴുക്കില്‍ താജുല്‍ ഉലമയുടെ ചാരത്തേക്ക്സി എം എ ഹകീം
എട്ടിക്കുളം (കണ്ണൂര്‍): എട്ടിക്കുളം കടല്‍ ശാന്തതയിലാണ്. ഓളപ്പരപ്പില്ലാതെ ഇരമ്പലില്ലാതെ ശാന്തമായ ഒഴുക്കാണ്, നൂറ്റാണ്ടിന്റെ മഹാമനീഷി അന്ത്യനിദ്രയിലായത് മുതല്‍. കഴിഞ്ഞ ദിവസം എട്ടിക്കുളമെന്ന കൊച്ചു ഗ്രാമത്തിലേക്ക് മുസ്‌ലിംകൈരളിയുടെ കുത്തൊഴുക്ക് കണ്ട അമ്പരപ്പ് ആ ദേശക്കാര്‍ക്ക് എന്നും ഓര്‍മിക്കാനുള്ള ചരിത്രമായി മാറി.
സുന്നി സംഘകുടുംബത്തെ മുന്നില്‍ നിന്ന് നയിച്ച മഹാനായ നേതാവും സാധാരണക്കാര്‍ക്കും അശരണര്‍ക്കും അനാഥര്‍ക്കും താങ്ങും തണലുമായി ദിശാബോധം നല്‍കിയ മഹനീയ പണ്ഡിതനുമായ താജുല്‍ ഉലമയുടെ വിയോഗമറിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുനിന്നും നിരവധി സ്‌നേഹജനങ്ങള്‍ പ്രിയ നേതാവിന്റെ ഖബറിടം സന്ദര്‍ശിക്കാനും ബന്ധുക്കളെ സമാശ്വസിപ്പിക്കാനും ഇപ്പോഴും എട്ടിക്കുളത്തേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. എട്ടിക്കുളം ഹില്‍സ്റ്റോപ്പിന് സമീപം താമസിക്കുന്ന രാമചന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു. ”ആ തങ്ങള്‍ ബല്യ മഹാനാണ്. ഗള്‍ഫ്ന്ന് അറബികളല്ലേ ആ മയ്യിത്ത് കാണാന്‍ വന്നത്. മൂപ്പര്‍ ലോകം അംഗീകരിച്ച പണ്ഡിതനല്ലേ?”.
ഉള്ളാള്‍ തങ്ങളുടെ മയ്യിത്ത് കാണാന്‍ വന്നവര്‍ക്ക് കുടിവെള്ളവും ചായയും ഏര്‍പ്പെടുത്തുകയും വുളു ചെയ്യാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കുകയും ചെയ്ത അമുസ്‌ലിംകളടക്കമുള്ള നാട്ടുകാരുടെ സേവനത്തെ ജനങ്ങള്‍ ഒന്നടങ്കം പുകഴ്ത്തിയിരുന്നു. എട്ടിക്കുളത്തേക്കുള്ള ആത്മീയ കുത്തൊഴുക്ക് കണ്ട, നാടന്‍പണിയെടുക്കുന്ന ലക്ഷ്മിയുടെയും കൗസല്യയുടെയും അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. തങ്ങള്‍ ചെയ്ത പുണ്യങ്ങളുടെ ഫലമാണ് ഈ ജനസാഗരമെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി. ”തങ്ങള്‍ കുടുംബം നല്ലോരാ. അവരുടെ ഭാര്യയേയും മക്കളേയും നല്ലപോലെ ഞങ്ങള്‍ക്കറിയാം. ആ വീട്ടില്‍ എന്ത് പരിപാടിയുണ്ടെങ്കിലും ഞങ്ങള്‍ പോകാറുണ്ട്. മന്ത്രിച്ച വെള്ളം കുടിക്കും. വിഷ ചികിത്സ പോലത്തെ ചികിത്സകള്‍ തങ്ങളുടെ ഭാര്യ നടത്താറുണ്ട്” ഭാര്യയുടെ മരണത്തിന് ശേഷമാണ് ഉള്ളാള്‍ തങ്ങള്‍ നേവല്‍ അക്കാദമിക്ക് സമീപമുള്ള വീട്ടില്‍ നിന്ന് താമസം മാറ്റിയത്. എട്ടിക്കുളം കടല്‍ തീരത്തെ ഏഴുപള്ളി മഖാമിന്റെ ചാരത്താണ് ഭാര്യയുടെ ഖബര്‍ സ്ഥിതി ചെയ്യുന്നത്. മന്ത്രങ്ങളും വൈജ്ഞാനിക വചസ്സുകളും ഉരുവം കൊണ്ട ആ തറവാട് വീട്ടില്‍ ഇപ്പോള്‍ ആള്‍താമസമില്ല. തങ്ങള്‍ ഉപയോഗിച്ച പൂമുഖത്തെ തിണ്ണ പൂര്‍വീകരുടെ ഓര്‍മയില്‍ മയങ്ങിക്കിടക്കുകയാണ്. അയല്‍വീട്ടുകാരനായ കണ്ണൂര്‍ ചാലാട് സ്വദേശി അബ്ദുല്‍ മജീദ് പറയുന്നു. ”തങ്ങള്‍ എല്ലാ വ്യാഴാഴ്ചയും ഉള്ളാളത്ത് നിന്ന് വന്നാല്‍ ഈ മുറ്റം ജനനിബിഡമാകും. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഞങ്ങളോടാണ് തങ്ങള്‍ ആവശ്യപ്പെടാറുള്ളത്. എന്ത് പ്രയാസങ്ങളുണ്ടെങ്കിലും തങ്ങളെ കണ്ട് പരാതി പറഞ്ഞാല്‍ അതിന് പരിഹാരം ഉണ്ടാകും. നാടിന്റെ നാനാ ദിക്കുകളില്‍ നിന്ന് എത്രയെത്ര പേരാണ് ആ മുഖം ദര്‍ശിക്കാന്‍ വരുന്നത്”. എട്ടിക്കുളത്തെ അബ്ദുല്ലക്കും തങ്ങളെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. നാടിന്റെ യശസ്സുയര്‍ത്തിയ തങ്ങളുടെ വിയോഗം താങ്ങാവുന്നതിനപ്പുറമാണ്. തങ്ങളുടെ നിരന്തര യാത്രയും സംഘടനാ പ്രവര്‍ത്തനവും മൂലം ഇവിടെ വരാന്‍ പറ്റാത്ത അവസ്ഥയിലായി.
ചെറു ഗ്രാമത്തില്‍ നിന്ന് ലോകം മുട്ടെ ദീനീ വിജ്ഞാനീയങ്ങള്‍ ഉയര്‍ത്തിയ ആ മഹാഗുരുവിന്റെ ശൂന്യത നികത്താന്‍ പറ്റാത്തതാണ്. മരിക്കുന്ന ദിവസം തങ്ങള്‍ സുഖമില്ലാതെ കിടക്കുകയാണെന്നറിഞ്ഞ് നിരവധി ആളുകള്‍ തങ്ങളെ കാണാന്‍ എട്ടിക്കുളത്തേക്ക് തിരിച്ചിരുന്നു. ചപ്പാരപ്പടവ് സ്വദേശിയും പ്രവാസിയുമായ സി എം മുഹമ്മദ്കുഞ്ഞി സഅദിയ്യയിലെ രക്ഷാകര്‍തൃ സംഗമം കഴിഞ്ഞതിന് ശേഷം തങ്ങളെ കാണാന്‍ എട്ടിക്കുളത്തേക്ക് വണ്ടി കയറിയപ്പോള്‍ കേട്ടത് തങ്ങളുടെ വിയോഗ വാര്‍ത്തയായിരുന്നു. ഇതേ അനുഭവം നിരവധി പേര്‍ ഇന്നലെ പങ്കുവെച്ചു. കോഴിക്കോട് ബയോഗ്യാസ് പ്ലാന്റ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ കാരന്തൂരിലെ അബ്ദുല്‍ മജീദും ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പെരിങ്ങാടി സ്വദേശി അബ്ദുര്‍റശീദും അബൂബക്കര്‍ ഇരിക്കൂറും തങ്ങളുടെ വഫാത്ത് അറിഞ്ഞ് വരാന്‍ പറ്റാത്തതില്‍ വേദനയോടെ തഅ്‌സിയത്ത് നാളിലാണ് എത്തിയത്. താജുല്‍ ഉലമയുടെ പൂമുഖം കാണാന്‍ പറ്റാതെ നിരാശരായി മടങ്ങിപ്പോയ പതിനായിരങ്ങളില്‍ പലരും ഇന്നലെയും മഖ്ബറ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഇപ്പോഴും അവിടെ മയ്യിത്ത് നിസ്‌കാരങ്ങളും ഖത്മുല്‍ ഖുര്‍ആനും തഹ്‌ലീലും തുടരുകയാണ്.

ആ വിളക്കുമാടം കണ്ണടച്ചു

കഴിഞ്ഞ ഏഴ് ദശകങ്ങളോളമായി സമുദായത്തിന്റെ ഊണിനും ഉറക്കിനും കാവല്‍ നിന്ന, നമ്മുടെ ആശകളേയും അഭിലാഷങ്ങളേയും നേര്‍വഴിക്ക് നടത്തിയ, വീണുപോകുമെന്ന് തോന്നിയപ്പോഴേക്കും നമ്മുടെ കൈ പിടിച്ചു നടത്തിയ, താങ്ങും തണലുമായി നിന്ന് സ്‌നേഹിച്ചും ശാസിച്ചും നമ്മുടെ മാര്‍ഗം തെളിച്ചു തന്ന, സ്‌നേഹനിധിയായ ഒരു പിതാവിനെ പോലെ നമ്മെ മുന്നില്‍ നിന്ന് നയിച്ച, താജുല്‍ ഉലമയുടെ ശരീരമാണ് കൈയില്‍. ചേതനയറ്റ നിലയില്‍ ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്ന ആ ശരീരം അനക്കമില്ലാതെ കിടക്കുകയാണ്. ആ ശരീരത്തെയെടുത്തു മണ്ണിലേക്ക് വെക്കണം. സര്‍വശക്തനായ അല്ലാഹുവിന്റെ തിരു സവിധത്തിലേക്കു യാത്രയാക്കണം, ആ ശരീരത്തിന് മുകളിലേക്ക് മണ്ണ് വാരിയിടണം. നിത്യമായ ഉറക്കത്തിലേക്ക് പ്രിയപ്പെട്ട തങ്ങളെ അവസാനത്തെ സലാം പറഞ്ഞ് പറഞ്ഞയക്കണം. ഉള്ള് പൊള്ളാതെ ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?



പ്രിയപ്പെട്ട പ്രവര്‍ത്തകരേ,

ഏഴിമല എട്ടിക്കുളം തഖ്‌വാ മസ്ജിദിനു സമീപത്തെ നനുത്ത മണ്ണിലേക്ക് നമ്മുടെ നേതാവ് താജുല്‍ ഉലമയുടെ ചേതനയറ്റ ശരീരം എടുത്തുവെക്കുമ്പോള്‍ എന്റെ അകം പൊള്ളുകയായിരുന്നു. കഴിഞ്ഞ ഏഴ് ദശകങ്ങളോളമായി സമുദായത്തിന്റെ ഊണിനും ഉറക്കിനും കാവല്‍ നിന്ന, നമ്മുടെ ആശകളേയും അഭിലാഷങ്ങളേയും നേര്‍വഴിക്ക് നടത്തിയ, വീണുപോകുമെന്ന് തോന്നിയപ്പോഴേക്കും നമ്മുടെ കൈ പിടിച്ചു നടത്തിയ, താങ്ങും തണലുമായി നിന്ന് സ്‌നേഹിച്ചും ശാസിച്ചും നമ്മുടെ മാര്‍ഗം തെളിച്ചു തന്ന, സ്‌നേഹനിധിയായ ഒരു പിതാവിനെ പോലെ നമ്മെ മുന്നില്‍ നിന്ന് നയിച്ച, താജുല്‍ ഉലമയുടെ ശരീരമാണ് കൈയില്‍. ചേതനയറ്റ നിലയില്‍ ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്ന ആ ശരീരം അനക്കമില്ലാതെ കിടക്കുകയാണ്. ആ ശരീരത്തെയെടുത്തു മണ്ണിലേക്ക് വെക്കണം. ആ ശരീരത്തിന് മുകളിലേക്ക് മണ്ണ് വാരിയിടണം. നിത്യമായ ഉറക്കത്തിലേക്ക് പ്രിയപ്പെട്ട തങ്ങളെ അവസാനത്തെ സലാം പറഞ്ഞ് പറഞ്ഞയക്കണം. ഉള്ള് പൊള്ളാതെ ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
തന്റെ നാഥന്റെയടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു തങ്ങള്‍. ഈ തയ്യാറെടുപ്പില്‍ ജീവിച്ച തങ്ങളെ സംബന്ധിച്ചിടത്തോളം മണ്ണ് മാന്തിയെടുത്തുണ്ടാക്കിയ ആ ഖബര്‍ എന്നും ഒരു പ്രലോഭനമായിരുന്നു. ആ വീട്ടിലെത്തിപ്പെടാനുള്ള ആഗ്രഹത്തിലായിരുന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താജുല്‍ ഉലമ. ആ ധൃതിയും ആഗ്രഹവും കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ വെച്ചു തങ്ങള്‍ തന്നെ നമ്മോട് പങ്ക് വെച്ചതുമാണ്. ‘എന്റെ ദീര്‍ഘായുസ്സിന് വേണ്ടി നിങ്ങള്‍ ഇനി ദുആ ചെയ്യേണ്ട, ഇനി എനിക്ക് ഖല്‍ബ് ലങ്കി മരിച്ചാല്‍ മതി. അതിനു വേണ്ടി നിങ്ങളൊക്കെ ദുആ ചെയ്യണം’. ഖല്‍ബ് ലങ്കി മരിക്കണം! എന്തൊരു പറച്ചിലാണത്? ആഗ്രഹിച്ചതു പോലെ ഹൃദയം ലങ്കി തന്നെയാണ് താജുല്‍ ഉലമ നമ്മെയും വിട്ട് യാത്ര പോയതെന്ന് ഉറപ്പ്. ആ മുഖത്തെ വെളിച്ചവും പ്രസരിപ്പും അത്രമാത്രമുണ്ട്. മരണത്തെ മുന്നില്‍ കണ്ടെന്നതു പോലെ സംസാരമെല്ലാം ഒഴിവാക്കി പ്രാര്‍ഥനാനിരതനായി ഇരിക്കുകയായിരുന്നു ഈ കഴിഞ്ഞ കുറേ ദിവസങ്ങളിലായി നമ്മുടെ താജുല്‍ ഉലമ. ഏറ്റവുമൊടുവില്‍ പുറത്തൊരാളോട് സംസാരിച്ചത് അല്‍പ്പം സംസം വെള്ളം കിട്ടാനാണ്. ഈ ഭൂമിയില്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശുദ്ധമായ പാനീയം. ശരീരത്തിന്റെയും ആത്മാവിന്റെയും വിശപ്പിനെ ഒരു പോലെ കെടുത്തിക്കളയാന്‍ അല്ലാഹു സമ്മാനിച്ച ആ തെളിനീരിനു വേണ്ടിയുള്ള ചോദ്യം പോലും വിശ്വാസിക്ക് പ്രാര്‍ഥനയാണ്. അങ്ങനെ തന്റെ സൃഷ്ടാവുമായും സ്രഷ്ടികളില്‍ ഏറ്റവും ഉത്തമരായ, ഉപ്പാപ്പകൂടിയായ മുത്ത്‌നബി(സ)യോടുമുള്ള സംഭാഷണത്തിലായിരുന്നു താജുല്‍ ഉലമ. ആ സംഭാഷണത്തിന്റെ തുടര്‍ച്ച തെന്നയായിരിക്കും ആ മഹാഗുരുവിനെ സംബന്ധിച്ചിടത്തോളം മരണവും. കഴിഞ്ഞ കുറേ ദിവസങ്ങളായി കാത്തിരുന്ന അതിഥിയാണല്ലോ എത്തിയിരിക്കുന്നത് എന്ന് അസ്‌റാഈല്‍ (അ) വന്നു വിളിച്ചപ്പോള്‍ തങ്ങളുടെ ഖല്‍ബ് ലങ്കിയിട്ടുണ്ടാകും.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ താജുല്‍ ഉലമയെ വീട്ടില്‍ പോയി കണ്ടിരുന്നു. പ്രായത്തിന്റെ സ്വാഭാവികമായ ക്ഷീണമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. സന്തോഷവാനായി ഇരിക്കുകയായിരുന്നു തങ്ങള്‍. ഇടക്കിടെ ബുര്‍ദ പാടിപ്പിക്കും. തങ്ങള്‍ എല്ലാം മറന്ന് അതില്‍ ലയിച്ചിരിക്കും. അപ്പോള്‍ തങ്ങളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയാണ്. സന്തോഷം കൊണ്ട് തങ്ങള്‍ പിന്നെ ഊര്‍ജസ്വലനാകും. പ്രവാചകര്‍ (സ) യോടുള്ള അതിരറ്റ സ്‌നേഹമായിരുന്നു തങ്ങളുടെ ഊര്‍ജത്തിന്റെ എക്കാലത്തെയും കരുത്ത്. ആ കരുത്ത് നമ്മളിലേക്ക് പകര്‍ന്നു തന്നാണ് തങ്ങള്‍ യാത്രയായിരിക്കുന്നത്.
താജുല്‍ ഉലമയുടെ മഹത്വവും സ്വാധീനവും എത്രമാത്രം ഉണ്ടെന്നു വിളിച്ചറിയിക്കുന്നതായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴിമലയിലേക്കു ഒഴുകിയ ജനലക്ഷങ്ങള്‍. തിങ്കളാഴ്ച പുലര്‍ച്ചെ പഴയങ്ങാടി ഏഴിമല റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ കണ്ട ആ കാഴ്ചയെ അത്യത്ഭുതകരം എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഉറക്കമൊഴിച്ചു നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പ്രിയപ്പെട്ട താജുല്‍ ഉലമയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആഗ്രഹിച്ചു എത്തിയവരായിരുന്നു റോഡ് നിറയെ. ആ ജനക്കൂട്ടത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഉണ്ടായിരുന്നു. ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രിയപ്പെട്ടതാകാന്‍ ഓരോ കാരണവും ഉണ്ടായിരുന്നു. ആ കാരണങ്ങളെയെല്ലാം തന്നെ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി കണ്ണി ചേര്‍ക്കാനായി എന്നതാണ് നമ്മുടെ താജുല്‍ ഉലമയുടെ പ്രത്യേകത.
താജുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളും നേതൃത്വവും സമസ്തയുടെ ഉന്നമനത്തിന് ഏറെ പ്രചോദനമേകിയിട്ടുണ്ട്. 1956 മുതല്‍ സമസ്തയുടെ അമരത്തിരുന്നു മുസ്‌ലിം സമുദായത്തിനു ദിശാ ബോധം നല്‍കിയ ആ മഹാമനീഷിക്ക് സമുദായത്തിന്റെ ഓരോ അനക്കവും മനസ്സിലാക്കാനും അതിന്റെ അനന്തര ഫലങ്ങളെ കുറിച്ചു കൃത്യമായ അഭിപ്രായങ്ങള്‍ രൂപവത്കരിക്കാനും നിലപാടുകളെടുക്കാനും അസാമാന്യമായ കഴിവുണ്ടായിരുന്നു. കേരളത്തിലെയും ഇപ്പോള്‍ കേരളത്തിനു പുറത്തുമുള്ള മുസ്‌ലിം സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസപരവും മതകീയവും സാമൂഹികവുമായ പുരോഗതിക്ക് നാം കടപ്പെട്ടിരിക്കുന്നത് ആര്‍ജവം നിറഞ്ഞ ആ നിലപാടുകളോടാണ്. ആ നിലപാടുകളാണ് നിര്‍ണായകമായ നേരത്തൊക്കെയും സമുദായത്തെ സംരക്ഷിച്ചു നിര്‍ത്തിയത്. ധൈര്യശാലിയായ ഒരു കാവല്‍ക്കാരനായിരുന്നു താജുല്‍ ഉലമ. എല്ലാ വിധ ശത്രുക്കളില്‍ നിന്നും ഒരേ പോലെ, ഒരേ സമയം താന്‍ കാവല്‍ നില്‍ക്കാന്‍ നിയോഗിക്കപ്പെട്ട സമുദായത്തെ രക്ഷിച്ചു നിര്‍ത്താനുള്ള കഴിവ് തങ്ങള്‍ കടം കൊണ്ടത് പൂര്‍വസൂരികളില്‍ നിന്നും തന്റെ ഗുരുവര്യന്മാരില്‍ നിന്നുമാണ്.
കണ്ണിയത്ത് ഉസ്താദായിരുന്നു തങ്ങളുടെ മാര്‍ഗദര്‍ശി. ഉസ്താദിനോട് ചോദിക്കാതെ, ആ അനുഗ്രഹം വാങ്ങാതെ ഒന്നും ചെയ്യുമായിരുന്നില്ല. സത്യത്തോടല്ലാതെ മറ്റൊന്നിനോടും പ്രതിബദ്ധത ഉണ്ടാകരുതെന്ന പാഠം പഠിച്ചതും ആ ഗുരുവര്യരുടെ പ്രവൃത്തികളില്‍ നിന്നായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ തങ്ങള്‍ വാഴക്കാട്ടേക്ക് പോകും. ചര്‍ച്ച ചെയ്തു സമ്മതം വാങ്ങി വരും. എറണാകുളം സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍ കണ്ണിയത്ത് ഉസ്താദ് സമ്മതിച്ചാല്‍ വരാം എന്നായിരുന്നു തങ്ങള്‍ പറഞ്ഞ മറുപടി. വാഴക്കാട്ടേക്ക് തിരിച്ച തങ്ങള്‍ സമ്മതം മാത്രമല്ല, ആരോഗ്യം അനുവദിക്കുമെങ്കില്‍ എറണാകുളത്തേക്കു താനും വരും എന്ന കണ്ണിയത്തു ഉസ്താദിന്റെ ഉറപ്പും കൂടിയാണ് വാങ്ങി വന്നത്. അതായിരുന്നു നമ്മുടെ താജുല്‍ ഉലമ.
എല്ലാ പഴുതുകളും അടച്ചായിരുന്നു തങ്ങള്‍ ഓരോ യാത്രയും തുടങ്ങിയത്. 1989ല്‍ തുടങ്ങിയ യാത്രയും അങ്ങനെ തന്നെയായിരുന്നു. തീരുമാനം എടുക്കാന്‍ ശങ്കിച്ചു നില്‍ക്കുന്നവരോടൊക്കെ തങ്ങള്‍ക്കു ഒരേയൊരു മറുപടിയേ എന്നും ഉണ്ടായിരുന്നുള്ളൂ; ഞാന്‍ ഒറ്റക്കാണെങ്കിലും ഇതൊക്കെ ഞാന്‍ ചെയ്യും. കാരണം എനിക്ക് കടപ്പാട് സത്യത്തോടാണ്. ആരുണ്ട് കൂടെ, ആരില്ല എന്നതൊന്നും എന്റെ തീരുമാനത്തെ ബാധിക്കാന്‍ പോകുന്നില്ല. നോക്കൂ നിങ്ങള്‍, നമ്മുടെയീ കാലത്ത് ഇത്രയും ധീരമായി ഒരു നിലപാട് പറയാന്‍ ഒരു താജുല്‍ ഉലമക്കല്ലാതെ മറ്റാര്‍ക്ക് കഴിയും? ചുറ്റിലും ശത്രുക്കളായിരുന്നിട്ടും ഒറ്റക്കെങ്കില്‍ ഒറ്റക്ക് എന്ന് പറഞ്ഞ് സാഹസികമായ ഒരു യാത്രക്കിറങ്ങാന്‍ ഉള്ളാള്‍ തങ്ങളല്ലാതെ മറ്റാരുണ്ടാകും? തീരുമാനങ്ങളുടെ അനന്തരഫലങ്ങളെ കുറിച്ചോര്‍ത്ത് ശരിയായ തീരുമാനം എടുക്കുന്നതില്‍ നിന്ന് തങ്ങള്‍ ഒരിക്കലും പിന്മാറിയില്ല. അതല്‍പ്പം കഴിയട്ടെ എന്ന് പോലും ആലോചിച്ചില്ല. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളോ, സമ്പത്തിന്റെ പ്രൗഢിയൊ അധികാരത്തിന്റെ ശീതളിമയോ ആ തീരുമാനങ്ങളെ ഒരിക്കല്‍ പോലും സ്വാധീനിച്ചില്ല. ഖുര്‍ആനും തിരുസൂക്തങ്ങളുമായിരുന്നു തങ്ങളുടെ ആധാര രേഖ, അതായിരുന്നു തങ്ങളുടെ തീരുമാനങ്ങളെ നിശ്ചയിച്ച മിനിട്‌സ്.
ആ പ്രതിബദ്ധത കൈവിടാതെ മുറുകെ പിടികാന്‍ നമ്മെ ഓരോരുത്തരെയും ഉത്തരവദപ്പെടുത്തിയാണ് എട്ടിക്കുളത്തെ മണ്ണിലേക്ക് താജുല്‍ ഉലമ മടങ്ങിയത്. താജുല്‍ ഉലമ നമ്മളില്‍ അര്‍പ്പിച്ച വിശ്വാസത്തെ കെട്ടുപോകാതെ സൂക്ഷിക്കണം. ആ മഹാനുഭാവന്‍ നമുക്ക് വേണ്ടി എടുത്ത ധീരമായ ഓരോ നിലപാടിനെയും നാം ഹൃദയത്തോട് ചേര്‍ത്തുവെക്കണം. ഈ ലോകത്തും പരലോകത്തും നമ്മുടെയും ഖല്‍ബ് ലങ്കി നില്‍ക്കാന്‍ നാം അത് ചെയ്‌തേ മതിയാകൂ. വിളക്കുമാടമേ കെട്ട് പോയിട്ടുള്ളൂ. വെളിച്ചം ഇപ്പോഴും ഉണ്ട്.

