Monday, February 24, 2014

ഉള്ളാള്‍ തങ്ങള്‍ ആത്മീയ സ്വാധീനം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാത്ത നേതാവ് –കാന്തപുരം

മലപ്പുറം: പൊതുസമൂഹവുമായുള്ള മുസ്ലിംകളുടെ ബന്ധം സൗഹാര്‍ദപരമായി നിലനിര്‍ത്തിയതില്‍ പ്രധാനിയാണ് ഉള്ളാള്‍ തങ്ങളെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.
തന്‍െറ വ്യക്തിപ്രഭാവവും ആത്മീയ സ്വാധീനവും രാഷ്ട്രീയ നേട്ടത്തിന് അദ്ദേഹം ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കിഴക്കത്തേലയില്‍ ഉള്ളാള്‍ തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലിം നവോത്ഥാനത്തിന്‍െറ ഉടമസ്ഥത അവകാശപ്പെടുന്ന ചിലര്‍ സമുദായത്തിന്‍െറ സംഘടിത ശക്തി തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് കാന്തപുരം കുറ്റപ്പെടുത്തി.
ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനം ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
എം.ഐ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍,പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, ഇബ്രാഹിം ഖലീലുല്‍ ബുഖാരി, ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സൈനുല്‍ ആബിദീന്‍ ബാഫഖി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഇബ്രാഹിം മുസ്ലിയാര്‍ ബേക്കല്‍ എന്നിവര്‍ സംസാരിച്ചു. എ.പി. മുഹമ്മദ് മുസ്ലിയാര്‍ സ്വാഗതവും വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി നന്ദിയും പറഞ്ഞു.

Thursday, February 6, 2014

ശാന്തമായ ഒഴുക്കില്‍ താജുല്‍ ഉലമയുടെ ചാരത്തേ

ശാന്തമായ ഒഴുക്കില്‍ താജുല്‍ ഉലമയുടെ ചാരത്തേക്ക്സി എം എ ഹകീം
എട്ടിക്കുളം (കണ്ണൂര്‍): എട്ടിക്കുളം കടല്‍ ശാന്തതയിലാണ്. ഓളപ്പരപ്പില്ലാതെ ഇരമ്പലില്ലാതെ ശാന്തമായ ഒഴുക്കാണ്, നൂറ്റാണ്ടിന്റെ മഹാമനീഷി അന്ത്യനിദ്രയിലായത് മുതല്‍. കഴിഞ്ഞ ദിവസം എട്ടിക്കുളമെന്ന കൊച്ചു ഗ്രാമത്തിലേക്ക് മുസ്‌ലിംകൈരളിയുടെ കുത്തൊഴുക്ക് കണ്ട അമ്പരപ്പ് ആ ദേശക്കാര്‍ക്ക് എന്നും ഓര്‍മിക്കാനുള്ള ചരിത്രമായി മാറി.
സുന്നി സംഘകുടുംബത്തെ മുന്നില്‍ നിന്ന് നയിച്ച മഹാനായ നേതാവും സാധാരണക്കാര്‍ക്കും അശരണര്‍ക്കും അനാഥര്‍ക്കും താങ്ങും തണലുമായി ദിശാബോധം നല്‍കിയ മഹനീയ പണ്ഡിതനുമായ താജുല്‍ ഉലമയുടെ വിയോഗമറിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തുനിന്നും നിരവധി സ്‌നേഹജനങ്ങള്‍ പ്രിയ നേതാവിന്റെ ഖബറിടം സന്ദര്‍ശിക്കാനും ബന്ധുക്കളെ സമാശ്വസിപ്പിക്കാനും ഇപ്പോഴും എട്ടിക്കുളത്തേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. എട്ടിക്കുളം ഹില്‍സ്റ്റോപ്പിന് സമീപം താമസിക്കുന്ന രാമചന്ദ്രന്‍ സാക്ഷ്യപ്പെടുത്തുന്നു. ”ആ തങ്ങള്‍ ബല്യ മഹാനാണ്. ഗള്‍ഫ്ന്ന് അറബികളല്ലേ ആ മയ്യിത്ത് കാണാന്‍ വന്നത്. മൂപ്പര്‍ ലോകം അംഗീകരിച്ച പണ്ഡിതനല്ലേ?”.
ഉള്ളാള്‍ തങ്ങളുടെ മയ്യിത്ത് കാണാന്‍ വന്നവര്‍ക്ക് കുടിവെള്ളവും ചായയും ഏര്‍പ്പെടുത്തുകയും വുളു ചെയ്യാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കുകയും ചെയ്ത അമുസ്‌ലിംകളടക്കമുള്ള നാട്ടുകാരുടെ സേവനത്തെ ജനങ്ങള്‍ ഒന്നടങ്കം പുകഴ്ത്തിയിരുന്നു. എട്ടിക്കുളത്തേക്കുള്ള ആത്മീയ കുത്തൊഴുക്ക് കണ്ട, നാടന്‍പണിയെടുക്കുന്ന ലക്ഷ്മിയുടെയും കൗസല്യയുടെയും അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല. തങ്ങള്‍ ചെയ്ത പുണ്യങ്ങളുടെ ഫലമാണ് ഈ ജനസാഗരമെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി. ”തങ്ങള്‍ കുടുംബം നല്ലോരാ. അവരുടെ ഭാര്യയേയും മക്കളേയും നല്ലപോലെ ഞങ്ങള്‍ക്കറിയാം. ആ വീട്ടില്‍ എന്ത് പരിപാടിയുണ്ടെങ്കിലും ഞങ്ങള്‍ പോകാറുണ്ട്. മന്ത്രിച്ച വെള്ളം കുടിക്കും. വിഷ ചികിത്സ പോലത്തെ ചികിത്സകള്‍ തങ്ങളുടെ ഭാര്യ നടത്താറുണ്ട്” ഭാര്യയുടെ മരണത്തിന് ശേഷമാണ് ഉള്ളാള്‍ തങ്ങള്‍ നേവല്‍ അക്കാദമിക്ക് സമീപമുള്ള വീട്ടില്‍ നിന്ന് താമസം മാറ്റിയത്. എട്ടിക്കുളം കടല്‍ തീരത്തെ ഏഴുപള്ളി മഖാമിന്റെ ചാരത്താണ് ഭാര്യയുടെ ഖബര്‍ സ്ഥിതി ചെയ്യുന്നത്. മന്ത്രങ്ങളും വൈജ്ഞാനിക വചസ്സുകളും ഉരുവം കൊണ്ട ആ തറവാട് വീട്ടില്‍ ഇപ്പോള്‍ ആള്‍താമസമില്ല. തങ്ങള്‍ ഉപയോഗിച്ച പൂമുഖത്തെ തിണ്ണ പൂര്‍വീകരുടെ ഓര്‍മയില്‍ മയങ്ങിക്കിടക്കുകയാണ്. അയല്‍വീട്ടുകാരനായ കണ്ണൂര്‍ ചാലാട് സ്വദേശി അബ്ദുല്‍ മജീദ് പറയുന്നു. ”തങ്ങള്‍ എല്ലാ വ്യാഴാഴ്ചയും ഉള്ളാളത്ത് നിന്ന് വന്നാല്‍ ഈ മുറ്റം ജനനിബിഡമാകും. അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഞങ്ങളോടാണ് തങ്ങള്‍ ആവശ്യപ്പെടാറുള്ളത്. എന്ത് പ്രയാസങ്ങളുണ്ടെങ്കിലും തങ്ങളെ കണ്ട് പരാതി പറഞ്ഞാല്‍ അതിന് പരിഹാരം ഉണ്ടാകും. നാടിന്റെ നാനാ ദിക്കുകളില്‍ നിന്ന് എത്രയെത്ര പേരാണ് ആ മുഖം ദര്‍ശിക്കാന്‍ വരുന്നത്”. എട്ടിക്കുളത്തെ അബ്ദുല്ലക്കും തങ്ങളെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. നാടിന്റെ യശസ്സുയര്‍ത്തിയ തങ്ങളുടെ വിയോഗം താങ്ങാവുന്നതിനപ്പുറമാണ്. തങ്ങളുടെ നിരന്തര യാത്രയും സംഘടനാ പ്രവര്‍ത്തനവും മൂലം ഇവിടെ വരാന്‍ പറ്റാത്ത അവസ്ഥയിലായി.
ചെറു ഗ്രാമത്തില്‍ നിന്ന് ലോകം മുട്ടെ ദീനീ വിജ്ഞാനീയങ്ങള്‍ ഉയര്‍ത്തിയ ആ മഹാഗുരുവിന്റെ ശൂന്യത നികത്താന്‍ പറ്റാത്തതാണ്. മരിക്കുന്ന ദിവസം തങ്ങള്‍ സുഖമില്ലാതെ കിടക്കുകയാണെന്നറിഞ്ഞ് നിരവധി ആളുകള്‍ തങ്ങളെ കാണാന്‍ എട്ടിക്കുളത്തേക്ക് തിരിച്ചിരുന്നു. ചപ്പാരപ്പടവ് സ്വദേശിയും പ്രവാസിയുമായ സി എം മുഹമ്മദ്കുഞ്ഞി സഅദിയ്യയിലെ രക്ഷാകര്‍തൃ സംഗമം കഴിഞ്ഞതിന് ശേഷം തങ്ങളെ കാണാന്‍ എട്ടിക്കുളത്തേക്ക് വണ്ടി കയറിയപ്പോള്‍ കേട്ടത് തങ്ങളുടെ വിയോഗ വാര്‍ത്തയായിരുന്നു. ഇതേ അനുഭവം നിരവധി പേര്‍ ഇന്നലെ പങ്കുവെച്ചു. കോഴിക്കോട് ബയോഗ്യാസ് പ്ലാന്റ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ കാരന്തൂരിലെ അബ്ദുല്‍ മജീദും ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പെരിങ്ങാടി സ്വദേശി അബ്ദുര്‍റശീദും അബൂബക്കര്‍ ഇരിക്കൂറും തങ്ങളുടെ വഫാത്ത് അറിഞ്ഞ് വരാന്‍ പറ്റാത്തതില്‍ വേദനയോടെ തഅ്‌സിയത്ത് നാളിലാണ് എത്തിയത്. താജുല്‍ ഉലമയുടെ പൂമുഖം കാണാന്‍ പറ്റാതെ നിരാശരായി മടങ്ങിപ്പോയ പതിനായിരങ്ങളില്‍ പലരും ഇന്നലെയും മഖ്ബറ സന്ദര്‍ശിക്കാനെത്തിയിരുന്നു. ഇപ്പോഴും അവിടെ മയ്യിത്ത് നിസ്‌കാരങ്ങളും ഖത്മുല്‍ ഖുര്‍ആനും തഹ്‌ലീലും തുടരുകയാണ്.