സ്‌നേഹത്തോടെ,
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

വെളിച്ചം ബാക്കി

എട്ടിക്കുളം (കണ്ണൂര്‍): മുസ്‌ലിം ഇന്ത്യയെ നേര്‍വഴിയില്‍ നയിച്ച മഹാമനീഷിക്ക് വിട. ഇനി ആ വാക്‌ധോരണിയില്ല. മന്ത്രങ്ങളുരുവിടുന്ന ആ പൂ മുഖം ഇനി കാണില്ല. വിജ്ഞാനത്തിന്റെ മണിമുത്തുകള്‍ വീഴുന്ന ആ ശബ്ദം ഇനി കേള്‍ക്കില്ല. വിളക്ക് അണഞ്ഞു. വെളിച്ചം ബാക്കി. നൂറ്റാണ്ടിന്റെ പണ്ഡിത ജ്യോതിസ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങള്‍ക്ക് പ്രാര്‍ഥനാ വചസ്സുകളോടെ സുന്നികൈരളി വിട ചൊല്ലി. സയ്യിദ് തറവാട്ടിലെ കാരണവരുടെ പാരത്രിക ജീവിതം ധന്യമാക്കണമേ എന്ന പ്രാര്‍ഥന. വിതുമ്പലോടെയാണ് മുസ്‌ലിം കൈരളി മഹാ പണ്ഡിതന് അന്ത്യമൊഴി നല്‍കിയത്. ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്ന് ലക്ഷങ്ങളാണ് ഇന്നലെ ജനാസ സന്ദര്‍ശിക്കാനെത്തിയത്.

 ഇന്നലെ രാവിലെ 10.20ന് എട്ടിക്കുളം തഖ്‌വ മസ്ജിദില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മയ്യിത്ത് ഖബറടക്കി. സുബ്ഹി നിസ്‌കാരത്തിന് മുമ്പ് തന്നെ അന്ത്യ കര്‍മങ്ങള്‍ തുടങ്ങിയിരുന്നു. താജുല്‍ ഉലമയുടെ മക്കളും മരുമക്കളും മറ്റു കുടുംബാംഗങ്ങളും സമസ്ത മുശാവറ അംഗങ്ങളും അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. സുബ്ഹി നിസ്‌കാരത്തിന് ശേഷം മയ്യിത്ത് നിസ്‌കാരം ആരംഭിച്ചു. പല ഘട്ടങ്ങളിലായി എട്ടിക്കുളം ഗവ. യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ലക്ഷങ്ങള്‍ പങ്കെടുത്തു. ആദ്യ നിസ്‌കാരത്തിന് മകന്‍ സയ്യിദ് ഫസല്‍ കോയമ്മ കുറാ തങ്ങള്‍ നേതൃത്വം നല്‍കി. എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹുസൈന്‍ കമാലുദ്ദീന്‍ അലി മുഹമ്മദ് ഈജിപ്ത്, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, വയനാട് ഹസന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞാമു മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഇസ്മാഈല്‍ മുസ്‌ലിയാര്‍ എറണാകുളം, സയ്യിദ് ഹാമിദ് ബാഫഖി, സയ്യിദ് അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ എസ് കെ തങ്ങള്‍ താനൂര്, ത്വാഹാ തങ്ങള്‍ സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് തഹ്‌ലീല്‍ മന്ത്രങ്ങളോടെ മയ്യിത്ത് തഖ്‌വ മസ്ജിദിലേക്ക് കൊണ്ടുപോയി. പണ്ഡിതരും മുതഅല്ലിംകളും സാദാത്തുക്കളും സാധാരണക്കാരും തുടങ്ങി നിരവധി പേരാണ് മയ്യിത്ത് വഹിച്ചുകൊണ്ടുള്ള യാത്രക്ക് അകമ്പടിയായത്.
പിന്നീട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നിറകണ്ണുകളോടെ ജനാസ ആറടി മണ്ണിലേക്ക് വെച്ചു. കാന്തപുരം തല്‍ഖീന്‍ ചൊല്ലിക്കൊടുത്തു. അവസാനമായി താജുല്‍ ഉലമക്ക് സലാം ചൊല്ലിയപ്പോള്‍ കാന്തപുരത്തിന്റെ കണ്ഠമിടറി. ഇത് കൂടെ നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.
ജനത്തിരക്ക് മൂലം പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് പോലും കാണാനാകാതെ പതിനായിരങ്ങള്‍ക്ക് കിലോമീറ്ററുകള്‍ അപ്പുറത്ത് തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. മാടായിപ്പാറയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പന്ത്രണ്ട് കിലോമീറ്റര്‍ നടന്നാണ് ജനാസ കാണാനും മയ്യിത്ത് നിസ്‌കാരത്തില്‍ പങ്ക് ചേരാനും വിശ്വാസികള്‍ ഒഴുകിയത്

മഹാഗുരുവിനെ കുറിച്ച് പ്രഥമ ശിഷ്യന്റെ വാക്കുകള്‍

മാട്ടൂല്‍: ശിഷ്യരുടെ ഭാവി അറിഞ്ഞുകൊണ്ട് വളര്‍ത്തുന്ന ഗുരുവാണ് താജുല്‍ ഉലമയെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും മാട്ടൂല്‍ മന്‍ശഅ് പ്രസിഡന്റുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി പറഞ്ഞു. താജുല്‍ ഉലമയുടെ ദര്‍സില്‍ പഠിക്കുമ്പോള്‍ സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് അറബി അധ്യാപക പരീക്ഷ എഴുതാന്‍ തീരുമാനം എടുത്ത വിവരം തങ്ങള്‍ അറിഞ്ഞപ്പോള്‍ തലേ ദിവസം രാത്രി വിളിപ്പിക്കുകയും ദീനീ വിജ്ഞാനത്തിന്റെയും മത പ്രബോധനത്തിന്റെയും പ്രാധാന്യവും മഹത്വവും ഭൗതികത മാത്രം ലക്ഷ്യം വെക്കുന്നതിന്റെ ഭവിഷ്യത്തും ഉപദേശിക്കുകയും ചെയ്തത് മതവിജ്ഞാന രംഗത്ത് ഉറച്ചുനില്‍ക്കാന്‍ തനിക്ക് പ്രേരണയായെന്ന് അദ്ദേഹം പറഞ്ഞു.

മാട്ടൂല്‍ മന്‍ശഇന്റെ ഉയര്‍ച്ചക്കും പുരോഗതിക്കും ഏറെ താങ്ങും തണലുമായി താജുല്‍ ഉലമയുടെ ഉപദേശ നിര്‍ദേശങ്ങള്‍ എന്നും കൂടെയുണ്ടായിരുന്നു. മന്‍ശഇല്‍ ഹുമൈദിയ്യ ശരീഅത്ത് കോളജ് തുടങ്ങുന്നതിനു പ്രേരണയായതും തങ്ങളുടെ ഉപദേശം തന്നെ. വ്യക്തി ജീവിതത്തിലും പൊതു മണ്ഡലങ്ങളിലും മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഇനി ആര് എന്ന ചിന്ത ഏറെ അലട്ടുന്നു. അവിടുത്തെ വിയോഗത്തില്‍ ഞാന്‍ അനാഥനായി മാറിയിരിക്കുകയാണെന്നും ഹാമിദ് കോയമ്മ തങ്ങള്‍ പറഞ്ഞു.

ജാതിമത ഭേദമില്ലാതെ ദക്ഷിണ കന്നടയും ഒഴുകിയെത്തി

പയ്യന്നൂര്‍: ജാതിമത ഭഭേദമന്യേ ജനങ്ങളെ സ്‌നേഹിച്ച മഹാപണ്ഡിതന് യാത്രാമൊഴിയേകാന്‍ ദക്ഷിണ കന്നട ഒന്നടങ്കം പയ്യന്നൂരിലേക്ക് ഒഴുകിയെത്തി. ദക്ഷിണ കന്നടയുടെ പ്രധാന കേന്ദ്രമായ മംഗലാപുരത്ത് നിന്നും കുടക്, മൈസൂര്‍, ഷിമോഗ, ചിക്മംഗ്ലൂര്‍ ജില്ലകളില്‍ നിന്നുമെല്ലാം നൂറുകണക്കിനാളുകളാണ് ഇന്നലെ പുലരുമ്പോഴേക്കും എട്ടിക്കുളത്തെത്തിയത്. പണ്ഡിതകുലത്തിന്റെ പ്രൗഢിയും നീതിബോധവും എന്നും കാത്തുസൂക്ഷിച്ച വിശ്വാസി സമൂഹത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നയിച്ച പണ്ഡിതശ്രേഷ്ഠനെ അവസാനമായി ഒരുനോക്ക് കാണാന്‍ കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടി പിന്നീട് വാഹനം പിടിച്ചും ട്രെയിന്‍മാര്‍ഗവുമെല്ലാമാണ് ആളുകള്‍ എത്തിക്കൊണ്ടിരുന്നത്. രാജ്യത്തെ പ്രമുഖ ഇസ്‌ലാമിക തീര്‍ഥാടന കേന്ദ്രമായ ഉള്ളാള്‍ ദര്‍ഗയില്‍ ഒരു തവണയെങ്കിലും സന്ദര്‍ശനത്തിനെത്തിയ ഒരാള്‍ക്കും ഉള്ളാള്‍ തങ്ങളെ മറക്കാനാകില്ലെന്ന് മറ്റ് മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു.
ഇസ്‌ലാമിക ദര്‍ശനത്തിന്റെ വെളിച്ചം പകര്‍ന്ന് ഏത് പ്രതിസന്ധി ഘട്ടത്തിലും സാന്ത്വനം പകരുന്ന മഹാനായിരുന്നു തങ്ങളെന്ന് ഭാഷക്കും ജാതിഭേദങ്ങള്‍ക്കുമെല്ലാമപ്പുറം ഇന്നലെയിവിടെയെത്തിയ ജനക്കൂട്ടം തെളിയിച്ചു. ഉള്ളാള്‍ ഖാസിയായി തങ്ങള്‍ ചുമതലയേല്‍ക്കുന്നത് 1978 കാലഘട്ടത്തിലാണെങ്കിലും 1950ല്‍ തന്നെ കര്‍മമേഖല ഉള്ളാളിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ടു തന്നെ കര്‍ണാടകത്തിന്റെ ഒട്ടുമിക്ക മേഖലകളിലെയും പണ്ഡിതര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഉള്ളാള്‍ തങ്ങള്‍ സുപരിചിതനായിരുന്നു. ഇന്ദിരാഗാന്ധിയും നരസിംഹ റാവുവും പോലുള്ള പ്രമുഖരെയും ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരായവരെയുമെല്ലാം തങ്ങളുടെ വ്യക്തിപ്രഭാവം ഒരുപോലെ സ്വാധീനിച്ചിരുന്നുവെന്നതിന് തെളിവായിരുന്നു ഇന്നലെ വൈകീട്ടുപോലും ഇവിടെയെത്തിയ ജനസഞ്ചയം.
ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാഴ്ന്ന തനിക്കും കുടുംബത്തിനും ഉള്ളാള്‍ ദര്‍ഗയില്‍ നിന്ന് തങ്ങള്‍ പകര്‍ന്നുനല്‍കിയ വെളിച്ചമാണ് ജീവിതത്തിലേക്ക് പുതിയ വഴിയായി മാറിയതെന്ന് കര്‍ണാടക സ്വദേശി സുധീര്‍ പറഞ്ഞതുപോലെ, നിരവധിയാളുകള്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളുടെ സൂക്ഷിപ്പുമായാണ് മഹാപണ്ഡിതന്റെ എട്ടിക്കുളത്തെ വസതിയിലെത്തിച്ചേര്‍ന്നത്.

അന്ത്യവിശ്രമം തഖ്‌വാ മസ്ജിദില്‍

പയ്യന്നൂര്‍: പാണ്ഡിത്യത്തിന്റെ കീരീടമണിഞ്ഞ ഉള്ളാള്‍ തങ്ങളുടെ അന്ത്യവിശ്രമം ഒരുക്കിയത് എട്ടിക്കുളത്തെ തഖ്‌വാ മസ്ജിദിന് മുന്നില്‍. മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച തഖ്‌വാ മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്താണ് താജുല്‍ ഉലമയുടെ ഖബര്‍ ഒരുക്കിയത്. ചരിത്രമുറങ്ങുന്ന എട്ടിക്കുളത്തിന് പുതുചരിതം തീര്‍ത്താണ് താജുല്‍ ഉലമയുടെ അന്ത്രനിദ്ര.
ചുരുങ്ങിയ കാലം കൊണ്ട് പ്രസിദ്ധി നേടിയ തഖ്‌വാ മസ്ജിദില്‍ നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് തങ്ങളും നേതൃത്വം നല്‍കിയിരുന്നു. പള്ളിക്ക് തൊട്ടരികില്‍ താജുല്‍ ഉലമയുടെ പേരില്‍ തുടങ്ങിയ ദഅ്‌വാ കോളജിന്റെ പണി പുരോഗമിക്കുകയാണ്. വിജ്ഞാനം സ്ഫുരിക്കുന്ന മഹാഗുരുവിന്റെ അന്ത്യനിദ്രക്ക് ശാന്തിയേകുന്നതാകും ഈ പ്രാര്‍ഥനാലയം.

കേരളം ഒഴുകി, എട്ടിക്കുളമെന്ന കൊച്ചു ഗ്രാമത്തിലേക്ക്‌

പയ്യന്നൂര്‍: കേരളത്തിന്റെ മത-സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങള്‍ ഒരു ഗ്രാമത്തിലേക്ക് ചുരുങ്ങിയ കാഴ്ചയായിരുന്നു, ഇസ്‌ലാമിക കര്‍മ മണ്ഡലത്തില്‍ ഒരു സൂര്യതേജസ്സായി തിളങ്ങിയ ഉള്ളാള്‍ തങ്ങളുടെ ദേഹവിയോഗ വാര്‍ത്തയറിഞ്ഞ് ഒഴുകിയെത്തിയ പതിനായിരങ്ങളിലൂടെ എട്ടിക്കുളം ഗ്രാമം സാക്ഷ്യം വഹിച്ചത്. ചരിത്രം ഉറങ്ങുന്ന എട്ടിക്കുളത്തിന്റെ മണ്ണില്‍ മറ്റൊരു ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.
സുന്നി പ്രസ്ഥാനത്തിന്റെ വെളിച്ചവും നിരാലംബരും കഷ്ടപ്പെടുന്നവരുമായ ആയിരക്കണക്കിന് ആളുകള്‍ക്ക് കാരുണ്യ ദീപവുമായിരുന്ന ഉള്ളാള്‍ തങ്ങള്‍ എട്ടിക്കുളത്ത് ഇളയ മകന്‍ ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ വീട്ടില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുന്ന കാര്യം നാട്ടുകാരില്‍ അധിക പേരും അറിഞ്ഞിരുന്നില്ല. ഉള്ളാള്‍ തങ്ങളുടെ ദേഹവിയോഗ വാര്‍ത്തയറിഞ്ഞ് നാനാദേശങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഒഴുകിയെത്താന്‍ തുടങ്ങിയതോടെ എട്ടിക്കുളമെന്ന കൊച്ചുഗ്രാമം നാളിതുവരെ ദര്‍ശിക്കാത്ത ജനപ്രവാഹമായിരുന്നു കണ്ടത്.
മത-രാഷ്ട്രീയ-സാമൂഹിക രംഗത്തുള്ള മഹദ് വ്യക്തികള്‍ എത്തിച്ചേര്‍ന്നതോടെ ശനിയാഴ്ച ഉള്ളാള്‍ തങ്ങള്‍ ഈ ലോകത്തു നിന്നും വിടപറഞ്ഞ സമയം മുതല്‍ ഇന്നലെ രാത്രി വരെയും അണമുറിയാത്ത ജനപ്രവാഹമായിരുന്നു എട്ടിക്കുളത്തേക്ക് ഒഴുകിയെത്തിയത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടുകാരും അണിനിരന്ന് സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി ഒഴുകിയെത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഉള്ളാള്‍ തങ്ങളുടെ ഭൗതിക ശരീരം ഒരു നോക്കു കാണാനും മയ്യിത്ത് നിസ്‌കരിക്കാനും സംവിധാനങ്ങള്‍ ഒരുക്കി നാട്ടുകാര്‍ ഒപ്പം നിന്നു. എത്തിച്ചേര്‍ന്നവര്‍ക്ക് തണ്ണീര്‍പന്തല്‍ ഒരുക്കി കുടിവെള്ളവും ഭക്ഷണവും നല്‍കി നാട്ടുകാര്‍ മാതൃകയായി.
സുന്നി നേതാക്കളായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, യൂസഫ് കോയമ്മ തങ്ങള്‍ വൈലത്തൂര്‍, കെ എം എ റഹീം, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി കെ അബൂബക്കര്‍ മൗലവി, ദുബൈ ഖാസി സയ്യിദ് ഹുസൈന്‍ കമാലുദ്ദീന്‍ അലി മുഹമ്മദ്, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, സയ്യിദ് ഹാമിദ് ബാഫഖി തങ്ങള്‍, ഹസന്‍ മുസ്‌ലിയാര്‍ വയനാട് , വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, ഐ സി എഫ് ഒമാന്‍ നാഷനല്‍ പ്രസിഡന്റ് ടി പി അബ്ദുല്‍ ഹക്കീം സഅദി, എന്‍ അലി അബ്ദുല്ല, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഹുസൈന്‍ അഹമ്മദ്, സയ്യിദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുഹമ്മദ് പറവൂര്‍, മജീദ് കക്കാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, അലവി സഖാഫി കൊളത്തൂര്‍, മുഹമ്മദ് ബാദുഷ സഖാഫി, ജി അബൂബക്കര്‍, ഉള്ളാളം ദര്‍ഗ കമ്മിറ്റി പ്രസിഡന്റ് ഹംസ ഹാജി തുടങ്ങിയവരും ജനാസ സന്ദര്‍ശിക്കാനെത്തി.
കേന്ദ്ര വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍, മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്‌റാഹിം, കര്‍ണാടക ആരോഗ്യ മന്ത്രി യു ടി അബ്ദുല്‍ ഖാദര്‍, മന്ത്രി കെ സി ജോസഫ്, മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം എല്‍ എമാരായ സി കൃഷ്ണന്‍, എന്‍ എ നെല്ലിക്കുന്ന്, വിവിധ രാഷ്ട്രീയ നേതാക്കളായ അഡ്വ. ടി സിദ്ദീഖ്, എം സി കമറുദ്ദീന്‍, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങി നിരവധി പേര്‍ ഉള്ളാള്‍ തങ്ങളുടെ വസതിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

മരുമക്കള്‍ തങ്ങളുടെ പ്രിയ ശിഷ്യഗണങ്ങള്‍

മരുമക്കള്‍ തങ്ങളുടെ പ്രിയ ശിഷ്യഗണങ്ങള്‍

പയ്യന്നൂര്‍: താജുല്‍ ഉലമയുടെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ പ്രിയ ശിഷ്യഗണങ്ങള്‍. സഅദിയ്യ ജനറല്‍ സെക്രട്ടറി കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍, പരേതരായ യു കെ ആറ്റക്കോയ തങ്ങള്‍, ചെറുകുഞ്ഞി കോയ തങ്ങള്‍, ഹുസൈന്‍ കോയ തങ്ങള്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ എന്നിവരും സുബൈദ ബീവി കൊയിലാണ്ടി, ആറ്റബി പാപ്പിനിശ്ശേരി എന്നിവരുമാണ് ഉള്ളാള്‍ തങ്ങളുടെ മരുമക്കള്‍.