ആ വിളക്കുമാടം കണ്ണടച്ചു

കഴിഞ്ഞ ഏഴ് ദശകങ്ങളോളമായി സമുദായത്തിന്റെ ഊണിനും ഉറക്കിനും കാവല്‍ നിന്ന, നമ്മുടെ ആശകളേയും അഭിലാഷങ്ങളേയും നേര്‍വഴിക്ക് നടത്തിയ, വീണുപോകുമെന്ന് തോന്നിയപ്പോഴേക്കും നമ്മുടെ കൈ പിടിച്ചു നടത്തിയ, താങ്ങും തണലുമായി നിന്ന് സ്‌നേഹിച്ചും ശാസിച്ചും നമ്മുടെ മാര്‍ഗം തെളിച്ചു തന്ന, സ്‌നേഹനിധിയായ ഒരു പിതാവിനെ പോലെ നമ്മെ മുന്നില്‍ നിന്ന് നയിച്ച, താജുല്‍ ഉലമയുടെ ശരീരമാണ് കൈയില്‍. ചേതനയറ്റ നിലയില്‍ ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്ന ആ ശരീരം അനക്കമില്ലാതെ കിടക്കുകയാണ്. ആ ശരീരത്തെയെടുത്തു മണ്ണിലേക്ക് വെക്കണം. സര്‍വശക്തനായ അല്ലാഹുവിന്റെ തിരു സവിധത്തിലേക്കു യാത്രയാക്കണം, ആ ശരീരത്തിന് മുകളിലേക്ക് മണ്ണ് വാരിയിടണം. നിത്യമായ ഉറക്കത്തിലേക്ക് പ്രിയപ്പെട്ട തങ്ങളെ അവസാനത്തെ സലാം പറഞ്ഞ് പറഞ്ഞയക്കണം. ഉള്ള് പൊള്ളാതെ ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?



പ്രിയപ്പെട്ട പ്രവര്‍ത്തകരേ,

ഏഴിമല എട്ടിക്കുളം തഖ്‌വാ മസ്ജിദിനു സമീപത്തെ നനുത്ത മണ്ണിലേക്ക് നമ്മുടെ നേതാവ് താജുല്‍ ഉലമയുടെ ചേതനയറ്റ ശരീരം എടുത്തുവെക്കുമ്പോള്‍ എന്റെ അകം പൊള്ളുകയായിരുന്നു. കഴിഞ്ഞ ഏഴ് ദശകങ്ങളോളമായി സമുദായത്തിന്റെ ഊണിനും ഉറക്കിനും കാവല്‍ നിന്ന, നമ്മുടെ ആശകളേയും അഭിലാഷങ്ങളേയും നേര്‍വഴിക്ക് നടത്തിയ, വീണുപോകുമെന്ന് തോന്നിയപ്പോഴേക്കും നമ്മുടെ കൈ പിടിച്ചു നടത്തിയ, താങ്ങും തണലുമായി നിന്ന് സ്‌നേഹിച്ചും ശാസിച്ചും നമ്മുടെ മാര്‍ഗം തെളിച്ചു തന്ന, സ്‌നേഹനിധിയായ ഒരു പിതാവിനെ പോലെ നമ്മെ മുന്നില്‍ നിന്ന് നയിച്ച, താജുല്‍ ഉലമയുടെ ശരീരമാണ് കൈയില്‍. ചേതനയറ്റ നിലയില്‍ ഒരിക്കല്‍ പോലും സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്ന ആ ശരീരം അനക്കമില്ലാതെ കിടക്കുകയാണ്. ആ ശരീരത്തെയെടുത്തു മണ്ണിലേക്ക് വെക്കണം. ആ ശരീരത്തിന് മുകളിലേക്ക് മണ്ണ് വാരിയിടണം. നിത്യമായ ഉറക്കത്തിലേക്ക് പ്രിയപ്പെട്ട തങ്ങളെ അവസാനത്തെ സലാം പറഞ്ഞ് പറഞ്ഞയക്കണം. ഉള്ള് പൊള്ളാതെ ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
തന്റെ നാഥന്റെയടുത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു തങ്ങള്‍. ഈ തയ്യാറെടുപ്പില്‍ ജീവിച്ച തങ്ങളെ സംബന്ധിച്ചിടത്തോളം മണ്ണ് മാന്തിയെടുത്തുണ്ടാക്കിയ ആ ഖബര്‍ എന്നും ഒരു പ്രലോഭനമായിരുന്നു. ആ വീട്ടിലെത്തിപ്പെടാനുള്ള ആഗ്രഹത്തിലായിരുന്നു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താജുല്‍ ഉലമ. ആ ധൃതിയും ആഗ്രഹവും കഴിഞ്ഞ മര്‍കസ് സമ്മേളനത്തില്‍ വെച്ചു തങ്ങള്‍ തന്നെ നമ്മോട് പങ്ക് വെച്ചതുമാണ്. ‘എന്റെ ദീര്‍ഘായുസ്സിന് വേണ്ടി നിങ്ങള്‍ ഇനി ദുആ ചെയ്യേണ്ട, ഇനി എനിക്ക് ഖല്‍ബ് ലങ്കി മരിച്ചാല്‍ മതി. അതിനു വേണ്ടി നിങ്ങളൊക്കെ ദുആ ചെയ്യണം’. ഖല്‍ബ് ലങ്കി മരിക്കണം! എന്തൊരു പറച്ചിലാണത്? ആഗ്രഹിച്ചതു പോലെ ഹൃദയം ലങ്കി തന്നെയാണ് താജുല്‍ ഉലമ നമ്മെയും വിട്ട് യാത്ര പോയതെന്ന് ഉറപ്പ്. ആ മുഖത്തെ വെളിച്ചവും പ്രസരിപ്പും അത്രമാത്രമുണ്ട്. മരണത്തെ മുന്നില്‍ കണ്ടെന്നതു പോലെ സംസാരമെല്ലാം ഒഴിവാക്കി പ്രാര്‍ഥനാനിരതനായി ഇരിക്കുകയായിരുന്നു ഈ കഴിഞ്ഞ കുറേ ദിവസങ്ങളിലായി നമ്മുടെ താജുല്‍ ഉലമ. ഏറ്റവുമൊടുവില്‍ പുറത്തൊരാളോട് സംസാരിച്ചത് അല്‍പ്പം സംസം വെള്ളം കിട്ടാനാണ്. ഈ ഭൂമിയില്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിശുദ്ധമായ പാനീയം. ശരീരത്തിന്റെയും ആത്മാവിന്റെയും വിശപ്പിനെ ഒരു പോലെ കെടുത്തിക്കളയാന്‍ അല്ലാഹു സമ്മാനിച്ച ആ തെളിനീരിനു വേണ്ടിയുള്ള ചോദ്യം പോലും വിശ്വാസിക്ക് പ്രാര്‍ഥനയാണ്. അങ്ങനെ തന്റെ സൃഷ്ടാവുമായും സ്രഷ്ടികളില്‍ ഏറ്റവും ഉത്തമരായ, ഉപ്പാപ്പകൂടിയായ മുത്ത്‌നബി(സ)യോടുമുള്ള സംഭാഷണത്തിലായിരുന്നു താജുല്‍ ഉലമ. ആ സംഭാഷണത്തിന്റെ തുടര്‍ച്ച തെന്നയായിരിക്കും ആ മഹാഗുരുവിനെ സംബന്ധിച്ചിടത്തോളം മരണവും. കഴിഞ്ഞ കുറേ ദിവസങ്ങളായി കാത്തിരുന്ന അതിഥിയാണല്ലോ എത്തിയിരിക്കുന്നത് എന്ന് അസ്‌റാഈല്‍ (അ) വന്നു വിളിച്ചപ്പോള്‍ തങ്ങളുടെ ഖല്‍ബ് ലങ്കിയിട്ടുണ്ടാകും.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ താജുല്‍ ഉലമയെ വീട്ടില്‍ പോയി കണ്ടിരുന്നു. പ്രായത്തിന്റെ സ്വാഭാവികമായ ക്ഷീണമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. സന്തോഷവാനായി ഇരിക്കുകയായിരുന്നു തങ്ങള്‍. ഇടക്കിടെ ബുര്‍ദ പാടിപ്പിക്കും. തങ്ങള്‍ എല്ലാം മറന്ന് അതില്‍ ലയിച്ചിരിക്കും. അപ്പോള്‍ തങ്ങളുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയാണ്. സന്തോഷം കൊണ്ട് തങ്ങള്‍ പിന്നെ ഊര്‍ജസ്വലനാകും. പ്രവാചകര്‍ (സ) യോടുള്ള അതിരറ്റ സ്‌നേഹമായിരുന്നു തങ്ങളുടെ ഊര്‍ജത്തിന്റെ എക്കാലത്തെയും കരുത്ത്. ആ കരുത്ത് നമ്മളിലേക്ക് പകര്‍ന്നു തന്നാണ് തങ്ങള്‍ യാത്രയായിരിക്കുന്നത്.
താജുല്‍ ഉലമയുടെ മഹത്വവും സ്വാധീനവും എത്രമാത്രം ഉണ്ടെന്നു വിളിച്ചറിയിക്കുന്നതായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴിമലയിലേക്കു ഒഴുകിയ ജനലക്ഷങ്ങള്‍. തിങ്കളാഴ്ച പുലര്‍ച്ചെ പഴയങ്ങാടി ഏഴിമല റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ കണ്ട ആ കാഴ്ചയെ അത്യത്ഭുതകരം എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഉറക്കമൊഴിച്ചു നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പ്രിയപ്പെട്ട താജുല്‍ ഉലമയെ അവസാനമായി ഒരു നോക്ക് കാണാന്‍ ആഗ്രഹിച്ചു എത്തിയവരായിരുന്നു റോഡ് നിറയെ. ആ ജനക്കൂട്ടത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഉണ്ടായിരുന്നു. ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രിയപ്പെട്ടതാകാന്‍ ഓരോ കാരണവും ഉണ്ടായിരുന്നു. ആ കാരണങ്ങളെയെല്ലാം തന്നെ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി കണ്ണി ചേര്‍ക്കാനായി എന്നതാണ് നമ്മുടെ താജുല്‍ ഉലമയുടെ പ്രത്യേകത.
താജുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളും നേതൃത്വവും സമസ്തയുടെ ഉന്നമനത്തിന് ഏറെ പ്രചോദനമേകിയിട്ടുണ്ട്. 1956 മുതല്‍ സമസ്തയുടെ അമരത്തിരുന്നു മുസ്‌ലിം സമുദായത്തിനു ദിശാ ബോധം നല്‍കിയ ആ മഹാമനീഷിക്ക് സമുദായത്തിന്റെ ഓരോ അനക്കവും മനസ്സിലാക്കാനും അതിന്റെ അനന്തര ഫലങ്ങളെ കുറിച്ചു കൃത്യമായ അഭിപ്രായങ്ങള്‍ രൂപവത്കരിക്കാനും നിലപാടുകളെടുക്കാനും അസാമാന്യമായ കഴിവുണ്ടായിരുന്നു. കേരളത്തിലെയും ഇപ്പോള്‍ കേരളത്തിനു പുറത്തുമുള്ള മുസ്‌ലിം സമുദായം അനുഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസപരവും മതകീയവും സാമൂഹികവുമായ പുരോഗതിക്ക് നാം കടപ്പെട്ടിരിക്കുന്നത് ആര്‍ജവം നിറഞ്ഞ ആ നിലപാടുകളോടാണ്. ആ നിലപാടുകളാണ് നിര്‍ണായകമായ നേരത്തൊക്കെയും സമുദായത്തെ സംരക്ഷിച്ചു നിര്‍ത്തിയത്. ധൈര്യശാലിയായ ഒരു കാവല്‍ക്കാരനായിരുന്നു താജുല്‍ ഉലമ. എല്ലാ വിധ ശത്രുക്കളില്‍ നിന്നും ഒരേ പോലെ, ഒരേ സമയം താന്‍ കാവല്‍ നില്‍ക്കാന്‍ നിയോഗിക്കപ്പെട്ട സമുദായത്തെ രക്ഷിച്ചു നിര്‍ത്താനുള്ള കഴിവ് തങ്ങള്‍ കടം കൊണ്ടത് പൂര്‍വസൂരികളില്‍ നിന്നും തന്റെ ഗുരുവര്യന്മാരില്‍ നിന്നുമാണ്.
കണ്ണിയത്ത് ഉസ്താദായിരുന്നു തങ്ങളുടെ മാര്‍ഗദര്‍ശി. ഉസ്താദിനോട് ചോദിക്കാതെ, ആ അനുഗ്രഹം വാങ്ങാതെ ഒന്നും ചെയ്യുമായിരുന്നില്ല. സത്യത്തോടല്ലാതെ മറ്റൊന്നിനോടും പ്രതിബദ്ധത ഉണ്ടാകരുതെന്ന പാഠം പഠിച്ചതും ആ ഗുരുവര്യരുടെ പ്രവൃത്തികളില്‍ നിന്നായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ തങ്ങള്‍ വാഴക്കാട്ടേക്ക് പോകും. ചര്‍ച്ച ചെയ്തു സമ്മതം വാങ്ങി വരും. എറണാകുളം സമ്മേളനത്തിന് ക്ഷണിച്ചപ്പോള്‍ കണ്ണിയത്ത് ഉസ്താദ് സമ്മതിച്ചാല്‍ വരാം എന്നായിരുന്നു തങ്ങള്‍ പറഞ്ഞ മറുപടി. വാഴക്കാട്ടേക്ക് തിരിച്ച തങ്ങള്‍ സമ്മതം മാത്രമല്ല, ആരോഗ്യം അനുവദിക്കുമെങ്കില്‍ എറണാകുളത്തേക്കു താനും വരും എന്ന കണ്ണിയത്തു ഉസ്താദിന്റെ ഉറപ്പും കൂടിയാണ് വാങ്ങി വന്നത്. അതായിരുന്നു നമ്മുടെ താജുല്‍ ഉലമ.
എല്ലാ പഴുതുകളും അടച്ചായിരുന്നു തങ്ങള്‍ ഓരോ യാത്രയും തുടങ്ങിയത്. 1989ല്‍ തുടങ്ങിയ യാത്രയും അങ്ങനെ തന്നെയായിരുന്നു. തീരുമാനം എടുക്കാന്‍ ശങ്കിച്ചു നില്‍ക്കുന്നവരോടൊക്കെ തങ്ങള്‍ക്കു ഒരേയൊരു മറുപടിയേ എന്നും ഉണ്ടായിരുന്നുള്ളൂ; ഞാന്‍ ഒറ്റക്കാണെങ്കിലും ഇതൊക്കെ ഞാന്‍ ചെയ്യും. കാരണം എനിക്ക് കടപ്പാട് സത്യത്തോടാണ്. ആരുണ്ട് കൂടെ, ആരില്ല എന്നതൊന്നും എന്റെ തീരുമാനത്തെ ബാധിക്കാന്‍ പോകുന്നില്ല. നോക്കൂ നിങ്ങള്‍, നമ്മുടെയീ കാലത്ത് ഇത്രയും ധീരമായി ഒരു നിലപാട് പറയാന്‍ ഒരു താജുല്‍ ഉലമക്കല്ലാതെ മറ്റാര്‍ക്ക് കഴിയും? ചുറ്റിലും ശത്രുക്കളായിരുന്നിട്ടും ഒറ്റക്കെങ്കില്‍ ഒറ്റക്ക് എന്ന് പറഞ്ഞ് സാഹസികമായ ഒരു യാത്രക്കിറങ്ങാന്‍ ഉള്ളാള്‍ തങ്ങളല്ലാതെ മറ്റാരുണ്ടാകും? തീരുമാനങ്ങളുടെ അനന്തരഫലങ്ങളെ കുറിച്ചോര്‍ത്ത് ശരിയായ തീരുമാനം എടുക്കുന്നതില്‍ നിന്ന് തങ്ങള്‍ ഒരിക്കലും പിന്മാറിയില്ല. അതല്‍പ്പം കഴിയട്ടെ എന്ന് പോലും ആലോചിച്ചില്ല. ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളോ, സമ്പത്തിന്റെ പ്രൗഢിയൊ അധികാരത്തിന്റെ ശീതളിമയോ ആ തീരുമാനങ്ങളെ ഒരിക്കല്‍ പോലും സ്വാധീനിച്ചില്ല. ഖുര്‍ആനും തിരുസൂക്തങ്ങളുമായിരുന്നു തങ്ങളുടെ ആധാര രേഖ, അതായിരുന്നു തങ്ങളുടെ തീരുമാനങ്ങളെ നിശ്ചയിച്ച മിനിട്‌സ്.
ആ പ്രതിബദ്ധത കൈവിടാതെ മുറുകെ പിടികാന്‍ നമ്മെ ഓരോരുത്തരെയും ഉത്തരവദപ്പെടുത്തിയാണ് എട്ടിക്കുളത്തെ മണ്ണിലേക്ക് താജുല്‍ ഉലമ മടങ്ങിയത്. താജുല്‍ ഉലമ നമ്മളില്‍ അര്‍പ്പിച്ച വിശ്വാസത്തെ കെട്ടുപോകാതെ സൂക്ഷിക്കണം. ആ മഹാനുഭാവന്‍ നമുക്ക് വേണ്ടി എടുത്ത ധീരമായ ഓരോ നിലപാടിനെയും നാം ഹൃദയത്തോട് ചേര്‍ത്തുവെക്കണം. ഈ ലോകത്തും പരലോകത്തും നമ്മുടെയും ഖല്‍ബ് ലങ്കി നില്‍ക്കാന്‍ നാം അത് ചെയ്‌തേ മതിയാകൂ. വിളക്കുമാടമേ കെട്ട് പോയിട്ടുള്ളൂ. വെളിച്ചം ഇപ്പോഴും ഉണ്ട്.