വിദേശ പണ്ഡിതന്മാര്‍ അനുശോചിച്ചു.

പയ്യന്നൂര്‍: താജുല്‍ ഉലമയുടെ നിര്യാണത്തില്‍ അറബ് പണ്ഡിതരും അനുശോചിച്ചു. സയ്യിദ് അബ്ബാസ് മാലികി മക്ക, യു എ ഇ ഭരണാധികാരിയുടെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാശിമി, അബൂദബിയിലെ അമീറുല്‍ അന്‍സാര്‍ സയ്യിദ് അഹ്മദ് മുഹമ്മദ് അല്‍ ഖസ്‌റജി, സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് എന്നിവരാണ് ഉള്ളാള്‍ തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചത്.


Tuesday, February 4, 2014

പള്ളികളിലും ഭജനമഠങ്ങളിലും ഭക്ഷണവും കുടിവെള്ളവുമൊരുക്കി നാടിന്റെ ആദരം

പയ്യന്നൂര്‍: സുന്നി പ്രസ്ഥാനത്തിന്റെ പകരം വെക്കാനില്ലാത്ത അമരക്കാരനായിരുന്ന ഉള്ളാള്‍ തങ്ങളുടെ ദേഹവിയോഗ വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ ഭൗതികശരീരം ഒരുനോക്ക് കാണാനും മയ്യിത്ത് നിസ്‌കരിക്കാനുമായി എട്ടിക്കുളത്തേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് കുടിവെള്ളവും ഭക്ഷണവും ഒരുക്കി നാട്ടുകാരുടെ കൂട്ടായ്മ.
വിവിധ മുസ്‌ലിം സംഘടനകളുടെയും ക്ലബ്ബുകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഒരുക്കിയ അഞ്ഞൂറിലധികം തണ്ണീര്‍ പന്തലുകള്‍ ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് ആശ്വാസമായി. ഒരു ഭാഗത്ത് പാപ്പിനിശ്ശേരി മുതലും മറുഭാഗത്ത് രാമന്തളി മുതലും എട്ടിക്കുളം വരെ അവിടവിടെയായി തണ്ണീര്‍ പന്തലുകള്‍ ഒരുക്കിയിരുന്നു.
ഉള്ളാള്‍ തങ്ങള്‍ ഈ ലോകത്തുനിന്നും വിടപറഞ്ഞ ശനിയാഴ്ച രാത്രി മുതല്‍ക്കെ എട്ടിക്കുളത്തേക്ക് എത്തിക്കൊണ്ടിരുന്ന ജനപ്രവാഹത്തിന് ഭക്ഷണവും വെള്ളവും നല്‍കാന്‍ നാട്ടുകാരും സംഘടനകളും കാണിച്ച സുമനസ്സ് മാതൃകയായി. രാത്രി മുതല്‍ എട്ടിക്കുളത്ത് തടിച്ചുകൂടിയ മുസ്‌ലിം സഹോദരങ്ങള്‍ക്ക് പ്രഭാത നിസ്‌കാരത്തിനും അംഗശുദ്ധി വരുത്താനും അമുസ്‌ലിം വീടുകളിലും ഭജനമഠങ്ങളിലും സൗകര്യമൊരുക്കി ഉള്ളാള്‍ തങ്ങളോടുള്ള നാടിന്റെ ആദരവ് മതസൗഹാര്‍ദത്തിനും വഴിയൊരുക്കി.

Sunday, February 2, 2014

ഉള്ളാള്‍ തങ്ങള്‍: പകരം വെക്കാനില്ലാത്ത പണ്ഡിതസൂര്യന്‍

കാസര്‍കോട്: ആദര്‍ശനിഷ്ഠയും നിലപാടുകളിലെ കണിശതയും അഗാധപാണ്ഡിത്യവും മേളിച്ച അത്യപൂര്‍വ പണ്ഡിതകേസരിയായിരുന്നു ശനിയാഴ്ച വിടചൊല്ലിയ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി. അധികാരത്തിന്റെ ഉന്നത സ്ഥാനങ്ങളിലുള്ളവരോടുപോലും ആദര്‍ശക്കാര്യത്തില്‍ കലഹിച്ച ധീരശബ്ദമായിരുന്നു തങ്ങളുടേത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നയനിലപാടുകള്‍ സമൂഹത്തിലെത്തിക്കുന്നതിന് നാടുനീളെ ഉത്‌ബോധനങ്ങളും ഉണര്‍ത്തലുമായി കടന്നുചെന്ന തങ്ങള്‍ മതവിജ്ഞാന രംഗത്ത് ഒരു സാഗരം തന്നെയായിരുന്നു. വളരെ ചെറിയ പ്രായത്തില്‍തന്നെ ഉന്നത മതഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കിയ തങ്ങള്‍ ഉന്നതശീര്‍ഷരായ പല പണ്ഡിതരില്‍നിന്നും വിജ്ഞാനമര്‍പ്പിച്ചിട്ടുണ്ട്. നീണ്ട ഇരുപത് വര്‍ഷത്തെ വിജ്ഞാന തപസ്യക്കുശേഷം വെല്ലൂര്‍ ബാഖ്വിയാത്തില്‍ പഠിക്കുകയും അല്‍പകാലം പഠിപ്പിക്കുകയും ചെയ്തശേഷം തന്നെ കര്‍മഭൂമിയായി ഉള്ളാള്‍ ദര്‍ഗാ പരിസരം തിരഞ്ഞെടുക്കുകയായിരുന്നു. അറുപത് വര്‍ഷം ഒരു സ്ഥലത്തുതന്നെ സേവനം ചെയ്യാനുള്ള അത്യപൂര്‍വ അവസരമാണ് തങ്ങള്‍ക്കുണ്ടായത്.കോഴിക്കോട് കരുവന്‍തുരുത്തിയില്‍ ജനിച്ച സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി അതോടെ ഉള്ളാള്‍ തങ്ങളെന്ന വിശ്രുത നാമത്തില്‍ പ്രസിദ്ധനായി.
അമ്പത് വര്‍ഷത്തെ ഉള്ളാളിലെ സേവനം മുന്‍നിര്‍ത്തി പണ്ഡിതലോകം അദ്ദേഹത്തെ ആദരിക്കുകയും പണ്ഡിതകിരീടം എന്നര്‍ഥം വരുന്ന താജുല്‍ ഉലമ എന്ന സ്ഥാനപ്പേര് നല്‍കുകയും ചെയ്തു. അന്നുമുതല്‍ താജുല്‍ ഉലമ എന്ന പേരിലാണ് തങ്ങള്‍ നാട്ടിലും വിദേശത്തും അറിയപ്പെട്ടത്.

ആയിരക്കണത്തിനു ശിഷ്യന്മാര്‍, അവരില്‍തന്നെ ഉന്നത ശീര്‍ഷരായ പണ്ഡിതര്‍. അവരുടെ ശിഷ്യന്മാര്‍... അങ്ങനെ മൂന്ന് നാലു തലമുറ പണ്ഡിതര്‍ തന്നെ തങ്ങളുടെ ശിഷ്യന്മാരായുണ്ട്.
ഇസ്‌ലാമിലെ ആധ്യാത്മിക സരണിയായ ത്വരീഖത്തുകളുടെ ശൈഖ്   കൂടിയായ തങ്ങള്‍ നിരവധി മശാഇഖുമാരില്‍നിന്ന് ഇജാസത്ത് സ്വീകരിച്ചിട്ടുണ്ട്.
കേരളം മുഴുക്കെയും അന്യസംസ്ഥാനങ്ങളിലും നിരവധി വിദേശ രാഷ്ട്രങ്ങളിലും മതപ്രചാരണവും ആത്മീയ പ്രഭാഷണങ്ങളുമായി തങ്ങള്‍ കടന്നുചെന്നിട്ടുണ്ട്.
അമ്പതുകളില്‍ സമസ്തയിലേക്ക് കടന്നുവന്ന തങ്ങള്‍ 75 മുതല്‍ സമസ്തയുടെ ഉപാധ്യക്ഷ പദവി അലങ്കരിച്ചു. 1989 മുതല്‍ ഇതുവരെ 25 വര്‍ഷം സമസ്തയുടെ അനിഷേധ്യ അധ്യക്ഷനായി തുടര്‍ന്നു.

തങ്ങളുടെ വസതിയിലേക്ക്‌ ജനപ്രവാഹം

എട്ടിക്കുളം: പ്രമുഖ പണ്ഡിതന്‍ ഉള്ളാള്‍ സയ്യിദ്‌ അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ വിയോഗവാ ര്‍ത്തയറിഞ്ഞ്‌ എട്ടിക്കുളത്തെ വസതിയിലേക്ക്‌ ആയിരങ്ങളുടെ പ്രവാഹം. തങ്ങള്‍ അവസാന നാളുകളില്‍ വിശ്രമജീവിതം നയിച്ച ഇളയമകന്‍ ഫസല്‍ കോയ്യമ്മ തങ്ങളുടെ വീട്ടിലേക്ക്‌ അന്തിമോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളിലെ നിരവധി പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്‌.

കര്‍ണാടക മന്ത്രി യു ടി ഖാദര്‍, മന്ത്രി കെ സി ജോസഫ്‌, സി കൃഷ്ണന്‍ എം.എല്‍.എ, എം എ അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, കെ എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ഹാമിദ്‌ കോയമ്മ തങ്ങള്‍ മാട്ടൂല്‍, ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍ പൊസോട്ട്‌, ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി, യൂസുഫ്‌ കോയ തങ്ങള്‍ വൈലത്തൂര്‍, ചിത്താരി ഹംസ മുസ്ല്യാര്‍, പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, പേരോട്‌ അബ്ദുര്‍റഹ്മാന്‍ സഖാഫി, ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുല്‍ ലത്തീഫ്‌ സഅദി പഴശ്ശി, സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം, എം വി അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍, മുട്ടില്‍ മുഹമ്മദ്‌ കുഞ്ഞി മുസ്ല്യാര്‍, മുസ്ലിം ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി കെ അബ്ദുല്‍ ഖാദര്‍ മൌലവി മയ്യിത്ത്‌ കാണാനെത്തി.

കേരളം കണ്ട മികച്ച പണ്ഡിതനായിരുന്നു ഉള്ളാള്‍ തങ്ങളെന്നും സമുദായത്തിന്‌ ഈ വിടവ്‌ തീര്‍ക്കുന്നതിന്‌ മറ്റൊരാളെ കണെ്ടത്താന്‍ സാധിക്കുകയില്ലെന്നും എം എ അബ്ദുര്‍ല്‍ ഖാദര്‍ മുസ്ല്യാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തങ്ങളുടെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, കെ സുധാകരന്‍ എം,പി, കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ്‌ കെ സുരേന്ദ്രന്‍ എന്നിവരും അനുശോചിച്ചു.

ഉള്ളാളിന്‌ ആത്മീയനേതൃത്വം നല്‍കിയ മനീഷി

കണ്ണൂര്‍: ആറു പതിറ്റാണ്ടുകാലമായി മംഗലാപുരത്തിനടുത്ത ചെറുപട്ടണമായ ഉള്ളാളിന്‌ ആത്മീയ നേതൃത്വം നല്‍കിയിരുന്ന പണ്ഡിത മനീഷി കൂടിയാണ്‌ ഇന്നലെ നിര്യാതനായ സയ്യിദ്‌ അബ്ദുര്‍റഹ്മാ ന്‍ അല്‍ ബുഖാരി. തങ്ങള്‍ പ്രശസ്തനായതും ഉള്ളാള്‍ തങ്ങളെന്ന പേരില്‍ തന്നെ. അനുയായികളും ശിഷ്യന്‍മാരും ഏറെയുള്ള താജുല്‍ ഉലമ (പണ്ഡിതകിരീടം) എന്ന്‌ വിശേഷണവും അദ്ദേഹത്തിനുണ്ട്‌. പാരമ്പര്യത്തിന്റെ പ്രൌഢിയും പാണ്ഡിത്യത്തിന്റെ തലയെടുപ്പുമുള്ള അപൂര്‍വ വ്യക്തിത്വം കൂടിയാണു ഉള്ളാള്‍ തങ്ങള്‍.

പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ സന്താന പരമ്പരയില്‍പ്പെട്ട തങ്ങളുടെ മുന്‍ഗാമികള്‍ എണ്ണൂറിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ യമനിലെ ഹളര്‍ മൌത്തില്‍നിന്ന്‌ കേരളത്തിലെത്തിയ സയ്യിദ്‌ അഹമ്മദ്‌ ജമാലുദ്ദീന്‍ ബുഖാരി ആണ്‌. അദ്ദേഹത്തിന്റെ പിന്‍മുറക്കാരാണു കേരളത്തിലെ ബുഖാരി ഖബീല. കണ്ണൂരിലെ വളപട്ടണത്ത്‌ താമസമാക്കിയ അദ്ദേഹം മതപ്രചാരണ രംഗത്ത്‌ സജീവമായി. ഇദ്ദേഹത്തിനെ പിന്‍മുറക്കാരാണ്‌ കേരളത്തിലെ സയ്യിദ്‌ കുടുംബങ്ങളിലെ ബുഖാരി വംശം. അഹമ്മദാബാദിലെ പ്രശസ്തരായ ഖുത്ത്ബെ ആലം ബുഖാരി, ഷാഹി ആലം ബുഖാരി തുടങ്ങിയവരൊക്കെ ഈ പരമ്പരയില്‍പ്പെട്ടവരാണ്‌.

ചെറുപ്പം മുതലേ അസാമാന്യ ബുദ്ധിശക്തിയും ഓര്‍മശക്തിയും പ്രകടിപ്പിച്ചിരുന്ന തങ്ങള്‍ പഠനത്തിലും മികവ്‌ പുലര്‍ത്തിയിരുന്നു. കരുവന്‍തുരുത്തിയിലെ പുത്തന്‍വീട്ടില്‍ മുഹമ്മദ്‌ മുസല്യാരില്‍ നിന്നായിരുന്നു ഖുര്‍ആന്‍പഠനം അഭ്യസിച്ചത്‌. പിന്നീട്‌ മതഗ്രന്ഥങ്ങളുടെ പഠനവും അദ്ദേഹത്തില്‍നിന്നു തന്നെ ആരംഭിച്ചു. തളിപ്പറമ്പില്‍നിന്നാണ്‌ ബിരുദപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തിലേക്കു പോയത്‌. ശൈഖ്‌ ആദം ഹസ്‌റത്ത്‌, ശൈഖ്‌ ഹസന്‍ ഹസ്‌റത്ത്‌ തുടങ്ങിയവരുടെ ശിക്ഷണത്തില്‍ രണ്ടുവര്‍ഷം അവിടെ പഠിച്ചു. പിന്നീട്‌ ബിരുദം കരസ്ഥമാക്കിയത്‌ ഒന്നാം റാങ്കോടെ. തിരിച്ചെത്തിയ ഉടന്‍ തന്റെ ഗുരുനാഥനായ അവറാന്‍ മുസ്ല്യാരുടെ നിര്‍ദേശപ്രകാരം ഉള്ളാള്‍ സയ്യിദ്‌ മദനി അറബിക്‌ കോളജില്‍ പ്രിന്‍സിപ്പലായി.

ഹിജ്‌റ 1371ല്‍ ആരംഭിച്ച ആ സേവനം ആറു പതിറ്റാണ്ടായി തുടര്‍ന്നുവരികയായിരുന്നു. 1956ലാണ്‌ സംഘടനാ രംഗത്തേക്കു വരുന്നത്‌. ആ വര്‍ഷം സപ്തംബര്‍ 20നു ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ഉള്ളാള്‍ തങ്ങളെ മുശാവറാ അംഗമായി തിരഞ്ഞെടുത്തു. 1965 ആഗസ്തില്‍ കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്ല്യാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മുശാവറ തബ്ലീഗ്‌ ജമാഅത്തിനെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയില്‍ തങ്ങളും ഉള്‍പ്പെട്ടിരുന്നു. 1989ല്‍ സമസ്ത പിളര്‍ന്നപ്പോള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍ സമസ്തയുടെ പ്രസിഡന്റ്‌ പദവിയിലെത്തി.

ഖാസി സ്ഥാനത്ത്‌ 60 വര്‍ഷം തികച്ച തങ്ങളെ 2009 ഒക്ടോബറില്‍ ഉള്ളാള്‍ ദര്‍ഗാ കമ്മിറ്റി നല്‍കിയ ആദരവ്‌ നൂറുകണക്കിനു പണ്ഡിതന്‍മാരുടെയും വിവിധ തുറകളിലെ ഉമറാക്കളുടെയും സാന്നിധ്യം കൊണ്ട്‌ പ്രൌഢമായിരുന്നു. കര്‍മധന്യമായ 90ാ‍ം വയസ്സിലേക്ക്‌ കടന്ന അദ്ദേഹത്തെ എം എ അബ്ദുര്‍ ഖാദര്‍ മുസ്ല്യാരും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരും ചേര്‍ന്നാണ്‌ ആദരവിന്റെ വസ്ത്രം അണിയിച്ചത്‌. മക്കയിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ സയ്യിദ്‌ അബ്ബാസ്‌ അലവി മാലികി സന്ദേശം കൈമാറുകയും ഫസല്‍ ജിഫ്‌രി തങ്ങള്‍ അനുമോദന പത്രം സമര്‍പ്പിക്കുകയും ചെയ്തു.

പത്രവാര്‍ത്തകളിലൂടെ.......

മനോരമ വാര്‍ത്ത

മാധ്യമം വാര്‍ത്ത
മനോരമ 


സമുദായത്തിനു മാര്‍ഗദര്‍ശിയായ മഹാഗുരു

ആധുനിക കേരളത്തിലെ തലമുതിര്‍ന്ന മുസ്ലിം പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നതനായ നേതാവുമാണ്‌ ഇന്നലെ വിടപറഞ്ഞ ഉള്ളാള്‍ സയ്യിദ്‌ അബ്ദുറഹിമാന്‍ കുഞ്ഞിക്കോയ തങ്ങള്‍. നിര്‍ണായകമായ ചരിത്രസന്ധികളില്‍ കേരളത്തിലെ മുസ്ലിംകള്‍ക്ക്‌ മാര്‍ഗനിര്‍ദേശം നല്‍കിയ മഹാഗുരുവിന്റെ സാന്നിധ്യമാണ്‌ തങ്ങളുടെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്‌. ഓരോ ജനതയ്ക്കും അവരര്‍ഹിക്കുന്ന നേതാവിനെയായിരിക്കും കിട്ടുക എന്നാണല്ലോ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) പറഞ്ഞത്‌.