സ്‌നേഹത്തോടെ,
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

വെളിച്ചം ബാക്കി

എട്ടിക്കുളം (കണ്ണൂര്‍): മുസ്‌ലിം ഇന്ത്യയെ നേര്‍വഴിയില്‍ നയിച്ച മഹാമനീഷിക്ക് വിട. ഇനി ആ വാക്‌ധോരണിയില്ല. മന്ത്രങ്ങളുരുവിടുന്ന ആ പൂ മുഖം ഇനി കാണില്ല. വിജ്ഞാനത്തിന്റെ മണിമുത്തുകള്‍ വീഴുന്ന ആ ശബ്ദം ഇനി കേള്‍ക്കില്ല. വിളക്ക് അണഞ്ഞു. വെളിച്ചം ബാക്കി. നൂറ്റാണ്ടിന്റെ പണ്ഡിത ജ്യോതിസ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങള്‍ക്ക് പ്രാര്‍ഥനാ വചസ്സുകളോടെ സുന്നികൈരളി വിട ചൊല്ലി. സയ്യിദ് തറവാട്ടിലെ കാരണവരുടെ പാരത്രിക ജീവിതം ധന്യമാക്കണമേ എന്ന പ്രാര്‍ഥന. വിതുമ്പലോടെയാണ് മുസ്‌ലിം കൈരളി മഹാ പണ്ഡിതന് അന്ത്യമൊഴി നല്‍കിയത്. ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്ന് ലക്ഷങ്ങളാണ് ഇന്നലെ ജനാസ സന്ദര്‍ശിക്കാനെത്തിയത്.