ഉള്ളാള്‍ തങ്ങളില്ലായിരുന്നുവെങ്കില്‍ ആധുനിക കേരളത്തിലെ മുസ്ലിംകളുടെ ചരിത്രം മറ്റൊന്നാവുമായിരുന്നു എന്നതിന്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സംഭവബഹുലമായ ഇടപെടലുകളും തന്നെ സാക്ഷി. എണ്ണൂറ്‌ വര്‍ഷം മുന്‍പു യമനിലെ ഹളര്‍മൌത്‌ എന്ന സ്ഥലത്തു നിന്ന്‌ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലബാര്‍ തീരത്തെത്തിയ സയ്യിദ്‌ അഹ്മദ്‌ ജലാലുദ്ദീന്‍ ബുഖാരിയുടെ കുടുംബത്തിലാണ്‌ ഉള്ളാള്‍ തങ്ങളുടെയും ജനനം.

ഒന്‍പതാം നൂറ്റാണ്ടു മുതല്‍ മലബാര്‍ തീരത്തെ മുസ്ലിംകളുടെ ദൈനംദിന ജീവിതം ചിട്ടപ്പെടുത്തുന്നതിലും അവരെ ഒരു സമുദായമെന്ന നിലയ്ക്ക്‌ വളര്‍ത്തി വലുതാക്കുന്നതിലും ബുഖാരി സാദാത്തുക്കള്‍ വഹിച്ച പങ്ക്‌ ചരിത്രത്തിന്റെ ഭാഗമാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ബുഖാരി സാദാത്തുക്കളുടെ ചരിത്ര നിയോഗത്തിന്റെ ഭാഗധേയം ഏറ്റെടുത്തു നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിച്ചത്‌ ഉള്ളാള്‍ തങ്ങള്‍ക്കായിരുന്നു. നേതൃഗുണം കൊണ്ട ്‌ പണ്ടു മുതലേ അനുഗ്രഹീതമായിരുന്നു തങ്ങളുടെ കുടുംബം.

അമ്മാവനായിരുന്ന ചങ്ങനാശേരിയിലെ ബിച്ചാന്‍ കുട്ടി ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നേതൃപരമായ പങ്കു വഹിക്കുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു. സയ്യിദന്‍മാര്‍ക്ക്‌ മുസ്ലിംകള്‍ക്കിടയിലുള്ള മതപരമായ സ്വാധീനത്തെ ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തില്‍ മുസ്ലിം പക്ഷത്തെ സംഘടിപ്പിക്കുന്നതില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന കാലം കൂടിയായിരുന്നു അത്‌. 1956ലാണ്‌ തങ്ങള്‍ സമസ്തയില്‍ അംഗമാവുന്നത്‌. സമസ്തയ്ക്കു കീഴില്‍ വിദ്യാഭ്യാസ ബോര്‍ഡ്‌ രൂപവല്‍ക്കരിക്കുന്നതിനെക്കുറിച്ച്‌ ആലോചിച്ചപ്പോള്‍ അതിന്റെ ചുമതല ഏല്‍പ്പിച്ചത്‌ തങ്ങളെ ആയിരുന്നു.

കേരളത്തിലെ മുസ്ലിംകളുടെ മത-ഭൌതിക- വിദ്യാഭ്യാസ രംഗത്ത്‌ ഇന്നു കാണുന്ന അഭിമാനാര്‍ഹമായ നേട്ടത്തിന്‌ പിന്നില്‍ ദശാബ്ദങ്ങള്‍ക്കു മുന്‍പ്‌ ഉള്ളാള്‍ തങ്ങളും സംഘവും നടത്തിയ ചടുലമായ പ്രവര്‍ത്തനങ്ങളും നയനിലപാടുകളും കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്‌. സമസ്ത വിദ്യാഭ്യാസ ബോര്‍ഡിനു വ്യവസ്ഥാപിതമായ രൂപം കൊണ്ടുവരുന്നതിലും മദ്രസകളുടെ പ്രവര്‍ത്തനങ്ങളെ ആധുനികവല്‍ക്കരിക്കുന്നതിലും തങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന മൌലികമായ മാറ്റങ്ങളാണ്‌, പലരും സൂചിപ്പിക്കാറുള്ളതു പോലെ, മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളത്തില്‍ മുസ്ലിംകള്‍ക്ക്‌ അഭിമാനിക്കാവുന്ന സാമൂഹിക പദവി നേടിത്തന്നത്‌.

തങ്ങളുമായി എന്റെ സൌഹൃദം ആരംഭിക്കുന്നത്‌ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലാണ്‌. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ തങ്ങള്‍ വൈസ്‌ പ്രസിഡന്റ്‌ ആയിരിക്കുന്ന കാലത്താണ്‌ ഞാന്‍ ജോയിന്റ്‌ സെക്രട്ടറിയായത്‌. സമസ്തയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്കും പ്രദേശങ്ങളിലേക്കും വ്യാപിച്ചത്‌ ഉള്ളാല്‍ തങ്ങള്‍ നേതൃത്വത്തില്‍ വന്നതോടെയാണ്‌. വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനവും ദേശീയ തലത്തിലേക്ക്‌ വ്യാപിപ്പിച്ചു.

നൂറുവയസിനടുത്തോളമെത്തിയ ജീവിതത്തിനൊടുവില്‍ തങ്ങള്‍ യാത്രയാകുമ്പോള്‍ കേരളീയ മുസ്ലിംകള്‍ക്ക്‌ നഷ്ടമാകുന്നത്‌ ധിഷണശാലിയായ പണ്ഡിതനെയും നേതാവിനെയും സംഘാടകനെയുമാണ്‌. എനിക്കാകട്ടെ, പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങും തണലുമായി നിന്ന മഹാഗുരുവിനെയും.

Saturday, February 1, 2014

ഉള്ളാള്‍ തങ്ങളുടെ മയ്യിത്ത് ഖബറടക്കി

പയ്യന്നൂര്‍ : ഇന്നല അന്തരിച്ച സമസ്ത (എ.പി വിഭാഗം) സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ ജനാസ പയ്യന്നൂര്‍ എട്ടിക്കുളത്ത് ഖബറക്കി.
രാവിലെ 7 മണിക്ക് തുടങ്ങിയ മയ്യിത്ത നമസ്‌കാരം പല ഘട്ടങ്ങളായാണ് നിസ്‌കരിച്ചത്.തങ്ങളുടെ മരണവാര്‍ത്തയറിഞ്ഞ് ഏട്ടിക്കുളത്തെ വസതിയിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയത്.

ആദ്യ മയ്യിത്ത് നിസ്‌കാരത്തിനു മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കി.സാമുഹിക-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു. ശനിയാഴ്ച പകല്‍ 3.40ഓടെ ആയിരുന്നു ആദ്ദേഹത്തിന്റെ അന്ത്യം.

സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരിയുടെയും കൊന്നാര് ഹലീമ ബീവിയുടെയും മകനായി ഫറോക്ക് കരുവന്‍തിരുത്തിയില്‍ ജനിച്ച ആദ്ദേഹം വിവിധ ദര്‍സുകളിലെ പഠനശേഷം വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ നിന്നു ബിരുദം നേടിയിരുന്നു

ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത്, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ ആദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാരാണ്. ആദ്ദേഹം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. 1956ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായി. 1976ല്‍ സമസ്ത വൈസ് പ്രസിഡണ്ടായി. 1989ല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പുതിയ പണ്ഡിതസഭ രൂപീകരിച്ചപ്പോള്‍ പ്രസിഡണ്ടും 1992ല്‍ രൂപീകരിച്ച അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശക സമിതി ചെയര്‍മാനുമായിരുന്നു. ദീര്‍ഘകാലം വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായിരുന്നു.

ഫാത്വിമ കുഞ്ഞി ബീവിയാണ് ഭാര്യ. ഹാമിദ് ഇമ്പിച്ചി കോയതങ്ങള്‍, ഫസല്‍ കോയമ്മ തങ്ങള്‍, ബീകുഞ്ഞി (മഞ്ചേശ്വരം), മുത്ത്ബീവി (കരുവന്‍തിരുത്തി), കുഞ്ഞാറ്റബീവി (കാസര്‍കോട് തിരുത്തി), ചെറിയബീവി (കാസര്‍കോട് ഉടുമ്പുന്തല), റംലബീവി (കുമ്പോല്‍) എന്നിവര്‍ ആദ്ദേഹത്തിന്റെ മക്കളാണ്.

മുന്നില്‍ നടന്ന തങ്ങള്‍

മുക്കാല്‍ നൂറ്റാണ്ട് കാലത്തിലധികം മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ, വൈജ്ഞാനിക, സംഘടനാ മേഖലകളില്‍ അത്യുജ്ജ്വലമായ മനക്കരുത്തോടെ മുന്നില്‍ നടന്ന അതുല്യ വ്യക്തിത്വമായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി. ഇന്നലെ വൈകുന്നേരം 3. 40ഓടെയാണ് വലിയൊരു ശൂന്യത ബാക്കിയാക്കി ലക്ഷക്കണക്കിന് മുസ്‌ലിംകളെ കണ്ണീരിലാഴ്ത്തി വസതിയില്‍ വെച്ച് ഈ ലോകത്തോട് തങ്ങള്‍ വിട പറഞ്ഞത്. പ്രവാചക കുടുംബത്തിലെ മഹോന്നതനും പണ്ഡിതരിലെ കിരീടവുമായിരുന്നു തങ്ങള്‍. ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുവര്യരും സമസ്തയുടെ മുന്നണിപ്പോരാളിയുമായിരുന്ന ഉള്ളാള്‍ തങ്ങള്‍, പക്വവും ധീരവുമായ നേതൃത്വത്തിലൂടെയും അപാരമായ വിജ്ഞാനത്തിലൂടെയുമാണ് മുസ്‌ലിം സമൂഹത്തിന്റെ ഹൃദയത്തില്‍ കുടിയേറിയത്. ഇന്ന് മുസ്‌ലിംകള്‍ അനുഭവിക്കുന്ന ആത്മീയ, വിദ്യാഭ്യാസ, സാംസ്‌കാരിക, നവോത്ഥാന മുന്നേറ്റങ്ങളില്‍ സമസ്തയുടെ അമരത്തിരുന്ന ഉള്ളാള്‍ തങ്ങളുടെ പങ്കും നേതൃത്വവും ചോദ്യം ചെയ്യാനാകാത്ത വിധം സ്ഥിരപ്പെട്ടതാണ്.
ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ യമനിലെ ഹളര്‍മൗത്തില്‍ നിന്ന് ഇസ്‌ലാമിക പ്രബോധനാര്‍ഥം കേരളത്തിലെത്തിയ അഹ്മദ് ജമാലുദ്ദീന്‍ ബുഖാരിയുടെ പിന്‍തലമുറക്കാരനാണ് തങ്ങള്‍. ഹിജ്‌റ വര്‍ഷം 1341 റബീഉല്‍ അവ്വല്‍ 25 വെള്ളിയാഴ്ച ഫറോക്കിനടുത്ത കരുവന്‍തിരുത്തിയിലാണ് ജനനം. പിതാവ് സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരി. വാഴക്കാട് കൊന്നാര് തങ്ങന്‍മാരില്‍ പ്രമുഖരായിരുന്ന അഹ്മദ് കുഞ്ഞുല്ല തങ്ങള്‍ ബുഖാരിയുടെ മകന്‍ അബ്ദുര്‍റഹ്മാന്‍ ബുഖാരിയുടെ മകള്‍ ഹലീമ എന്ന കുഞ്ഞി ബീവിയാണ് മാതാവ്. പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന കരുവന്‍തിരുത്തിയിലെ പുത്തന്‍വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാരില്‍ നിന്നാണ് പ്രാഥമിക പഠനം. പൊന്നാനിയിലെ കോടമ്പിയകത്ത് മുഹമ്മദ് മുസ്‌ലിയാര്‍, കോടമ്പുഴ മുഹമ്മദ് മുസ്‌ലിയാര്‍, പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, എ പി അബ്ദുര്‍റഹ്മാന്‍ എന്ന അവറാന്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കാടേരി അബ്ദുല്‍ കമാല്‍ മുസ്‌ലിയാര്‍, തൃക്കരിപ്പൂര്‍ തങ്കയം ബാപ്പു മുസ്‌ലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയ നിരവധി പ്രമുഖ പണ്ഡിതരില്‍ നിന്ന് വിജ്ഞാനം നേടിയിട്ടുണ്ട്. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ഒന്നാം റാങ്കോടെ തിരിച്ചെത്തിയ തങ്ങള്‍, ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഉള്ളാള്‍ സയ്യിദ് മദനി അറബി കോളജില്‍ പ്രിന്‍സിപ്പലായി. വിയോഗം വരെയും അവിടെ സേവനം അനുഷ്ഠിച്ചു.
1956ലാണ് സംഘടനാ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. 1956 സെപ്തംബറില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറാ യോഗം ഉള്ളാള്‍ തങ്ങളെ മുശാവറ അംഗമായി തിരഞ്ഞെടുക്കുകയായിരുന്നു. സമസ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 1976 നവംബര്‍ 29ന് തിരഞ്ഞെടുക്കപ്പെട്ട തങ്ങള്‍, 1989ല്‍ സമസ്ത പ്രസിഡന്റായി സ്ഥാനമേറ്റു. സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡില്‍ ദീര്‍ഘകാലം പ്രസിഡന്റുമായിരുന്നു. 1992ല്‍ രൂപവത്കൃതമായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശക സമിതി ചെയര്‍മാനുമായും സേവനമനുഷ്ഠിച്ചു.
സവിശേഷമായ ചില സാഹചര്യങ്ങളെ തുടര്‍ന്ന് സമസ്ത പുനഃസംഘടിപ്പിച്ചപ്പോള്‍ അതിന്റെ നായകത്വം ഏറ്റെടുക്കാന്‍ തങ്ങള്‍ ആര്‍ജവം കാണിച്ചു. എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ചിത്താരി ഹംസ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ക്ക് മുന്നില്‍ നടക്കാന്‍ തങ്ങളുണ്ടായിരുന്നു. ഇതിന് ശേഷം നേരിട്ട നിരവധി പ്രതിസന്ധി ഘട്ടങ്ങളെ സംഘടന അതിജയിച്ചതില്‍ തങ്ങളുടെ ആത്മീയപ്രഭക്കും കുലുങ്ങാത്ത സ്ഥൈര്യത്തിനും വലിയ പങ്കുണ്ട്. അവിടുത്തെ സാന്നിധ്യം ജനമനസ്സുകളെ ആവേശം കൊള്ളിച്ചു. സമുദായത്തിന്റെ അവകാശങ്ങളെ കണ്ടില്ലെന്ന് നടിച്ച് അവഗണിച്ചവര്‍ക്കെതിരെ ലക്ഷങ്ങളെ സാക്ഷിയാക്കി വെല്ലുവിളിച്ചു. ആ ഉറച്ച ശബ്ദവും കുലുങ്ങാത്ത ആത്മവീര്യവും പലരെയും മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അത്യുജ്ജ്വലമായ തങ്ങളുടെ വാഗ്‌ധോരണികളെ രാഷ്ട്രീയക്കാരും പുരോഗമന നാട്യക്കാരും ഒരുപോലെ ഭയപ്പെട്ടു. സുന്നി പ്രസ്ഥാനത്തിനും കാന്തപുരത്തിനുമെതിരെ മല പോലെ പ്രതിസന്ധികള്‍ വന്നപ്പോഴും അചഞ്ചലമായ ആത്മീയതയും മനക്കരുത്തും മുറുകെ പിടിച്ച് അവയെ തരണം ചെയ്യാന്‍ തങ്ങള്‍ മുന്നിലുണ്ടായിരുന്നു. പ്രശസ്തമായ എറണാകുളം സുന്നി സമ്മേളനത്തില്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ആശീര്‍വാദങ്ങളോടെ തന്നെ പങ്കെടുക്കുകയും തുടര്‍ന്നങ്ങോട്ട് രാപകല്‍ വ്യത്യാസമില്ലാതെ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായി കേരളീയ മുസ്‌ലിംകള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്തു. ബുഖാരി സാദാത്തീങ്ങള്‍ പാരമ്പര്യമായി പുലര്‍ത്തിപ്പോരുന്ന സര്‍വ ഗുണങ്ങളും മേളിച്ച തങ്ങള്‍, മദ്‌റസകളെ ആധുനികവത്കരിക്കുന്നതില്‍ മറ്റുള്ളവര്‍ക്കൊപ്പം നിരന്തരം സാന്നിധ്യമറിയിച്ചു. സമസ്തയുടെ പ്രവര്‍ത്തനങ്ങളെ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിലും തങ്ങള്‍ നിര്‍വഹിച്ചത് വലിയൊരു ദൗത്യമായിരുന്നു. ആയിരക്കണക്കിന് ആളുകളെ ആത്മീയ വഴിയിലേക്ക് നയിച്ച തങ്ങള്‍, നിരവധി ത്വരീഖത്തുകളുടെ ശൈഖുമായിരുന്നു. തങ്ങളുടെ ഇടപെടലില്ലായിരുന്നെങ്കില്‍ കേരളീയ മുസ്‌ലിം ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നു പറയാം. വെല്ലുവിളികളെ നേരിടാനുള്ള ആത്മവിശ്വാസം തനിക്ക് നല്‍കിയത് ഉള്ളാള്‍ തങ്ങളായിരുന്നു എന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഒരൊറ്റ വാക്ക് മതി തങ്ങളുടെ മഹത്വമറിയാന്‍. സത്യത്തിന് വേണ്ടി സമരം ചെയ്യുകയായിരുന്നു അവിടുത്തെ ജീവിതം മുഴുവന്‍. ”സത്യത്തിന് വേണ്ടി ഏകനായിട്ടാണെങ്കിലും ഞാന്‍ പൊരുതുക തന്നെ ചെയ്യും, കൂടെ ആരുണ്ട്, ആരില്ല എന്നത് എനിക്കൊരു പ്രശ്‌നമേയല്ല” എന്ന തങ്ങളുടെ ഉറച്ച പ്രഖ്യാപനം തന്നെയാകും ഉള്ളാള്‍ തങ്ങള്‍ക്ക് ശേഷമുള്ള സമസ്തയുടെയും പോഷക സംഘടനകളുടെയും മുദ്രാവാക്യവും.

സിറാജ് ദിനപത്രം എഡിറ്റോറിയല്‍

താജുല്‍ ഉലമ ഇനി ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍


പയ്യന്നൂര്‍: നൂറ്റാണ്ടിന്റെ പണ്ഡിത തേജസ്സ് ഇനി ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍. ഏഴ് പതിറ്റാണ്ടിലേറെക്കാലം മുസ്ലിം ഇന്ത്യയെ നേര്‍വഴിയിലേക്ക് നയിച്ച മഹാമനീഷി ഇനി ഇല്ല. ഇന്നലെ വഫാത്തായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ ജനാസ ജനലക്ഷങ്ങളുടെ സാന്നിധ്യത്തില്‍ എട്ടിക്കുളത്ത് ഖബറടക്കി.

രാവിലെ 7 മണിക്ക് തുടങ്ങിയ മയ്യിത്ത് നിസ്‌ക്കാരം പല ഘട്ടങ്ങളിലായി മണിക്കൂറുകള്‍ നീണ്ടു. ആദ്യ മയ്യിത്ത് നിസ്‌ക്കാരത്തിന് മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി. ഖബറടക്കത്തിന് ശേഷം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് തല്‍ഖീന്‍ ചൊല്ലിക്കൊടുത്തത്. മന്ത്രിമാരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു.

തങ്ങളവര്‍കളുടെ വിയോഗവാര്‍ത്ത അറിഞ്ഞത് മുതല്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് എട്ടിക്കുളത്തെ വസതിയിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. രാത്രിയും പകലും വ്യത്യാസമില്ലാതെ അന്ത്യ ചടങ്ങുകള്‍ നടക്കുമ്പോഴും അത് തുടര്‍ന്നു. ജനത്തിരക്ക് മൂലം പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് പോലും കാണാനാകാതെ പതിനായിരങ്ങള്‍ക്ക് കിലോമീറ്ററുകള്‍ അപ്പുറത്ത് തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു.

ഇന്നലെ (01-02-2014) വൈകീട്ട് 3.40ഓടെയാണ് താജുല്‍ ഉലമ വഫാത്തായത്.

സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി എന്ന അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ഉള്ളാള്‍ 1341 റ. അവ്വല്‍ 25 വെള്ളിയാഴ്ച ഫറോക്കിനടുത്ത കരുവന്‍തിരുത്തിയിലാണ് ജനിച്ചത്. പിതാവ് സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരി. വാഴക്കാട് കൊന്നാര് തങ്ങന്മാരില്‍ പ്രമുഖരായിരുന്ന അഹ്മദ് കുഞ്ഞുള്ള തങ്ങള്‍ ബുഖാരിയുടെ മകന്‍ അബ്ദുര്‍റഹ്മാന്‍ ബുഖാരിയുടെ മകള്‍ ഹലീമ എന്ന കുഞ്ഞി ബീവിയാണ് മാതാവ്.

പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ കരുവന്‍തിരുത്തിയിലെ പുത്തന്‍വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാരില്‍ നിന്നാണ് ഖുര്‍ആനും പ്രാഥമിക ദര്‍സീ കിതാബുകളും പഠിച്ചത്. കരുവന്‍തിരുത്തി ജുമുഅത്ത് പള്ളിയിലായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്നത്. പള്ളി നടത്തിപ്പുകാരുമായി തെറ്റി അദ്ദേഹം കരുവന്‍തിരുത്തിയിലെ പാടത്തെ പള്ളിയിലേക്ക് ദര്‍സ് മാറ്റി സ്ഥാപിച്ചപ്പോള്‍ തങ്ങളും അദ്ദേഹത്തെ പിന്തുടര്‍ന്നു. പിന്നീട് ‘പൊന്നുംകട്ട’ എന്ന പേരില്‍ പ്രസിദ്ധനായ പൊന്നാനിയിലെ കോടമ്പിയകത്ത് മുഹമ്മദ് മുസ്‌ലിയാര്‍ കരുവന്‍തിരുത്തിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. കൊടുവള്ളിക്കടുത്ത കളരാന്തിരിയില്‍ കോണപ്പുഴ മുഹമ്മദ് മുസ്‌ലിയാരുടെ (കോടമ്പുഴ ബാവ മുസ്‌ലിയാരുടെ പിതാവ്) ദര്‍സിലും ഒന്നര മാസം പഠിച്ചു. പറമ്പത്ത് ദര്‍സ് നടത്തിയിരുന്ന പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ ദര്‍സിലായിരുന്നു അടുത്ത പഠനം. അതും ഒന്നര മാസക്കാലം മാത്രമേ നീണ്ടുനിന്നുള്ളൂ. പറമ്പത്ത് നിന്ന് കരുവന്‍തിരുത്തി ദര്‍സിലേക്ക് തന്നെ മടങ്ങിയെത്തി. എ പി അബ്ദുര്‍റഹ്മാന്‍ എന്ന അവറാന്‍ മുസ്‌ലിയാരായിരുന്നു ഉസ്താദ്. പിന്നീട് പറവണ്ണ മൊയ്തീന്‍ കട്ടി മുസ്‌ലിയാര്‍ പരപ്പനങ്ങാടി പനയത്തിങ്ങലില്‍ ദര്‍സ് തുടങ്ങിയപ്പോള്‍ അവിടെ ചേരാന്‍ ഒരുങ്ങിയെങ്കിലും, പറവണ്ണയുടെ നിര്‍ദേശാനുസാരം പറമ്പത്ത് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേരുകയായിരുന്നു. മൂന്നര വര്‍ഷം കണ്ണിയത്തിന്റെ കീഴില്‍ പഠിച്ച ശേഷം പനത്തില്‍ പള്ളിയിലെ കാടേരി അബ്ദുല്‍ കമാല്‍ മുസ്‌ലിയാരുടെ ദര്‍സിലേക്ക് മാറി. തൃക്കരിപ്പൂര്‍ തങ്കയം ബാപ്പു മുസ്‌ലിയാരുടെ ശിഷ്യനായി നങ്ങാട്ടൂര്‍ ദര്‍സിലും പഠിച്ചിരുന്നു.

ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ വെല്ലൂര്‍ ബാഖിയാത്തില്‍ ദര്‍സ് നടത്തുന്നുണ്ടെന്നും അങ്ങോട്ട് പോകണമെന്നും കണ്ണിയത്ത് നിര്‍ദേശിച്ചതനുസരിച്ച് ബാഖിയാത്തിലേക്ക് പുറപ്പെട്ടെങ്കിലും, ഇ കെ തലക്കടുത്തൂരിനടുത്ത പറമ്പത്ത് ദര്‍സിലാണെന്ന് വഴിക്കുവെച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ടാമതും പറമ്പത്ത് ദര്‍സില്‍ ചേര്‍ന്നു. ഇ കെ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം കോളജിലേക്ക് മാറിയപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ചു. രണ്ട് കൊല്ലം തളിപ്പറമ്പിലും പഠിച്ചു. അവിടെ നിന്നാണ് ബിരുദപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തിലേക്ക് പോയത്. ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവരുടെ ശിക്ഷണത്തില്‍ രണ്ട് വര്‍ഷം അവിടെ പഠിച്ചു. ഒന്നാം റാങ്കോടെ വെല്ലൂരില്‍ നിന്ന് ബിരുദം നേടി തിരിച്ചെത്തിയ ഉടനെ കാസര്‍കോട് ഖാസിയും തന്റെ ഉസ്താദുമായ അവറാന്‍ മുസ്‌ലിയാരുടെ നിര്‍ദേശമനുസരിച്ച് ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ പ്രിന്‍സിപ്പലായി ചാര്‍ജെടുത്തു. ഹിജ്‌റ 1371ല്‍ ആരംഭിച്ച ആ സേവനം ആറ് പതിറ്റാണ്ടായി തുടര്‍ന്നുവരികയായിരുന്നു.

1956-ലാണ് സംഘടനാ രംഗത്തേക്ക് വരുന്നത്. ആ വര്‍ഷം സെപ്തംബര്‍ 20ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ഉള്ളാള്‍ തങ്ങളെ മുശാവറ അംഗമായി തിരഞ്ഞെടുത്തു. 1965 ആഗസ്റ്റ് 20ന് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയില്‍ തങ്ങളും ഉള്‍പ്പെട്ടിരുന്നു. അയനിക്കാട് ഇബ്‌റാഹിം മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സമസ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 1976 നവംബര്‍ 29ന് തിരഞ്ഞെടുക്കപ്പെട്ട തങ്ങള്‍ 1989ല്‍ സമസ്ത പ്രസിഡന്റായി. ദീര്‍ഘകാലം വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായിരുന്നു. 1992ല്‍ രൂപവത്കൃതമായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശക സമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

രാമന്തളിയിലെ സയ്യിദ് അഹ്മദ് കോയ തങ്ങളുടെ പുത്രി സയ്യിദത്ത് ഫാത്വിമ കുഞ്ഞി ബീവിയാണ് ഭാര്യ. ഹാമിദ് ഇമ്പിച്ചി കോയതങ്ങള്‍, ഫസമ്മല്‍ കോയമ്മ തങ്ങള്‍ എന്നിവര്‍ പുത്രന്മാരാണ്. ബീകുഞ്ഞി (മഞ്ചേശ്വരം), മുത്ത്ബീവി (കരുവന്‍തിരുത്തി), കുഞ്ഞാറ്റബീവി (കാസര്‍കോട് തിരുത്തി), ചെറിയബീവി (കാസര്‍ഗോട് ഉടുമ്പുന്തല), റംലബീവി (കുമ്പോല്‍) എന്നീ പെണ്‍കുട്ടികളുമുണ്ട്.

അനുശോചന സന്ദേശങ്ങള്‍

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍

കോഴിക്കോട്: തിരുനബി കുടുംബത്തിലെ സമുന്നതനായ നേതാവും കര്‍മനിരതനായ പണ്ഡിതവര്യരുമായിരുന്നു താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹിമാന്‍ അല്‍ ബുഖാരിയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന ആയിരക്കണക്കിന് ശിഷ്യസമ്പത്തുള്ള പണ്ഡിത കാരണവരായിരുന്ന അദ്ദേഹത്തിന്റെ വിയോഗം മുഴുവന്‍ ജനങ്ങള്‍ക്കും തീരാനഷ്ടമാണ്. തങ്ങളുടെ കുടുംബത്തെയും പ്രസ്ഥാന ബന്ധുക്കളെയും മുഹിബ്ബീങ്ങളെയും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടങ്ങളുടെയും അനുശോചനമറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പുരുഷായുസ്സ് ദീനിനും സുന്നത്ത് ജമാഅത്തിനും നേതൃത്വം നല്‍കിയ ഉള്ളാള്‍ തങ്ങള്‍ പ്രസ്ഥാന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്നും ആവേശമായിരുന്നു. ആദര്‍ശ പ്രതിബദ്ധതയും ഇച്ഛാശക്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള പണ്ഡിത ശ്രേഷ്ടനായിരുന്നു അദ്ദേഹം.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സയ്യിദ് വൈലത്തൂര്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മലേഷ്യ, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍ഹിമാന്‍ സഖാഫി എന്നിവരും അനുശോചിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമാദരണീയനായ നേതാവ് സയ്യിദ് അബ്ദുര്‍റഹിമാന്‍ അല്‍ബുഖാരിയുടെ ദേഹ വിയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. കേരളത്തില്‍ മത വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമര്‍പ്പിച്ച പണ്ഡിത വര്യരായിരുന്നു അദ്ദേഹമെന്ന് ഉമ്മന്‍ചാണ്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റും ആത്മീയ നേതാവുമായ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹിമാന്‍ അല്‍ ബുഖാരി തങ്ങളുടെ നിര്യാണത്തില്‍ കെ പി സി സി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല അനുശോചിച്ചു. ആത്മീയ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ നിസ്തുലമായ സേവനം കാഴ്ച വെച്ചിട്ടുള്ള വ്യക്തിയാണ് തങ്ങളെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മഞ്ഞളാംകുഴി അലി

തിരുവനന്തപുരം: സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ നിര്യാണത്തോടെ മഹാനായ പണ്ഡിത ശ്രേഷ്ഠനെയാണ് മുസ്‌ലിം കൈരളിക്ക് നഷ്ടമായതെന്ന് നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി അനുശോചിച്ചു.

എസ് എസ് എഫ്

കോഴിക്കോട്: ആധുനിക മുസ്‌ലിം കേരളത്തിന് ആദര്‍ശപരമായ ദിശ നിര്‍ണയിച്ച പണ്ഡിത ശ്രേഷ്ഠരെയാണ് ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹിമാന്‍ അല്‍ബുഖാരി തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശ പക്ഷപാതിത്വം പുലര്‍ത്തിക്കൊണ്ടുതന്നെ ഏറ്റവും സുശക്തമായ മുസ്‌ലിം സംഘടനാ സംവിധാനം കേരളത്തില്‍ രൂപപ്പെടുത്താനും കരുത്തുറ്റ നേതൃത്വം നല്‍കാനും തങ്ങള്‍ക്ക് സാധിച്ചു. ഇസ്‌ലാമിക ദഅ്‌വാ രംഗത്ത് പുതിയ കുതിപ്പുകള്‍ക്ക് ആവേശം പകരാനും മുന്നേറ്റങ്ങള്‍ക്ക് നായകനാവാനും തങ്ങള്‍ക്ക് സാധ്യമായി. പരമ്പരാഗതമായ ദര്‍സ് സംവിധാനത്തെ പരിപോഷിപ്പിക്കുന്നതില്‍ അനല്‍പ്പമായ പങ്കു വഹിച്ച ഉള്ളാള്‍ തങ്ങള്‍ പുതിയ കാലത്തോട് സംവദിക്കാന്‍ പ്രാപ്തരായ അനേകം പണ്ഡിതന്‍മാരെയും സമൂഹത്തിന് സംഭാവന ചെയ്തു. നിര്‍ണായക ഘട്ടങ്ങളില്‍ ആര്‍ജവമുള്ള നിലപാടുകള്‍ സ്വീകരിക്കുക വഴി കേരളീയ മുസ്‌ലിം സമൂഹത്തിന് പൊതുവെയും സുന്നി പ്രസ്ഥാനത്തിന് വിശേഷിച്ചും അന്തസ്സുള്ള അസ്ഥിത്വമുണ്ടാക്കിക്കൊടുക്കുന്നതില്‍ തങ്ങള്‍ നല്‍കിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും.

ആര്‍ എസ് സി

റിയാദ്: താജുല്‍ ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ നിര്യാണത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി നാഷനല്‍ കമ്മിറ്റി അഗാധ ദു:ഖം രേഖപ്പെടുത്തി. പ്രമുഖ സൂഫിവര്യനും പണ്ഡിത തറവാട്ടിലെ കാരണവരുമായ താജുല്‍ ഉലമയുടെ വിയോഗം മുസ്‌ലിം ലോകത്തിന് വന്‍ നഷ്ടമാണെന്ന് ആര്‍ എസ് സി സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു.സന്നിഗ്ധ ഘട്ടങ്ങളില്‍ ഉള്ളാള്‍ തങ്ങളുടെ നേതൃത്വവും പ്രാര്‍ഥനയും പ്രസ്ഥാനത്തിന് കരുത്ത് നല്‍കിയിട്ടുണ്ട്. ഉള്ളാള്‍ തങ്ങളുടെ പേരില്‍ പ്രത്യേക പ്രാര്‍ഥന നടത്താന്‍ ആര്‍എസ്‌സി സഊദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മഹ്മൂദ് സഖാഫി മാവൂര്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ റഹീം കോട്ടക്കല്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

ഐ എന്‍ എല്‍

കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ നിര്യാണത്തില്‍ ഐ എന്‍ എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍, സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയ വളപ്പില്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് അനുശോചിച്ചു. അത്മീയ കേരളത്തിന്റെ പ്രകാശ ഗോപുരവും ആദര്‍ശ വിശുദ്ധിയുടെ ദീപസ്തംഭവുമായിരുന്നു ഉള്ളാള്‍ തങ്ങളെന്ന് അവര്‍ പറഞ്ഞു. വിനയവും പക്വതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മുസ്‌ലിം സമുദായത്തിന് മാത്രമല്ല, കേരളീയ പൊതു സമൂഹത്തിന് തന്നെ തങ്ങളുടെ വിയോഗം തീരാ നഷ്ടമാണെന്ന് അവര്‍ പറഞ്ഞു.
ആള്‍ ഖബീല സാദാത്ത് അസോസിയേഷന്‍

കോഴിക്കോട്: കേരളീയ മുസ്‌ലിംകളുടെ വിശിഷ്യാ സയ്യിദ് സമൂഹത്തിന്റെ അമരക്കാരനും പണ്ഡിത സൂരിയുമായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഉള്ളാള്‍ തങ്ങളുടെ വഫാത്തില്‍ ആള്‍ ഖബീല സാദാത്ത് അസോസിയേഷന്‍ അനുശോചിച്ചു. തങ്ങളുടെ വിയോഗത്തിലൂടെ കേരളീയ തങ്ങന്മാരുടെ കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്ന് അഖ്‌സ സംസ്ഥാന പ്രസിഡന്റ് തിരൂര്‍ക്കാട് സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ലുഖ്മാനുല്‍ ഹഖീം ഐദറൂസി ഇളനീര്‍ക്കരയും സ്മരിച്ചു.

പി ഡി പി

കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ നിര്യാണത്തില്‍ പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി അനുശോചിച്ചു.
പണ്ഡിത ലോകത്തെ ഉജ്ജ്വല പ്രതിഭാസമായിരുന്ന തങ്ങള്‍ നിലപാടുകളുള്ള മുസ്‌ലിം കേരളത്തിന്റെ നേതാവു കൂടിയായിരുന്നുവെന്നും മുസ്‌ലിം സമുദായത്തിന് മാത്രമല്ല, കേരളീയ പൊതു സമൂഹത്തിന് തന്നെ തങ്ങളുടെ വിയോഗം തീരാ നഷ്ടമാണെന്നും അദ്ദേഹം അനുശോചിച്ചു.

നെഞ്ച് വിരിച്ചു നടക്കാന്‍ പഠിപ്പിച്ച നേതാവ്‌

സുന്നി സമ്മേളന വേദികളിലേക്ക് ഉള്ളാള്‍ തങ്ങളുടെ വരവുണ്ട്. സുന്നി സമൂഹം കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെ നേടിയ അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രതീകം കൂടിയാണ് തങ്ങളുടെ ആ വരവ്. തങ്ങള്‍ വരുന്നുണ്ടെന്ന അറിയിപ്പ് സംഘാടകര്‍ നല്‍കിക്കഴിഞ്ഞാല്‍ പിന്നെ സുന്നി പ്രവര്‍ത്തകര്‍ക്ക് ഇരിപ്പുറക്കില്ല. പ്രിയ നേതാവിനെ സ്വീകരിക്കാന്‍ അവര്‍ എഴുന്നേറ്റു നില്‍ക്കുകയായി. മദീനയിലേക്ക് വിരുന്നു വന്ന പ്രവാചകപുംഗവരെ എതിരേല്‍ക്കാന്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അന്‍സാറുകള്‍ ചൊല്ലിയ മധുര ഗാനം മുഴക്കി ജനലക്ഷങ്ങള്‍ നേതാവിനെ സ്വീകരിക്കുന്നു. തങ്ങള്‍ വേദിയിലെത്തി ഇരുന്നു എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം അണികള്‍ തങ്ങളുടെ ഇരിപ്പിടങ്ങളിലേക്ക് മടങ്ങുന്നു. ഒരു കാലത്ത് അപമാന മുദ്രയായി കണക്കാക്കി ആളുകള്‍ പരിഹസിച്ചിരുന്ന തലപ്പാവും തലയില്‍ ചുറ്റിയാണ് തങ്ങളുടെ ആ വരവ്. പഴഞ്ചന്‍ ആചാരങ്ങള്‍ എന്ന് കളിയാക്കി വിളിച്ചു പലരും മാറ്റി നിര്‍ത്തിയിരുന്ന എല്ലാ അടയാളങ്ങളും തങ്ങളുടെ ദേഹത്തുണ്ടാകും. പച്ച ഷാള്‍ മുതല്‍ പുണ്യ പ്രവാചകരുടെ ചെരുപ്പിന്റെ മാതൃക വരെ. അങ്ങനെയൊരു നേതാവിനെയാണ് ഇത്രമേല്‍ മധുര മനോഹരമായി ഒരു ജനസമൂഹം സ്വീകരിച്ചിരുത്തുന്നത്. എന്താകും ഈ പാരസ്പര്യത്തിന്റെ പൊരുള്‍?.
കേരളത്തിലെ മുസ്‌ലിംകളുടെ മതകീയ അസ്തിത്വത്തിനു നേരെ ഉയര്‍ന്ന ചോദ്യങ്ങളെ ആത്മധൈര്യത്തോടെ നേരിടാനുള്ള സുന്നികള്‍ പഠിച്ചത് ഉള്ളാള്‍ തങ്ങളില്‍ നിന്നാണ്. സമസ്തയുടെ ഭാഗധേയം നിര്‍ണായകമായ യോഗത്തില്‍ നിന്ന് പതിനൊന്നു പണ്ഡിതന്മാരെയും കൂട്ടി സമസ്ത പുനഃസംഘടിപ്പിക്കാന്‍ പുറപ്പെടുമ്പോള്‍ ഉള്ളാള്‍ തങ്ങളുടെയും കാന്തപുരം ഉസ്താദിന്റെയും ആത്മധൈര്യം മാത്രമായിരുന്നു സുന്നികളുടെ കൈമുതല്‍. ഒപ്പം ഏതു പ്രതിസന്ധിയിലും സത്യത്തെ മുറുകെപ്പിടിക്കണമെന്നുള്ള വിശ്വാസികളോടുള്ള പ്രവാചക തിരുമേനിയുടെ വസിയ്യതും. ശൂന്യമായ കൈകളുമായി പ്രവര്‍ത്തനത്തിനിറങ്ങി പുറപ്പെട്ടവര്‍ സാധിച്ചെടുത്ത മഹാ വിപ്ലവം കണ്ടു സ്തബ്ധരായവരില്‍ സത്യത്തിന്റെ ശത്രുക്കള്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. അവരുടെ പുതിയ കൂട്ടുകാരും ഉണ്ടായിരുന്നു. അവര്‍ കൊണ്ടുവന്ന മാറ്റങ്ങളുടെ ഗുണഭോക്താക്കള്‍ സുന്നികള്‍ മാത്രമായിരുന്നില്ല. ഉള്ളാള്‍ തങ്ങളും കാന്തപുരം ഉസ്താദും സാധിച്ചെടുത്ത സാമൂഹിക മാറ്റങ്ങളുടെ തണലിലിരുന്നാണ് ആദര്‍ശ ശത്രുക്കള്‍ പോലും തങ്ങളുടെ ഭാവി കരുപ്പിടിപ്പിച്ചത് എന്നത് വിധിയുടെ മറ്റൊരു നിയോഗം.
കാന്തപുരം ഉസ്താദ് ഓരോ പ്രസംഗത്തിലും ഉള്ളാള്‍ തങ്ങളെ ‘എന്റെ നേതാവ്’ എന്ന് വിശേഷിപ്പിച്ചത് വെറുതെയായിരുന്നില്ല. ഉള്ളാള്‍ തങ്ങളുടെ നേതൃത്വത്തിന് തിട്ടപ്പെടുത്തിയെടുക്കാനാകാത്ത ചില സൗഭാഗ്യങ്ങള്‍ ഉണ്ടായിരുന്നു. ചവിട്ടിയരക്കപ്പെടും എന്നിടത്തു നിന്നും സുന്നികളെ കേരളീയ സമൂഹത്തിന്റെ മുഖ്യധാരയിലെക്കും അതിനുമപ്പുറം ദേശീയവും അന്തര്‍ദേശീയവുമായ ബന്ധങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിലേക്കും എത്തിച്ചത് ഉള്ളാള്‍ തങ്ങളുടെ സമാനതകളില്ലാത്ത നേതൃ ഗുണങ്ങളായിരുന്നു. ആ നേതൃ ഗുണങ്ങളാണ് കേരളത്തിലെ സുന്നികളെ അഭിമാനികളാക്കിയത്. അവരുടെ വെള്ളയുടുപ്പിന് ചാരുത വര്‍ധിപ്പിച്ചത്. അവരുടെ തലപ്പാവുകള്‍ക്ക് എടുപ്പ് ഏറ്റിയത്.
ലോകപ്രശസ്തനായ ഇസ്‌ലാം മതപണ്ഡിതന്‍ സയ്യിദ് അലവി മാലികി മക്ക കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞു. രണ്ട് നേതാക്കളെ കൊണ്ട് അനുഗൃഹീതരാണ് നിങ്ങള്‍. ഉള്ളാള്‍ തങ്ങളും കാന്തപുരം ഉസ്താദും. തന്റെ പിതാവിന്റെ ശിഷ്യന്‍ എന്നാണു അന്ന് ഉള്ളാള്‍ തങ്ങളെ മാലികി സദസ്സിനു പരിചയപ്പെടുത്തിയത്. മത വിജ്ഞാനങ്ങളില്‍ ഉള്ളാള്‍ തങ്ങള്‍ക്കുള്ള പ്രാഗല്‍ഭ്യത്തെ സദസ്സിനു ബോധ്യപ്പെടുത്തുക കൂടിയായിരുന്നു മാലികി. ലോക മുസ്‌ലിം പണ്ഡിതന്മാരുമായി ബന്ധം പുലര്‍ത്തിയ ആമാഹാമനീഷി തന്റെ പാണ്ഡിത്യവും ആരോഗ്യവും സമയവും മുഴുവന്‍ ചെലവഴിച്ചതാകട്ടെ സ്വന്തം നാട്ടിലെ മുസ്‌ലിംകളെ കൈപിടിച്ചുയര്‍ത്താനും. വ്യക്തിപരമായ സൗഭാഗ്യങ്ങളിലോ സൗകര്യങ്ങളിലോ ആ പണ്ഡിതവര്യര്‍ കണ്ണ് വെച്ചില്ല. അത് കൊണ്ട് തന്നെ താജുല്‍ ഉലമ എന്ന് മുസ്‌ലിം കേരളം ആ മഹാ നേതാവിനെ ആദരപൂര്‍വം പേര്‍ വിളിച്ചു.
പ്രായം നൂറിനോടടുത്തിട്ടും പ്രസരിപ്പോടെ നടന്ന ആ നേതാവിന്റെ ജീവിതം അസ്തിത്വത്തിനു വേണ്ടി സുന്നികള്‍ നടത്തിയ പോരാട്ടങ്ങളുടെ നേര്‍സാക്ഷ്യമാണ്. ആദര്‍ശത്തിന്റെ സംസ്ഥാപനത്തിനും സംരക്ഷണത്തിനും മുന്നിലെ തടസ്സങ്ങളെ ചങ്കൂറ്റത്തോടെ നേരിടാനുള്ള ആഹ്വാനം തങ്ങളുടെ ശരീര ഭാഷയില്‍ തന്നെ പ്രകടമാണ്. അതിനു തടസ്സം നില്‍ക്കുന്നവരെ തങ്ങള്‍ കൂസാറില്ല, അവരെത്ര വലിയവരായാലും. സത്യത്തിനു കാവല്‍ നില്‍ക്കാന്‍ ആരെയും കാത്തിരിക്കരുതെന്നതായിരുന്നു തങ്ങള്‍ സ്വന്തം പ്രവൃത്തികളിലൂടെ കാണിച്ചുതന്നത്. മുഖത്ത് നോക്കി ആര്‍ജവത്തോടെ സത്യം തുറന്നു പറയാന്‍ ഉള്ളാള്‍ തങ്ങളെ പോലെ ധൈര്യം ഉള്ള മതപണ്ഡിതന്മാര്‍ അപൂര്‍വമാണ്. ആ പണ്ഡിത വംശത്തിനു നാശം സംഭവിച്ചു പോകരുതെന്ന നിര്‍ബന്ധമായിരുന്നു കണ്ണിയത്ത് ഉസ്താദിന്റെ ശിഷ്യനെ സമസ്തയുടെ നേതൃ പദവിയില്‍ എത്തിച്ചത്