 ഇന്നലെ രാവിലെ 10.20ന് എട്ടിക്കുളം തഖ്‌വ മസ്ജിദില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മയ്യിത്ത് ഖബറടക്കി. സുബ്ഹി നിസ്‌കാരത്തിന് മുമ്പ് തന്നെ അന്ത്യ കര്‍മങ്ങള്‍ തുടങ്ങിയിരുന്നു. താജുല്‍ ഉലമയുടെ മക്കളും മരുമക്കളും മറ്റു കുടുംബാംഗങ്ങളും സമസ്ത മുശാവറ അംഗങ്ങളും അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. സുബ്ഹി നിസ്‌കാരത്തിന് ശേഷം മയ്യിത്ത് നിസ്‌കാരം ആരംഭിച്ചു. പല ഘട്ടങ്ങളിലായി എട്ടിക്കുളം ഗവ. യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് ലക്ഷങ്ങള്‍ പങ്കെടുത്തു. ആദ്യ നിസ്‌കാരത്തിന് മകന്‍ സയ്യിദ് ഫസല്‍ കോയമ്മ കുറാ തങ്ങള്‍ നേതൃത്വം നല്‍കി. എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹുസൈന്‍ കമാലുദ്ദീന്‍ അലി മുഹമ്മദ് ഈജിപ്ത്, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ട്, ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, വയനാട് ഹസന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞാമു മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഇസ്മാഈല്‍ മുസ്‌ലിയാര്‍ എറണാകുളം, സയ്യിദ് ഹാമിദ് ബാഫഖി, സയ്യിദ് അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ എസ് കെ തങ്ങള്‍ താനൂര്, ത്വാഹാ തങ്ങള്‍ സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
തുടര്‍ന്ന് തഹ്‌ലീല്‍ മന്ത്രങ്ങളോടെ മയ്യിത്ത് തഖ്‌വ മസ്ജിദിലേക്ക് കൊണ്ടുപോയി. പണ്ഡിതരും മുതഅല്ലിംകളും സാദാത്തുക്കളും സാധാരണക്കാരും തുടങ്ങി നിരവധി പേരാണ് മയ്യിത്ത് വഹിച്ചുകൊണ്ടുള്ള യാത്രക്ക് അകമ്പടിയായത്.
പിന്നീട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നിറകണ്ണുകളോടെ ജനാസ ആറടി മണ്ണിലേക്ക് വെച്ചു. കാന്തപുരം തല്‍ഖീന്‍ ചൊല്ലിക്കൊടുത്തു. അവസാനമായി താജുല്‍ ഉലമക്ക് സലാം ചൊല്ലിയപ്പോള്‍ കാന്തപുരത്തിന്റെ കണ്ഠമിടറി. ഇത് കൂടെ നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.
ജനത്തിരക്ക് മൂലം പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് പോലും കാണാനാകാതെ പതിനായിരങ്ങള്‍ക്ക് കിലോമീറ്ററുകള്‍ അപ്പുറത്ത് തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. മാടായിപ്പാറയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പന്ത്രണ്ട് കിലോമീറ്റര്‍ നടന്നാണ് ജനാസ കാണാനും മയ്യിത്ത് നിസ്‌കാരത്തില്‍ പങ്ക് ചേരാനും വിശ്വാസികള്‍ ഒഴുകിയത്

മഹാഗുരുവിനെ കുറിച്ച് പ്രഥമ ശിഷ്യന്റെ വാക്കുകള്‍

മാട്ടൂല്‍: ശിഷ്യരുടെ ഭാവി അറിഞ്ഞുകൊണ്ട് വളര്‍ത്തുന്ന ഗുരുവാണ് താജുല്‍ ഉലമയെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും മാട്ടൂല്‍ മന്‍ശഅ് പ്രസിഡന്റുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി പറഞ്ഞു. താജുല്‍ ഉലമയുടെ ദര്‍സില്‍ പഠിക്കുമ്പോള്‍ സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് അറബി അധ്യാപക പരീക്ഷ എഴുതാന്‍ തീരുമാനം എടുത്ത വിവരം തങ്ങള്‍ അറിഞ്ഞപ്പോള്‍ തലേ ദിവസം രാത്രി വിളിപ്പിക്കുകയും ദീനീ വിജ്ഞാനത്തിന്റെയും മത പ്രബോധനത്തിന്റെയും പ്രാധാന്യവും മഹത്വവും ഭൗതികത മാത്രം ലക്ഷ്യം വെക്കുന്നതിന്റെ ഭവിഷ്യത്തും ഉപദേശിക്കുകയും ചെയ്തത് മതവിജ്ഞാന രംഗത്ത് ഉറച്ചുനില്‍ക്കാന്‍ തനിക്ക് പ്രേരണയായെന്ന് അദ്ദേഹം പറഞ്ഞു.