അഭിമാന ബോധം നല്‍കിയ ശബ്ദം

ഇതേതാ സംഘടന എന്നാ നിങ്ങളുടെ വിചാരം എന്ന് ചോദിച്ചുകൊണ്ടാണ് ചരിത്രപ്രസിദ്ധമായ എസ് വൈ എസ്സിന്റെ എറണാകുളം സമ്മേളനത്തില്‍ ഉള്ളാള്‍ തങ്ങളുടെ പ്രൗഢമായ പ്രസംഗം തുടങ്ങിയത് തന്നെ. കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ ഭാവി നിര്‍ണയിച്ച ഒരു ചോദ്യം കൂടിയായിരുന്നു അത്. ആ ചോദ്യം നല്‍കിയ ആത്മ വിശ്വാസത്തിലാണ് 1989 മുതല്‍ സുന്നി പ്രസ്ഥാനം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയതും മലയാളി മുസ്‌ലിംകളുടെ ചരിത്ര വര്‍ത്തമാനങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന തരത്തില്‍ അതിന്റെ ജൈത്ര യാത്ര തുടങ്ങിയതും.

ഉള്ളാള്‍ തങ്ങളുടെ പ്രഭാഷണങ്ങള്‍ എന്നും അങ്ങനെയായിരുന്നു. ചോദിക്കേണ്ടത് ചോദിച്ചും മറുപടി പറയേണ്ടിടത്ത് പറഞ്ഞുമായിരുന്നു തങ്ങളുടെ ഓരോ പ്രഭാഷണങ്ങളും. അളന്നു മുറിച്ചുള്ള ആ വാക്കുകള്‍ അനുഭവത്തിന്റെ ഉശിരില്‍ പൊതിഞ്ഞവയായിരുന്നു. അറിവിന്റെ ആഴവും പരപ്പും ആ വാക്കുകളില്‍ ഒളിഞ്ഞിരിക്കും. ഒരു തത്വജ്ഞാനിയുടെ ദീര്‍ഘ ദര്‍ശനങ്ങള്‍ അതില്‍ നിറഞ്ഞുതുളുമ്പും. ഒരു നേതാവിന്റെ സമചിത്തതയും ഒരു പ്രവര്‍ത്തകന്റെ ആവേശവും ആ പ്രസംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കും. വാക്കുകളുടെ തിരഞ്ഞെടുപ്പുകളില്‍ പോലുമുണ്ടാകും അറിവിന്റെയും അനുഭവങ്ങളുടെയും ഈ അതിമനോഹരമായ വര്‍ണമേളനം.
ചോദ്യം ചോദിച്ചു തുടങ്ങിയ എറണാകുളത്തെ ആ പ്രഭാഷണം പിന്നീട് സമസ്തയുടെ ചരിത്രത്തില്‍ എത്തി. പൂര്‍വകാല പണ്ഡിതമാരെയും അവരുടെ ചരിത്രവും പറഞ്ഞതിനു ശേഷം പിന്നെ ഒരു പ്രഖ്യാപനമാണ്; ‘ഈ സംഘടനയെ നിങ്ങള്‍ ആര് വിചാരിച്ചാലും തകര്‍ക്കാനാകില്ല’. അന്നവിടെ ഉയര്‍ന്ന തക്ബീര്‍ ധ്വനികളുടെ പ്രതിധ്വനി ഇന്നും അവസാനിച്ചിട്ടില്ലെന്നതിനു ഏറ്റവും ഒടുവില്‍ കോഴിക്കോട് കടപ്പുറത്ത് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ എത്തിയ മനുഷ്യ സാഗരം സാക്ഷി.

കേരളത്തില്‍ സുന്നികളെ ചോദ്യം ചോദിക്കാന്‍ പഠിപ്പിച്ചത് ഉള്ളാള്‍ തങ്ങളായിരുന്നു. അതുവരെയും മറ്റുള്ളവര പറയുന്ന മറുപടി കേട്ട് മിണ്ടാതിരിക്കാനായിരുന്നു സുന്നികളുടെ വിധി. ആ ചോദ്യങ്ങളും വെല്ലുവിളികളും തങ്ങളുടെ ഓരോ പ്രസംഗത്തിലും ഉണ്ടാകും. ഇടക്കിടെ നിര്‍ത്തിയും ചോദ്യങ്ങള്‍ ചോദിച്ചുമായിരുന്നു തങ്ങളുടെ ഓരോ പ്രസംഗവും മുന്നേറുക. സദസ്യര്‍ തന്റെ കൂടെയുണ്ടെന്ന് ഉറപ്പ് വരുത്തും. ജനലക്ഷങ്ങള്‍ ആ വാക്കുകള്‍ക്കു മുന്നില്‍ നിശ്ശബ്ദരാകും. തക്ബീര്‍ ചൊല്ലി തങ്ങളുടെ പ്രിയ നേതാവിന് പിന്തുണ അറിയിക്കും. തങ്ങളുയര്‍ത്തിയ ചോദ്യങ്ങള്‍ അവര്‍ ഏറ്റുപിടിക്കും. ശ്രോതാക്കളെ ഇത്രയും ആവേശഭരിതരാക്കിയ പ്രഭാഷകര്‍ നന്നേ കുറവ്.

വലൗ കുന്‍ ത വഹദീ………. എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും തങ്ങള്‍ നടത്തിയ പ്രസംഗങ്ങളില്‍ സ്ഥിരമായുണ്ടാവാറുള്ള ഒരു പ്രയോഗമായിരുന്നു അത്. സിദ്ദീകുല്‍ അക്ബറില്‍ (റ) നിന്നും കടമെടുത്ത ആ വാക്യം ഉദ്ധരിച്ചു തങ്ങള്‍ പറയും: ‘സത്യത്തിനു വേണ്ടി എകനായിട്ടാനെങ്കിലും ഞാന്‍ പൊരുതുക തന്നെ ചെയ്യും. കൂടെ ആരുണ്ട്, ആരില്ല എന്നത് എനിക്കൊരു പ്രശ്‌നമേ അല്ല. ‘ ആദര്‍ശത്തില്‍ നിന്നും വ്യതിചലിച്ച ഒരു വിഭാഗത്തെ ഒഴിവാക്കിയ ശേഷം സമസ്ത പുനഃസംഘടിപ്പിച്ചപ്പോള്‍ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ക്കെല്ലാം ഉള്ള ഉത്തരം അതിലുണ്ടായിരുന്നു.

എസ് വൈ എസ്. ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനത്തില്‍ തങ്ങള്‍ നടത്തിയ പ്രസംഗം കേരളം മറന്നിട്ടുണ്ടാവില്ല. കേരളത്തിലെ സുന്നികളുടെ ന്യായമായ അവകാശങ്ങള്‍ക്ക് മേല്‍ സാമുദായിക രാഷ്ട്രീയം കൈവെച്ച സന്ദര്‍ഭത്തിലായിരുന്നു ആ പ്രഭാഷണം. കോഴിക്കോട് കടപ്പുറത്തെ ലക്ഷക്കണക്കിന് സുന്നി പ്രവര്‍ത്തകരെ സാക്ഷി നിരത്തി ഉള്ളാള്‍ തങ്ങള്‍ സുന്നികളുടെ രാഷ്ട്രീയ നയം വ്യക്തമാക്കിയപ്പോള്‍ ജനസാഗരം തക്ബീര്‍ ചൊല്ലി അതിനെ നെഞ്ചില്‍ ഏറ്റി. അതുകണ്ട് മറുപുറത്തിരുന്നു അറബിക്കടലിലെ തിരമാലകള്‍ രോമാഞ്ചം കൊണ്ട് ഉയര്‍ന്നു പൊങ്ങി. സാമുദായിക രാഷ്ട്രീയത്തിന്റെ അഹങ്കാരത്തിന്റെ തിടമ്പ് പൊട്ടിച്ചിതറിയതിനു അധികം വൈകാതെ തന്നെ കേരളം സാക്ഷ്യം വഹിച്ചു. അതായിരുന്നു ഉള്ളാള്‍ തങ്ങള്‍. ആ വാക്കുകളിലെ മാസ്മരികതക്ക് മുന്നില്‍ തോറ്റുപോകാത്തവരില്ല, വെല്ലുവിളികള്‍ക്ക് മുന്നില്‍ തല കുനിക്കാത്തവരില്ല, ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാത്തവരുമില്ല.

കേരള മുസ്‌ലിംകളുടെ ചരിത്ര വര്‍ത്തമാനങ്ങളോട് സംവദിച്ച ആ മാസ്മരിക ശബ്ദം അതിന്റെ നാഥനിലേക്കു യാത്രയായിരിക്കുകയാണ്. ഈ സമുദായത്തിന് അഭിമാന ബോധം നല്‍കിയ ശബ്ദമാണ് നിലച്ചിരിക്കുന്നത്. ആ വാക്കുകള്‍ മാര്‍ഗം തെളിച്ച വഴിയേ അടിപതറാതെ മുന്നേറാനുള്ള കരുത്തും ഊര്‍ജവും ആത്മവിശ്വാസവും ബാക്കിയാക്കിയാണ് തങ്ങള്‍ തന്റെ രക്ഷിതാവിങ്കലേക്കുള്ള അവസാന യാത്ര തുടങ്ങിയിരിക്കുന്നത്. ഉള്ളാള്‍ തങ്ങളുടെ അനുയായികളായിരുന്നു എന്നതിനേക്കാള്‍ ഈ കാലഘട്ടത്തില്‍ നമുക്ക് മറ്റെന്തു ഭാഗ്യമാണ് വേണ്ടത്?
എന്‍ അലി അബ്ദുല്ല

അവിടുത്തെ പ്രാര്‍ഥന പോലെ

താജുല്‍ ഉലമയെന്നാല്‍ പണ്ഡിതരുടെ കിരീടമെന്നര്‍ഥം. അറിവിന്റെ വലിപ്പവും വിനയവും ഒരുമിച്ച മഹാനെയാണ് താജുല്‍ ഉലമയുടെ വിയോഗത്തോടെ മറഞ്ഞു പോയത്. ഒന്‍പത് പതിറ്റാണ്ട് നീണ്ട ജീവിത യാത്രയില്‍ ജീവിതാവസാനം വരെ പൊതു പ്രവര്‍ത്തന രംഗത്ത് ചെറുപ്പക്കാരെപ്പോലെ സജീവമായി. അവിടുത്തെ പ്രാര്‍ഥന പോലെത്തന്നെ, വിജ്ഞാനവുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്ന് ഒരിക്കലും മാറി നിന്നില്ല. അറിവന്റെ പ്രചാരണത്തിലും സേവനത്തിലും അവസാനം വരെ നിലനിര്‍ത്തണേയെന്നതായിരന്നു എപ്പോഴത്തേയും പ്രാര്‍ഥന.
ആയിരക്കണക്കിന് വരുന്ന ശിഷ്യന്മാരുടെ ഗുരുവര്യരായിരുന്ന താജുല്‍ ഉലമക്ക് കര്‍മശാസ്ത്രത്തില്‍ 10 വാള്യങ്ങളുള്ള തുഹ്ഫത്തുല്‍ മുഹ്താജ് പോലെയുള്ള ബൃഹത്തായ ഗ്രന്ഥങ്ങള്‍ മനഃപാഠമായിരുന്നു. ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കു പകരുന്നതായിരുന്നു ആ ക്ലാസുകള്‍.
സമസ്തയുടെ അധ്യക്ഷനെന്ന നിലയില്‍ സമൂഹത്തെ വിവേകത്തോടെയും ധിഷണയോടെയും മുന്നോട്ടു നയിക്കാന്‍ താജുല്‍ ഉലമക്കു കഴിഞ്ഞു. സംഭവബഹുലമായ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലെ അവിടുത്തെ നേതൃ പാടവത്തിന്റെയും ആശീര്‍വാദത്തിന്റെയും ഫലമാണ് രാജ്യത്തൊന്നാകെയും വിദേശ രാജ്യങ്ങളിലും പരന്നു കിടക്കുന്ന സുന്നീ പ്രസ്ഥാനിക പ്രവര്‍ത്തനങ്ങള്‍.
ആത്മീയ മേഖലയില്‍ ലക്ഷക്കണക്കിനു വരുന്ന ആളുകളുടെ ഗുരുവര്യരായിരുന്നു അവിടുന്ന്. ലോക പ്രശസ്ത പണ്ഡിതനായ സയ്യിദ് ഹബീബ് അലി ജിഫ്‌രി രണ്ട് മാസം മുമ്പ് യമനില്‍ വെച്ചു കണ്ടപ്പോള്‍ എന്നോട് താജുല്‍ ഉലമയെപ്പറ്റി പറഞ്ഞത് ആത്മീയ വെളിച്ചം മുഖത്തും മനസ്സിലും പ്രകാശിക്കുന്ന ഗുരുവര്യരെന്നാണ്.

പ്രാര്‍ഥനാ സമ്മേളനങ്ങളില്‍ ഇനി ആ സാന്നിധ്യമില്ല

മലപ്പുറം: മഅ്ദിന്‍ സ്ഥാപനങ്ങള്‍ക്ക് എന്നും തണലായിരുന്നു സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍. തുടക്കം മുതല്‍ മഅ്ദിന്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉയര്‍ച്ചയില്‍ പങ്കാളിയായി മാറിയ തങ്ങള്‍ റമസാന്‍ ഇരുപത്തിയേഴാം രാവിലെ പ്രാര്‍ഥനാ സമ്മേളനങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രാര്‍ഥനാ സമ്മേളനത്തിനും അനാരോഗ്യം മറന്ന് തങ്ങള്‍ എത്തുകയും പ്രാര്‍ഥനക്കും സ്വലാത്തിനുമെല്ലാം നേതൃത്വം നല്‍കുകയും ചെയ്തു. തങ്ങള്‍ പങ്കെടുത്ത അവസാനത്തെ പൊതുവേദിയും മഅ്ദിന്‍ പ്രാര്‍ഥനാസമ്മേളനമായിരുന്നു. അന്ന് ഏറെ നേരം മഅ്ദിനില്‍ ഖലീല്‍ തങ്ങളോടൊപ്പം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. മഅ്ദിന്‍ ഉപദേശക സമിതി ചെയര്‍മാനായ തങ്ങളുടെ നിര്‍ദേശങ്ങളാണ് സ്ഥാപനത്തെ വളര്‍ത്തിയതെന്ന് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ അനുസ്മരിക്കുന്നു. കോണോംപാറ പള്ളിയില്‍ നിന്ന് ഖലീല്‍ തങ്ങള്‍ പിരിഞ്ഞ് പോകുമ്പോള്‍ ഫോണിലൂടെ ഇങ്ങോട്ട് വിളിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പകര്‍ന്നത് ഉള്ളാള്‍ തങ്ങളായിരുന്നു. കോരിച്ചൊരിയുന്ന മഴ സമ്മേളനത്തിന് തടസമുണ്ടാക്കുമ്പോള്‍ തങ്ങളുടെ പ്രാര്‍ഥന മാത്രം മതിയാകുമായിരുന്നു കാലാവസ്ഥ അനുകൂലമായി മാറാന്‍. സമ്മേളനം നടക്കുന്നിടത്ത് മഴ മാറി നില്‍ക്കുകയും പുറത്ത് മഴ തിമിര്‍ത്ത് പെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രാര്‍ഥനയുടെ ശക്തിയായിരുന്നു ഇത്. പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ ഓടിയെത്താനും സമാശ്വസിപ്പിക്കാനുമുണ്ടായിരുന്ന ധീരമായ നേതൃത്വമാണ് മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യക്ക് നഷ്ടമാക്കിയിരിക്കുന്നത്.

പാണ്ഡിത്യത്തിന്റെ പാല്‍ പുഞ്ചിരി മാഞ്ഞു

പണ്ഡിത കുലപതി സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ നിറ സാന്നിധ്യം ഇനിയില്ല… ആത്മീയ രംഗത്തെ സൂര്യതേജസ് വിടവാങ്ങിയിരിക്കുന്നു.. പാണ്ഡിത്യത്തിന്റെ പാല്‍ പുഞ്ചിരി തൂകുന്ന ആ മുഖം ഇനി ജനമനസുകളില്‍… ബുഖാരി തറവാട്ടിലെ നെടുംതൂണായി നിന്ന് കേരളത്തിലെ സുന്നി സമൂഹത്തിന് താങ്ങും തണലുമായി മാറിയ ഉള്ളാള്‍ തങ്ങളെന്ന തങ്ങളുപ്പാപ്പയുടെ വിയോഗം ഇനിയും വിശ്വസിക്കാനായിട്ടില്ല പ്രാസ്ഥാനിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും. അനാരോഗ്യം അവഗണിച്ച് ആത്മീയ വേദികളില്‍ നിറഞ്ഞ് നിന്ന അദ്ദേഹം പുതിയ തലമുറക്ക് എന്നും ആവേശമായിരുന്നു.
പണ്ഡിതന്‍മാരും സാധാരണക്കാരും ഒരു പോലെ തങ്ങളെ ഇഷ്ടപ്പെട്ടു. ആ മഹനീയ കരമൊന്ന് ഗ്രഹിക്കാനും അവരെ ആലിംഗനം ചെയ്ത് ബറകത്തെടുക്കാനും വിശ്വാസികള്‍ കാത്തിരുന്നു. വാര്‍ധക്യ സഹജമായ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നപ്പോഴും തങ്ങള്‍ മലപ്പുറം ജില്ലയിലെ ആത്മീയ സദസുകള്‍ക്ക് നേതൃത്വം നല്‍കാനെത്തി. അവരുടെ തേജസാര്‍ന്ന മുഖം കണ്‍നിറയെ കാണാനും പ്രാര്‍ഥനയില്‍ പങ്കാളികളാകാനും വിശ്വാസികള്‍ വേദികളിലേക്ക് ഒഴുകിയെത്തുകയാണ് ചെയ്തിരുന്നത്. മലപ്പുറം മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യക്ക് കീഴില്‍ റമസാന്‍ ഇരുപത്തിയേഴാം രാവില്‍ നടക്കാറുള്ള പ്രാര്‍ഥനാ സമ്മേളനത്തിലെ സ്ഥിരസാന്നിധ്യമായിരുന്നു ഉള്ളാള്‍ തങ്ങള്‍.
മഅ്ദിന്‍, നിലമ്പൂര്‍ മജ്മഅ് ഉള്‍പെടെയുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം ശിലയിട്ട് തുടക്കം കുറിച്ചു. ആ കരങ്ങളാല്‍ തുടങ്ങി വെച്ച സംരംഭങ്ങളെല്ലാം വളര്‍ന്ന് പന്തലിക്കുന്ന കാഴ്ചക്കാണ് ജനം സാക്ഷിയായത്. അദ്ദേഹത്തിന്റെ ഇജാസത്ത് വാങ്ങാന്‍ ജനം തിരക്കിയെത്തി. ഈമാന്‍ സലാമത്താകാനും കടങ്ങള്‍ വീടാനുമുള്ള പ്രാര്‍ഥനകള്‍ ആ പണ്ഡിത ശ്രേഷ്ഠന്‍ ജനങ്ങള്‍ക്ക് പറഞ്ഞ് കൊടുത്തു. അത് ജീവിതത്തില്‍ പകര്‍ത്തി വിജയം കണ്ട വിശ്വാസികള്‍ അനേകമാണ്.
കണ്ണിയത്തുസ്താദിന്റെ ശിഷ്യനായിരുന്ന തങ്ങള്‍ പിളര്‍പ്പിന് ശേഷവും പ്രിയപ്പെട്ട ഉസ്താദിനെ തേടി വാഴക്കാട്ടെത്തി. പത്ത് വാള്യങ്ങളുള്ള തുഹ്ഫ എന്ന ഗ്രന്ഥം കാണാതെ ദര്‍സ് നടത്താന്‍ കഴിഞ്ഞിരുന്ന ഏക പണ്ഡിതന്‍ കൂടിയായിരുന്നു തങ്ങള്‍. പഠന കാലത്ത് തന്നെ വിജ്ഞാനദാഹിയായ അദ്ദേഹം ഒരു വിഷയത്തില്‍ തന്നെ ദിവസങ്ങളോളം നീളുന്ന ചര്‍ച്ചകള്‍ നടത്തി സംശയം തീര്‍ക്കുകയാണ് ചെയ്തിരുന്നത്. ദീനിന്റെ വിഷയങ്ങള്‍ക്കായിരുന്നു എന്നും തങ്ങള്‍ പ്രാധാന്യം നല്‍കിയിരുന്നത്. മതത്തിന് വിലങ്ങ് തടിയാകുന്ന പ്രവര്‍ത്തനങ്ങളെ മുഖം നോക്കാതെ എതിര്‍ത്ത അദ്ദേഹം മുസ്‌ലിംസമൂഹത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ വ്യക്തി കൂടിയായിരുന്നു. എളിമയാര്‍ന്ന ജീവിതം നയിച്ച തങ്ങള്‍ പുതിയ തലമുറക്ക് വലിയ മാതൃകയാണ് പകര്‍ന്ന് തന്നത്. കേരളത്തിലെ പോലെ കര്‍ണാടകയിലും പള്ളിദര്‍സുകള്‍ വ്യാപിപ്പിക്കുന്നതില്‍ തങ്ങളുടെ പങ്ക് മഹത്തരമാണ്. കര്‍ണാടകയിലെ ഉള്ളാള്‍ സ്വദേശിയായതിനാല്‍ അവിടെയും ഇസ്‌ലാമിന്റെ പ്രഭ പരത്താന്‍ തങ്ങള്‍ക്ക് സാധിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ശ്രമഫലമായി നിരവധി പള്ളികളില്‍ വ്യവസ്ഥാപിതമായി ദര്‍സുകള്‍ ഇപ്പോഴും നടക്കുന്നുണ്ട്.
പതിനാറ് വയസ് മുതല്‍ 92 വയസ് വരെയും 11 റകഅത്ത് നിന്ന്‌കൊണ്ട് വിത്ര്‍ നിസ്‌കരിച്ച അദ്ദേഹം ആരാധനാകര്‍മങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. യാത്രകളിലെല്ലാം ഖുര്‍ആന്‍ പാരായണത്തിലും ദിക്‌റുകളിലുമെല്ലാം മുഴുകുകയാണ് ചെയ്തിരുന്നത്. ഒപ്പം പാവപ്പെട്ടവരെ സഹായിക്കുന്നതിലും അദ്ദേഹം മുന്നിട്ടു നിന്നു. കുടുംബത്തിലെ മുഴുവന്‍ അധസ്ഥിതര്‍ക്കും കാരണവരായി സഹായ ഹസ്തവുമായി തങ്ങള്‍ എന്നും മുന്നിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഒരു കുടുംബത്തിന് മാത്രമല്ല, സമൂഹത്തിന്റെ കൂടി നികത്താനാകാത്ത നഷ്ടമായി മാറുകയാണ്.

നഷ്ടമായത് ആത്മീയ നായകനെയും ആത്മ മിത്രത്തെയും: എം എ ഉസ്താദ്

ദേളി: ഉള്ളാള്‍ തങ്ങളുമായി എനിക്കുള്ള ബന്ധം ഒരു ആത്മ മിത്രവുമായും അതോടൊപ്പം ആത്മീയ നായകനുമായുള്ളതാണെന്ന് സുന്നിവിദ്യാഭ്യാസ ബോര്‍ഡ് അഖിലേന്ത്യാ പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദേളിയുടെ കൊച്ചുഗ്രാമത്തില്‍ നിന്ന് അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റി തലത്തിലേക്ക് വളര്‍ന്നു പന്തലിച്ച ജാമിഅ സഅദിയ്യ അറബിയ്യ എന്ന വിദ്യാഭ്യാസ സമുച്ഛയത്തിന്റെ ശില്‍പ്പിയും ആരംഭകാലം മുതല്‍ ഇന്നുവരെ അതിന്റെ സാരഥിയുമായിരുന്നു തങ്ങള്‍. സഅദിയ്യയുടെ ഓരോ വളര്‍ച്ചയും നേരില്‍കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ അപ്പപ്പോള്‍ തരുമായിരുന്നു.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തനം തുടങ്ങിയതും വ്യാപിപ്പിച്ചതും തങ്ങളുടെ നേതൃത്വത്തിലായിരുന്നു. 1973 ല്‍ കാഞ്ഞങ്ങാട് നൂര്‍ മഹല്ലില്‍ ചേര്‍ന്ന സമസ്ത സമ്മേളനത്തില്‍ വെച്ച് അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപം കൊണ്ടപ്പോള്‍ അതിന്റെ പ്രസിഡന്റ് തങ്ങളായിരുന്നു. പിന്നീട് കാസര്‍കോട് ജില്ല നിലവില്‍ വന്നപ്പോള്‍ അതിന്റെ സാരഥ്യത്തിലും തങ്ങളുണ്ടായിരുന്നു.
മത-ഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന ആശയം ആദ്യമായി നടപ്പിലാക്കിയത് ഉള്ളാള്‍ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത സഭയായിരുന്നു. തങ്ങളോടൊപ്പം സെക്രട്ടറി എന്ന നിലയില്‍ ജില്ലയുടെ പല ഭാഗങ്ങളിലും ചുറ്റിക്കറങ്ങാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സ്വന്തം ഭവനത്തില്‍ നടത്തിയിരുന്ന ദര്‍സും അനുബന്ധ സൗകര്യങ്ങളും അന്നത്തെ സമസ്ത ജില്ലാ പ്രസിഡന്റായിരുന്ന ഉള്ളാള്‍ തങ്ങള്‍ക്ക് വിട്ടുകൊടുത്തതോടെ സഅദിയ്യയുടെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു. ഇന്ന് 44ന്റെ നിറവില്‍ എത്തിനില്‍ക്കുമ്പോള്‍ അതിന്റെ എല്ലാമായ സാരഥി വിട്ടുപിരിയുന്നത് ഉള്‍ക്കൊള്ളാന്‍ കരുത്തില്ലാതെ ഞങ്ങള്‍ തേങ്ങുകയാണ്. ഏതാണ്ട് സമപ്രായക്കാരായ ഞങ്ങള്‍ സഹപ്രവര്‍ത്തകരായി തന്നെ പല സംരംഭങ്ങളിലും ഒന്നിക്കാന്‍ കഴിഞ്ഞു. തങ്ങള്‍ പ്രസിഡന്റും വിനീതന്‍ സെക്രട്ടറിയുമായി സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡില്‍ വളരെക്കാലം പ്രവര്‍ത്തിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് കാണുന്ന വ്യവസ്ഥാപിത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മദ്‌റസകളുടെയും വളര്‍ച്ചക്കു പിന്നില്‍ തങ്ങളുടെ നേതൃത്വമായിരുന്നു.
പ്രായത്തിന്റെ അവശതകള്‍ക്കിടയിലും തങ്ങള്‍ അടുത്തകാലം വരെ സഅദിയ്യയില്‍ വന്ന് പോകുമായിരുന്നു. എല്ലാ സമ്മേളനങ്ങളിലും തങ്ങളായിരുന്നു അധ്യക്ഷന്‍. തങ്ങളുടെ ദുആയും ഉപദേശവും കേള്‍ക്കാന്‍ വേണ്ടിമാത്രം പതിനായിരങ്ങള്‍ സഅദിയ്യയുടെ മുറ്റത്ത് ഒരുമിക്കുമായിരുന്നു. എം എ അനുശോചന കുറിപ്പില്‍ പറഞ്ഞു.

പണ്ഡിതലോകത്തെ അഹ്‌ലുബൈത്ത്‌ സാന്നിധ്യം

പാരമ്പര്യത്തിന്റെ പ്രൌഢി യും പാണ്ഡിത്യത്തിന്റെ തലയെടുപ്പുമുള്ള നായ കനാണ്‌ സയ്യിദ്‌ അബ്ദു റഹിമാന്‍ കുഞ്ഞിക്കോയ തങ്ങള്‍ അല്‍ ബുഖാരി ഉള്ളാള്‍. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ (കാന്തപുരം വിഭാഗം) സംസ്ഥാന പ്രസിഡന്റായ തങ്ങള്‍ അവിഭക്‌ത സമസ്‌തയുടെ സമുന്നത നേതാക്കളിലൊരാളുമാ യിരുന്നു. അനുയായികളും ശിഷ്യരും താജുല്‍ ഉലമാ (പണ്ഡിത കിരീടം) എന്നു വിശേഷിപ്പിക്കുന്ന ഇദ്ദേഹം ഉള്ളാള്‍ തങ്ങള്‍ എന്ന പേരില്‍ പ്രശസ്‌തനാണ്‌.

പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ സന്താനപരമ്പരയില്‍ പെട്ട ഉള്ളാള്‍ തങ്ങളുടെ പൂര്‍വികര്‍ എണ്ണൂറിലേറെ വര്‍ഷം മുന്‍പ്‌ യെമനിലെ ഹളര്‍മൌത്തില്‍ നിന്ന്‌ കേരളത്തിലെത്തിയ സയ്യിദ്‌ അഹ്മദ്‌ ജമാലുദ്ദീന്‍ ബുഖാരി ആണ്‌. കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തു താമസമാക്കിയ അദ്ദേഹം മതപ്രചാരണ രംഗത്തു സജീവമായി. ഇദ്ദേഹത്തിന്റെ പിന്‍മുറക്കാരാണ്‌ കേരളത്തിലെ സയ്യിദ്‌ കുടുംബങ്ങളിലെ (തങ്ങള്‍ മാരിലെ) ബുഖാരി വംശം. അഹമ്മദാബാദിലെ പ്രശസ്‌തരായ ഖുത്തുബെ ആലം ബുഖാരി, ഷാഹി ആലം ബുഖാരി തുടങ്ങിയവ രൊക്കെ ഈ പരമ്പരയില്‍ പെട്ടവരാണ്‌.

കോഴിക്കോട്‌ ജില്ലയിലെ ഫറോക്ക്‌ കരുവന്‍തിരുത്തിയില്‍ സയ്യിദ്‌ അബൂബക്കര്‍ കുഞ്ഞിക്കോയ തങ്ങള്‍ - ഫാത്തിമ കുഞ്ഞിബീവി ദമ്പതികളുടെ മകനായി 1929ലാണ്‌ ജനനം (ഹിജ്‌റ: 1341 റബീഉല്‍ അവ്വല്‍ 25). ചെറുപ്പം മുതലേ അസാമാന്യമായ ബുദ്ധിശക്‌തിയും ഓര്‍മശേഷിയും അദ്ദേഹം പ്രകടിപ്പിച്ചു. കുട്ടിക്കാലത്ത്‌ തങ്ങള്‍ക്ക്‌ അസാധാരണമായ രോഗം പിടിപെട്ടിരുന്നു. ശരീരം ചുട്ടുപൊള്ളുന്ന പനിക്കൊപ്പം ചര്‍മങ്ങളും പൊളിഞ്ഞുതുടങ്ങി. കടുത്ത പഥ്യ ത്തോടെയുള്ള ചികില്‍സയെത്തുടര്‍ന്നാണ്‌ രോഗം ഭേദമായത്‌.

കരുവന്‍തിരുത്തിയിലെ പുത്തന്‍വീട്ടില്‍ മുഹമ്മദ്‌ മുസല്യാരില്‍ നിന്നായിരുന്നു ഖുര്‍ആന്‍ പഠനം. പിന്നീട്‌ മതഗ്രന്ഥങ്ങളുടെ പഠനവും അദ്ദേഹത്തില്‍നിന്നു തന്നെ ആരംഭിച്ചു. മുഹമ്മദ്‌ മുസല്യാരുടെ ഗുരുത്വമാണ്‌ തന്റെ എല്ലാ വിജയങ്ങള്‍ക്കും നിദാനമെന്ന്‌ ഉള്ളാള്‍ തങ്ങള്‍ പറയുന്നു. കരുവന്‍തിരുത്തി, പാടത്തെ പള്ളി, കളരാന്തിര, പറമ്പത്ത്‌, കാസര്‍കോട്‌, പരപ്പനങ്ങാടി പനയത്തില്‍ പള്ളി, നങ്ങാട്ടൂര്‍ തുടങ്ങിയ ദര്‍സുകളിലായിരുന്നു മതപഠനം. പുത്തന്‍വീട്ടില്‍ മുഹമ്മദ്‌ മുസല്യാര്‍, പൊന്നാനി കോടമ്പിയകത്തു മുഹമ്മദ്‌ മുസല്യാര്‍, കോണ പ്പുഴ മുഹമ്മദ്‌ മുസല്യാര്‍, പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസല്യാര്‍, കണ്ണിയത്ത്‌ അബ്ദുറഹിമാന്‍ മുസല്യാര്‍, കാടേരി അബ്ദുല്‍ കമാല്‍ മുസല്യാര്‍, തൃക്കരിപ്പൂര്‍ തങ്കയത്ത്‌ ബാപ്പു മുസല്യാര്‍ തുടങ്ങിയവരാണു ഗുരുനാഥന്‍മാര്‍.

വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത്ത്‌ അറബിക്‌ കോളജിലായിരുന്നു ഉപരിപഠനം. ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസല്യാര്‍ ഇവിടെ ഗുരുനാഥനായിരുന്നു. ശംസുല്‍ ഉലമായും ഉള്ളാള്‍ തങ്ങളും സംഘടനാരംഗത്ത്‌ സഹപ്രവര്‍ത്തകരായപ്പോഴും പിന്നീട്‌ ഇരു വിഭാഗങ്ങളിലേക്കു മാറിയപ്പോഴും ആത്മാര്‍ഥമായ സൌഹൃദം സൂക്ഷിച്ചിരുന്നു. രാമന്തളിയിലെ സയ്യിദ്‌ അഹ്മദ്‌ കോയമ്മ തങ്ങളുടെ മകള്‍ ഫാത്തിമ ബീവിയാണ്‌ ഭാര്യ. മക്കള്‍: സയ്യിദ്‌ ഹാമിദ്‌ ഇമ്പിച്ചിക്കോയമ്മ തങ്ങള്‍ (കൊയിലാണ്ടി), സയ്യിദ്‌ ഫസല്‍ കോയ തങ്ങള്‍ (പച്ചന്നൂര്‍), ബീക്കു ഞ്ഞി (മഞ്ചേശ്വരം), മുത്തുബീവി (കരുവന്‍തിരുത്തി), കുഞ്ഞാറ്റ ബീവി, ചെറിയബീവി (ഉടുമ്പുന്തറ), റംല ബീവി (കുമ്പള).

മുഹമ്മദ്‌ അനീസ്‌
Manorama

ആത്മീയ പ്രകാശഗോപുരത്തിന്റെ ഒരിതള്‍കൂടി

കാസര്‍കോഡ്‌: ആത്മീയരംഗത്ത്‌ ഏഴു പതിറ്റാണേ്ടാളമായി നിറസാന്നിധ്യമായിരുന്ന ഉള്ളാള്‍ സയ്യിദ്‌ അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങളുടെ വിയോഗം തീരാനഷ്ടമായി. കര്‍ണാടകയിലും മലബാറിലും ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന തങ്ങള്‍ ഒരു
പുരുഷായുസ്സ്‌ മുഴുവന്‍ ഇസ്ലാമിക പ്രബോധനരംഗത്തെ നിറസാന്നിധ്യമായിരുന്നു.

സൌത്ത്‌ കനറയിലെ ഉള്ളാള്‍ സയ്യിദ്‌ മദനി മഖാം ശരീഫും അറബിക്‌ കോളജും ജുമുഅത്ത്‌ പള്ളിയും ഉള്‍ക്കൊള്ളുന്ന കമ്മിറ്റിയുടെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചുവരുകയായിരുന്നു. തന്റെ പേരിനോടൊപ്പം തന്നെ ഉള്ളാളിനെ ചേര്‍ത്ത തങ്ങള്‍ കര്‍ണാടകയിലും പ്രിയങ്കരനായിരുന്നു. സുന്നികളിലെ പിളര്‍പ്പിനെ തുടര്‍ന്ന്‌ കാന്തപുരം വിഭാഗത്തിനോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്നെങ്കിലും അന്ധമായ എതിര്‍പ്പ്‌ ആരോടും വച്ചുപുലര്‍ത്തിയിരുന്നില്ല. മുന്‍കാലങ്ങളില്‍ കാസര്‍കോഡ്‌, സൌത്ത്‌ കനറ ജില്ലകളില്‍ ഉള്ളാള്‍ ഖാസിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നോമ്പും ഈദ്‌ ആഘോഷങ്ങളും നടത്തിയിരുന്നത്‌. ചരിത്രപ്രസിദ്ധമായ ഉള്ളാളിനെ അന്തര്‍ദേശീയ തലത്തിലെ ഇസ്ലാമിക പ്രബോധനകേന്ദ്രമായി ഉയര്‍ത്താന്‍ കഴിഞ്ഞതും ഇദ്ദേഹത്തിന്റെ നേട്ടമാണ്‌.

കാസര്‍കോഡ്‌ ദേളി സഅദിയ്യ അറബിക്‌ കോളജിന്റെ പ്രസിഡന്റായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഏതാനും മാസം മുമ്പ്‌ വരെ എല്ലാ ചടങ്ങുകളിലും സജീവമായിരുന്ന തങ്ങള്‍ അസുഖത്തെ തുടര്‍ന്ന്‌ മകന്റെ പയ്യന്നൂര്‍ എട്ടിക്കുളത്തെ വീട്ടില്‍ വിശ്രമിക്കുന്നതിനിടയില്‍ ഇന്നലെ വൈകീട്ട്‌ 3.40ഓടെയാണ്‌ വിടപറഞ്ഞത്‌. ദേളി സഅദിയ്യയുടെ 40ാ‍ം വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കിടയിലാണ്‌ തങ്ങളുടെ വേര്‍പാട്‌. വിയോഗവാര്‍ത്തയറിഞ്ഞ്‌ ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധിപേരാണ്‌ എട്ടിക്കുളത്തെ വസതിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്‌.

പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ കരുവന്‍തിരുത്തിയിലെ പുത്തന്‍വീട്ടില്‍ മുഹമ്മദ്‌ മുസ്ല്യാരില്‍ നിന്നാണ്‌ ഖുര്‍ആനും പ്രാഥമിക ദര്‍സ്‌ കിതാബുകളും പഠിച്ചത്‌. കരുവന്‍തിരുത്തി ജുമുഅത്ത്‌ പള്ളിയിലായിരുന്നു മുഹമ്മദ്‌ മുസ്ല്യാര്‍ ദര്‍സ്‌ നടത്തിയിരുന്നത്‌.

പിന്നീട്‌ 'പൊന്നുംകട്ട' എന്ന പേരില്‍ പ്രസിദ്ധനായ പൊന്നാനിയിലെ കോടമ്പിയകത്ത്‌ മുഹമ്മദ്‌ മുസ്ല്യാര്‍ കരുവന്‍തിരുത്തിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട്‌ കോണപ്പുഴ മുഹമ്മദ്‌ മുസ്ല്യാര്‍, പറവണ്ണ മൊയ്തീന്‍കുട്ടി മുസ്ല്യാര്‍, എ പി അബ്ദുര്‍റഹ്മാന്‍ എന്ന അവറാന്‍ മുസ്ല്യാര്‍, പറമ്പത്ത്‌ കണ്ണിയത്ത്‌ അഹ്മദ്‌ മുസ്ല്യാര്‍, തൃക്കരിപ്പൂര്‍ തങ്കയം ബാപ്പു മുസ്ല്യാര്‍, ഇ കെ അബൂബക്കര്‍ മുസ്ല്യാര്‍ എന്നിവരുടെ ദര്‍സുകളില്‍ അദ്ദേഹം പഠിച്ചു.

തളിപ്പറമ്പ്‌ ഖുവ്വത്തുല്‍ ഇസ്ലാം കോളജിലെ രണ്ടു കൊല്ലത്തെ പഠനത്തിനുശേഷമാണ്‌ ബിരുദപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തിലേക്കു പോയത്‌. കാസര്‍കോഡ്‌ ഖാസിയായിരുന്ന അവറാന്‍ മുസ്ല്യാരുടെ നിര്‍ദേശമനുസരിച്ചാണ്‌ ഉള്ളാള്‍ സയ്യിദ്‌ മദനി അറബിക്‌ കോളജില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റത്‌.

1956ലാണ്‌ സംഘടനാരംഗത്തേക്കു വരുന്നത്‌. ആ വര്‍ഷം സപ്തംബര്‍ 20നു ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ഉള്ളാള്‍ തങ്ങളെ മുശാവറ അംഗമായി തിരഞ്ഞെടുത്തു.

1965 ആഗസ്ത്‌ 20ന്‌ കണ്ണിയത്ത്‌ അഹ്മദ്‌ മുസ്ല്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തബ്ലീഗ്‌ ജമാഅത്തിനെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയില്‍ തങ്ങളും ഉള്‍പ്പെട്ടിരുന്നു. അയനിക്കാട്‌ ഇബ്രാഹീം മുസ്ല്യാരുടെ നിര്യാണത്തെ തുടര്‍ന്ന്‌ ഒഴിവുവന്ന സമസ്ത വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ 1976 നവംബര്‍ 29ന്‌ തിരഞ്ഞെടുക്കപ്പെട്ട തങ്ങള്‍, 1989ല്‍ സമസ്ത പ്രസിഡന്റായി. ദീര്‍ഘകാലം വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡന്റായിരുന്നു. 1992ല്‍ രൂപീകൃതമായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശക സമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

തങ്ങളുടെ നിര്യാണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, എം എ അബ്ദുല്‍ഖാദര്‍ മുസ്ല്യാര്‍, ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല, കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍, മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്രാഹീം എന്നീ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

പാണ്ഡിത്യത്തിന്റെ കിരീടം

പണ്ഡിത കേരളത്തിന്റെ അമരക്കാരനും ആത്മീയ കേരളത്തിന്റെ സാരഥിയുമായ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരിയുടെ അധ്യാപനത്തിന്റെ മാധൂര്യം ഒന്ന് വേറെ തന്നെയാണ്. ദര്‍സ് നടത്താന്‍ തങ്ങള്‍ പ്രത്യേക തയാറെടുപ്പൊന്നും നടത്താറില്ല. ഓതിക്കൊടുക്കുന്ന കിതാബുകളെല്ലാം അദ്ദേഹത്തിന് ഹൃദിസ്ഥമാണ്. മുന്‍കൂട്ടി തയാറെടുക്കാതെയും റഫര്‍ ചെയ്യാതെയും അധ്യാപനം നടത്തിയാല്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്കും കുസൃതിച്ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ പലരും പ്രയാസപ്പെടാറുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് അത്തരമൊരു ഭയമേയില്ല. ശിഷ്യന്മാരുടെ എത്ര സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കും യാതൊരു ശങ്കയുമില്ലാതെ, തപ്പിത്തടയലില്ലാതെ തങ്ങള്‍ മറുപടി നല്‍കും. പ്രമാണങ്ങളുടെ പിന്‍ബലത്തോടെയായിരിക്കും ആ മറുപടികളൊക്കെയും. അത്രമാത്രം അഗാധമാണ് അദ്ദേഹത്തിന്റെ ഓര്‍മശക്തിയും ബുദ്ധിവൈഭവവും.
തങ്ങളിലെ ഈ കഴിവ് തങ്ങളുടെ ഉസ്താദായ ശംസുല്‍ ഉലമാ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. തന്റെ ദര്‍സില്‍ പഠിച്ചു കൊണ്ടിരിക്കെ ഒരിക്കല്‍ അദ്ദേഹം തങ്ങളെ വിളിച്ചു പറഞ്ഞു: ‘മുസ്‌ലിം, മുല്ലാജാമി, മഹല്ലി, ചഗ്മീനി, നുഖ്ബ തുടങ്ങിയ കിതാബുകളൊക്കെ തങ്ങള്‍ ഓതിക്കൊടുക്കണം’

‘ഞാന്‍ പഠിക്കാന്‍ വന്നതാണല്ലോ. മുല്ലാജാമി ഞാന്‍ കണ്ടിട്ടു പോലുമില്ല. പിന്നെങ്ങനെ ഓതിക്കൊടുക്കും’ എന്നായിരുന്നു തങ്ങളുടെ പ്രതികരണം.
‘ഈ കിതാബുകളൊക്കെ നന്നായി ക്ലാസെടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കും’. ഇ കെ വീണ്ടും പറഞ്ഞപ്പോള്‍ ഗുരുനാഥന്റെ നിര്‍ദേശം പാലിക്കാന്‍ തങ്ങള്‍ സന്നദ്ധനായി. അങ്ങനെ മുല്ലാജാമി അടക്കം താന്‍ മുമ്പ് കണ്ടിട്ടില്ലാത്ത കിതാബുകള്‍ പോലും തങ്ങള്‍ ഭംഗിയായി ക്ലാസെടുത്തു.
ക്ലാസിലേക്ക് വരുന്നതിന് മുമ്പായി തങ്ങള്‍ രണ്ട് റക്അത്ത് നിസ്‌കിരിക്കും. സലാം വീട്ടി ദുആ കഴിയുമ്പോഴേക്കും വിദ്യാര്‍ഥികള്‍ കിതാബുമായി ക്ലാസില്‍ എത്തിയിരിക്കും. തങ്ങള്‍ വന്ന് ‘ആ വായിക്ക്’ എന്ന് പറയുതോടെ ഏതെങ്കിലുമൊരു വിദ്യാര്‍ഥി കിതാബിലെ വരികള്‍ വായിച്ചു തുടങ്ങും. തങ്ങള്‍, ഇരുന്നും നടന്നും ക്ഷീണിതനാണെങ്കില്‍ കിടന്നും ക്ലാസെടുക്കും. കിതാബ് നോക്കാതെ മനഃപാഠമായി ക്ലാസെടുക്കുന്ന ആ രീതി വിസ്മയജനകമാണെന്ന് ശിഷ്യര്‍ സാക്ഷ്യപ്പെടുത്തുന്നു. കിതാബ് വായനയില്‍ വിദ്യാര്‍ഥിക്ക് പിഴവ് സംഭവിക്കുകയോ, എതെങ്കിലും ഭാഗം വിട്ടു പോവുകയോ ചെയ്താല്‍ അതും തങ്ങള്‍ തിരുത്തിക്കൊടുക്കും. തങ്ങളുടെ ക്ലാസിന്റെ മാധുര്യം ആസ്വദിക്കാന്‍ വിദ്യാര്‍ഥികളല്ലാത്ത ധാരാളം പേര്‍ ഉള്ളാള്‍ കോളജിലെത്താറുണ്ട്. കരുവന്‍തുരുത്തിയില്‍ തങ്ങള്‍ നടത്തുന്ന മാസാന്ത ക്ലാസിനും നൂറുകണക്കിനാളുകളാണ് എത്താറുള്ളത്. തിരക്ക് പിടിച്ച ജീവിതത്തിനിടയിലും തന്റെ ക്ലാസിന് മുടക്കം വരാതിരിക്കാന്‍ പരമാവധി തങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. സിയാറത്ത് യാത്രയോ, പൊതുപരിപാടികളോ കഴിഞ്ഞ് രാത്രി താമസിച്ചാണ് തങ്ങള്‍ എത്തുന്നതെങ്കിലും പ്രഭാത ക്ലാസിന് മുടക്കം വരാറില്ല. പി എ മുഹമ്മദലി മദനി കല്‍ത്തറ, ഒരനുഭവം എഴുതുന്നു: ‘ഒരു ദിവസം ഉള്ളാള്‍ തങ്ങള്‍ക്ക് ബംഗളൂരുവില്‍ ഒരു പരിപാടിയുണ്ടായിരുന്നു. അസര്‍ നിസ്‌കാരത്തിന് ശേഷമാണ് ഉള്ളാളത്ത് നിന്നദ്ദേഹം പുറപ്പെട്ടത്. പരിപാടി കഴിഞ്ഞ് അന്ന് രാത്രി തന്നെ തിരിച്ചു പുറപ്പെട്ട തങ്ങള്‍ ഉള്ളാള്‍ കോളജില്‍ എത്തുമ്പോള്‍ സുബ്ഹി ബാങ്ക് കൊടുത്തിരുന്നു. അന്ന് രാവിലെ എട്ട് മണിക്ക് തങ്ങള്‍ക്ക് ബൈളാവി ക്ലാസുണ്ട്. രാത്രി ഒട്ടും ഉറങ്ങാത്തത് കൊണ്ട് അന്ന് ക്ലാസിന് തങ്ങള്‍ വരില്ലെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ അന്നും കൃത്യം എട്ട് മണിക്ക് തന്നെ തങ്ങള്‍ ക്ലാസിനെത്തി. രാത്രി പൂര്‍ണമായും യാത്രയിലായിരുന്നതിന്റെയും പൊതുപരപാടിയില്‍ സംബന്ധിച്ചതിന്റെ ക്ഷീണവും പ്രയാസവുമുണ്ടായിട്ടും അശേഷവും വിശ്രമിക്കാതെ ദര്‍സിനെത്തിയ തങ്ങളുടെ ഉത്തരവാദബോധത്തിലും ആത്മാര്‍ഥതയിലും ഞങ്ങള്‍ അത്ഭുതപ്പെട്ടു. ഇതൊരു ഉദാഹരണം മാത്രം. തങ്ങളുടെ ജീവിതം മുഴുക്കെ ഇങ്ങനെ തന്നെയാണ്’ (ഉള്ളാള്‍ തങ്ങള്‍/ മദനീസ് ക്രിയേഷന്‍ 104-105)

ഇബാദത്തുകളില്‍ വളരെ കൃത്യനിഷ്ഠ പാലിച്ചിരുന്നു തങ്ങള്‍. എത്ര തിരക്കുണ്ടെങ്കിലും യാത്രയിലായാലും ആരാധനകള്‍ക്ക് മുടക്കം വരുത്താറില്ല. തഹജ്ജുദ് നിസ്‌കാരം, സുബ്ഹ് നിസ്‌കാരത്തിന് ശേഷമുള്ള ഖുര്‍ആന്‍ പാരായണം, ദലാഇലുല്‍ഖൈറാത്ത് പാരായണം, നിസ്‌കാരങ്ങള്‍ക്ക് ശേഷം പതിവുള്ള ഔറാദുകള്‍ തുടങ്ങിയ ചര്യകള്‍ക്കൊന്നും യാത്രകളില്‍ പോലും തങ്ങള്‍ മുടക്കം വരുത്താറില്ലെന്ന് തങ്ങളുടെ കൂടെ പല യാത്രകളും ചെയ്ത ശൈഖുനാ കാന്തപുരം സാക്ഷ്യപ്പെടുത്തിയതായി കാണാം (ഉള്ളാള്‍ തങ്ങള്‍ പേജ് 83, 84)

വിജ്ഞാനം ഒഴുകുന്ന ‘സബ്ഖ്’

അനേകം ശിഷ്യസമ്പത്തിന്റെ ഉടമയായ ഉള്ളാള്‍ തങ്ങളുടെ “’സബ്കി’(ദര്‍സിലെ ക്ലാസ്)ന്റെ മാധുര്യം വിവരണാതീതമാണ്. മഹാനവര്‍കളുടെ അധ്യാപനത്തിലുള്ള കഴിവ് പഠനകാലത്ത് തന്നെ തിരിച്ചറിഞ്ഞ ഗുരു ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ സബ്ക് നടത്താന്‍ നിയോഗിച്ച സംഭവം സ്മരണീയമാണ്.
ഒരിക്കല്‍ ഇ കെ പറഞ്ഞു:
‘തങ്ങള്‍ മുസ്‌ലിം, മഹല്ലി….. ചഗ്മീനി… നുഖ്ബ… മുല്ലാജാമി എന്നീ കിതാബുകള്‍ ഓതിക്കൊടുക്കണം.’
‘ഞാന്‍ പഠിക്കാന്‍ വന്നതാണ്.’ തങ്ങള്‍ പ്രതികരിച്ചു.
‘തങ്ങള്‍ക്ക് നല്ല ശൈലിയില്‍ അവ ക്ലാസ്സെടുക്കാന്‍ കഴിയും. അത് ഓതിക്കൊടുക്കുക.’ ഇ കെയുടെ ദൃഢസ്വരം.
അങ്ങനെ കാണുക പോലും ചെയ്തിട്ടില്ലാത്ത മുല്ലാജാമിയടക്കം ആ കാലത്തുതന്നെ ഓതിക്കൊടുത്തു.

ഇകെ ആ കാലത്ത് തന്റെ ദീര്‍ഘദൃഷ്ടിയില്‍ കണ്ട തങ്ങളുടെ സാമര്‍ത്ഥ്യം പില്‍ക്കാലത്ത് ഉള്ളാള്‍ മദനീകോളേജിലെ സൗരഭ്യം പരത്തുന്ന ക്ലാസ്സുകളിലൂടെ ലോകം അറിഞ്ഞുകൊണ്ടിരുന്നു. ഹിജ്‌റ 1371-ലാണ് തങ്ങള്‍ ഉള്ളാളത്ത് ദര്‍സ് തുടങ്ങിയത്. 57 വര്‍ഷങ്ങള്‍ക്കിപ്പുറവും തടസ്സങ്ങളില്ലാത്ത ഒരു നീരുറവ പോലെ അത് ഒഴുകിക്കൊണ്ടിരിക്കുന്നു. ഓതിക്കൊടുക്കുന്ന കിതാബുകളെല്ലാം തങ്ങള്‍ക്ക് ഹൃദിസ്ഥമാണ്. കാര്യമായ തയാറെടുപ്പുകളുണ്ടാവാറില്ല. ആ തരത്തില്‍ ഓതിക്കൊടുത്താല്‍ ശിഷ്യന്‍മാരുടെ കുസൃതിച്ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവില്ല എന്നത് തങ്ങള്‍ക്ക് ബാധകമല്ല. എത്ര സങ്കീര്‍ണമായ ചോദ്യമാണെങ്കിലും തപ്പിത്തടവില്ലാതെ പ്രമാണസഹിതം ഓര്‍മയുടെ അറകളില്‍ നിന്ന് പുറത്തെടുത്ത് പറഞ്ഞുതരും. അത്രമാത്രം അഗാധമാണ് ആ പാണ്ഡിത്യം.

ക്ലാസ്സു തുടങ്ങുന്നതിനു മുമ്പ് പള്ളിയില്‍ കയറി രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിക്കും. സലാം വീട്ടിയാല്‍ ദുആ കഴിയുമ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ കിതാബുമായി വന്നിരിക്കും. സൂചി വീണാല്‍പോലും കേള്‍ക്കുന്ന അവസ്ഥയിലായിരിക്കും അപ്പോള്‍ ഉള്ളാള്‍ ജുമുഅത്ത് പള്ളിയും പരിസരവും. ദുആ കഴിഞ്ഞാല്‍ തങ്ങള്‍ എഴുന്നേറ്റ് ‘ആ.. വായിക്ക്’ എന്നു പറഞ്ഞാല്‍ ഉടനെ വിദ്യാര്‍ത്ഥികളില്‍ ആരെങ്കിലും വായന തുടങ്ങിയിരിക്കണം.
പിന്നെ, നിന്നും നടന്നും മദനീ മസ്ജിദിന്റെ മിഹ്‌റാബിന്റെ സമീപം വന്നിരുന്നും ക്ഷീണിച്ചാല്‍ കിടന്നും ആ വിജ്ഞാനധാര ഒഴുകുകയായി.
മനഃപാഠമായി ഓതിത്തരുന്ന ആ ശൈലി ഹര്‍ഷാത്മകമാണ്. വായിച്ചുകൊടുക്കുന്ന വിദ്യാര്‍ത്ഥി അക്ഷരം വിട്ടാലും പിഴവ് പറ്റിയാലും ആ ഓര്‍മയുടെ പര്യായം അത് തിരുത്തും.

ക്ലാസ്സിന്റെ മാധുര്യം ആസ്വദിക്കാന്‍ ധാരാളം ജനങ്ങള്‍ ഉള്ളാളില്‍ എത്താറുണ്ടായിരുന്നു. മഹാനായ സയ്യിദ് മാലിക്കിന്റെ അധ്യാപനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് തങ്ങളുടെ ക്ലാസ്സ്. ഗൗരവവും തമാശയും എല്ലാം സബ്കില്‍ ഇഴുകിച്ചേരും. തങ്ങളുടെ തമാശയെക്കുറിച്ച് ഒരു ശിഷ്യന്റെ അനുഭവസാക്ഷ്യം ഇങ്ങനെ:

”……. സ്വഹീഹുല്‍ ബുഖാരിയാണ് ക്ലാസ്സ് രംഗം. മുസൈലിമയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗമാണെന്നാണ് ഓര്‍മ്മ. ഞാന്‍ വായിക്കുകയും അവിടുന്ന് അര്‍ത്ഥം പറഞ്ഞ് വിശദീകരിക്കുകയുമാണ് പതിവ്. ഞാന്‍ വായിച്ചു: ”ഇഖ്‌സഅ്” ഇത് കേട്ടപാടെ അവിടുന്ന് പറഞ്ഞു: ”ചെലക്കല്ലെടാ.” അല്‍പനേരത്തെ മൗനത്തിനു ശേഷം തെറ്റുപറ്റിയിട്ടില്ലെന്ന ഉറപ്പോടെ വീണ്ടും വായിച്ചു: ”ഇഖ്‌സഅ്!” ”ചെലക്കല്ലെടാ!” ഞാന്‍ കൂലങ്കഷമായി ചിന്തിച്ചു. ഇല്ല എനിക്ക് തെറ്റ് സംഭവിച്ചിട്ടില്ല. ഉറപ്പുവരുത്തിയ ശേഷം കുറച്ചുകൂടി ശബ്ദത്തില്‍ വീണ്ടും വായിച്ചു: ‘ഇഖ്‌സഅ്’ . ‘ചെലക്കല്ലെടാ.’ പൂര്‍വോപരി ശബ്ദത്തിലും ഗൗരവത്തിലുമായിരുന്നു മൂന്നാമത്തെ പ്രാവശ്യം ശൈഖുന പ്രതികരിച്ചത്. ഞാനാകട്ടെ കുഴഞ്ഞു. ഇനിയും വായിച്ച് വഷളാവണോ? ഞാന്‍ പൂര്‍ണ്ണമൗനിയായി എന്റെ ചമ്മല്‍ കണ്ട് അവിടുന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു: ”എടോ നീ എന്തേ പേടിച്ചുപോയോ? നീ വായിച്ച വാക്കിന് അര്‍ത്ഥം പറയുകയല്ലേ ഞാന്‍ ചെയ്തത്.” ആ സമയം സഹപാഠികളൊന്നടങ്കം എന്റെ മുഖത്ത് നോക്കി ചിരിക്കുകയായിരുന്നു.
(സി കെ കെ മദനി ഗൂഡല്ലൂര്‍- ഉള്ളാള്‍ തങ്ങള്‍ – പേജ്: 172)

എന്ത് പ്രയാസമുണ്ടായാലും സബ്ക് മുടങ്ങാറില്ല എന്നതും ആ മഹാനുഭാവന്റെ പ്രത്യേകതയാണ്. പി പി മുഹമ്മദലി മദനി കല്‍ത്തറയുടെ അനുഭവം: ഒരു ദിവസം രാത്രി ബാംഗ്ലൂരില്‍ ഒരു പരിപാടി ഉണ്ടായിരുന്നു. അതിനായി അസര്‍ നിസ്‌കാരത്തിനു ശേഷം കാറില്‍ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. അന്ന് രാത്രി പരിപാടി കഴിഞ്ഞ് തിരിച്ചുപുറപ്പെട്ട് ഉള്ളാളം പള്ളിയിലെ കോമ്പൗണ്ടില്‍ കടക്കുമ്പോള്‍ സുബ്ഹി ബാങ്ക് കൊടുത്തുകൊണ്ടിരുന്നു. അന്ന് രാവിലെ 8 മണിക്ക് ഞങ്ങള്‍ക്ക് ബൈളാവി സബ്കുണ്ട്. ഇന്നലെ രാത്രി ഉസ്താദ് തീരെ ഉറങ്ങാത്തതു കൊണ്ട് ഇന്ന് സബ്കിന് ഹാജരാവില്ലെന്നാണ് ഞങ്ങള്‍ കരുതിയത്. ഞങ്ങളെല്ലാവരും ഉസ്താദ് വരുന്നുണ്ടോ എന്ന് കരുതി പ്രതീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ കൃത്യം 8 മണിക്ക് അതാ മിതിയടിയും ചവിട്ടി രാജപ്രൗഢിയില്‍ ഉസ്താദെത്തി. ഞങ്ങള്‍ ആശ്ചര്യപ്പെട്ടു. രാത്രി പൂര്‍ണ്ണമായ യാത്രയിലും പരിപാടിയിലുമൊക്കെ ആയിരുന്നിട്ടും അല്‍പം പോലും വിശ്രമിക്കാതെ തന്റെ ദൗത്യം നിര്‍വ്വഹിക്കാന്‍ വേണ്ടി വരുന്നത് കണ്ടപ്പോള്‍ അവിടുത്തെ ആത്മാര്‍ത്ഥതയില്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടു. ഇതൊരു ചെറിയ ഉദാഹരണം മാത്രം. അവിടുത്തെ ജീവിതം മുഴുവനും ഇങ്ങനെ തന്നെയാണ്.
(ഉള്ളാള്‍ തങ്ങള്‍ 104-105)