മാട്ടൂല്‍ മന്‍ശഇന്റെ ഉയര്‍ച്ചക്കും പുരോഗതിക്കും ഏറെ താങ്ങും തണലുമായി താജുല്‍ ഉലമയുടെ ഉപദേശ നിര്‍ദേശങ്ങള്‍ എന്നും കൂടെയുണ്ടായിരുന്നു. മന്‍ശഇല്‍ ഹുമൈദിയ്യ ശരീഅത്ത് കോളജ് തുടങ്ങുന്നതിനു പ്രേരണയായതും തങ്ങളുടെ ഉപദേശം തന്നെ. വ്യക്തി ജീവിതത്തിലും പൊതു മണ്ഡലങ്ങളിലും മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഇനി ആര് എന്ന ചിന്ത ഏറെ അലട്ടുന്നു. അവിടുത്തെ വിയോഗത്തില്‍ ഞാന്‍ അനാഥനായി മാറിയിരിക്കുകയാണെന്നും ഹാമിദ് കോയമ്മ തങ്ങള്‍ പറഞ്ഞു.

ജാതിമത ഭേദമില്ലാതെ ദക്ഷിണ കന്നടയും ഒഴുകിയെത്തി

പയ്യന്നൂര്‍: ജാതിമത ഭഭേദമന്യേ ജനങ്ങളെ സ്‌നേഹിച്ച മഹാപണ്ഡിതന് യാത്രാമൊഴിയേകാന്‍ ദക്ഷിണ കന്നട ഒന്നടങ്കം പയ്യന്നൂരിലേക്ക് ഒഴുകിയെത്തി. ദക്ഷിണ കന്നടയുടെ പ്രധാന കേന്ദ്രമായ മംഗലാപുരത്ത് നിന്നും കുടക്, മൈസൂര്‍, ഷിമോഗ, ചിക്മംഗ്ലൂര്‍ ജില്ലകളില്‍ നിന്നുമെല്ലാം നൂറുകണക്കിനാളുകളാണ് ഇന്നലെ പുലരുമ്പോഴേക്കും എട്ടിക്കുളത്തെത്തിയത്. പണ്ഡിതകുലത്തിന്റെ പ്രൗഢിയും നീതിബോധവും എന്നും കാത്തുസൂക്ഷിച്ച വിശ്വാസി സമൂഹത്തെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നയിച്ച പണ്ഡിതശ്രേഷ്ഠനെ അവസാനമായി ഒരുനോക്ക് കാണാന്‍ കാല്‍നടയായി കിലോമീറ്ററുകള്‍ താണ്ടി പിന്നീട് വാഹനം പിടിച്ചും ട്രെയിന്‍മാര്‍ഗവുമെല്ലാമാണ് ആളുകള്‍ എത്തിക്കൊണ്ടിരുന്നത്. രാജ്യത്തെ പ്രമുഖ ഇസ്‌ലാമിക തീര്‍ഥാടന കേന്ദ്രമായ ഉള്ളാള്‍ ദര്‍ഗയില്‍ ഒരു തവണയെങ്കിലും സന്ദര്‍ശനത്തിനെത്തിയ ഒരാള്‍ക്കും ഉള്ളാള്‍ തങ്ങളെ മറക്കാനാകില്ലെന്ന് മറ്റ് മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു.
ഇസ്‌ലാമിക ദര്‍ശനത്തിന്റെ വെളിച്ചം പകര്‍ന്ന് ഏത് പ്രതിസന്ധി ഘട്ടത്തിലും സാന്ത്വനം പകരുന്ന മഹാനായിരുന്നു തങ്ങളെന്ന് ഭാഷക്കും ജാതിഭേദങ്ങള്‍ക്കുമെല്ലാമപ്പുറം ഇന്നലെയിവിടെയെത്തിയ ജനക്കൂട്ടം തെളിയിച്ചു. ഉള്ളാള്‍ ഖാസിയായി തങ്ങള്‍ ചുമതലയേല്‍ക്കുന്നത് 1978 കാലഘട്ടത്തിലാണെങ്കിലും 1950ല്‍ തന്നെ കര്‍മമേഖല ഉള്ളാളിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ടു തന്നെ കര്‍ണാടകത്തിന്റെ ഒട്ടുമിക്ക മേഖലകളിലെയും പണ്ഡിതര്‍ക്കും സാധാരണക്കാര്‍ക്കുമെല്ലാം ഉള്ളാള്‍ തങ്ങള്‍ സുപരിചിതനായിരുന്നു. ഇന്ദിരാഗാന്ധിയും നരസിംഹ റാവുവും പോലുള്ള പ്രമുഖരെയും ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരായവരെയുമെല്ലാം തങ്ങളുടെ വ്യക്തിപ്രഭാവം ഒരുപോലെ സ്വാധീനിച്ചിരുന്നുവെന്നതിന് തെളിവായിരുന്നു ഇന്നലെ വൈകീട്ടുപോലും ഇവിടെയെത്തിയ ജനസഞ്ചയം.
ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാഴ്ന്ന തനിക്കും കുടുംബത്തിനും ഉള്ളാള്‍ ദര്‍ഗയില്‍ നിന്ന് തങ്ങള്‍ പകര്‍ന്നുനല്‍കിയ വെളിച്ചമാണ് ജീവിതത്തിലേക്ക് പുതിയ വഴിയായി മാറിയതെന്ന് കര്‍ണാടക സ്വദേശി സുധീര്‍ പറഞ്ഞതുപോലെ, നിരവധിയാളുകള്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളുടെ സൂക്ഷിപ്പുമായാണ് മഹാപണ്ഡിതന്റെ എട്ടിക്കുളത്തെ വസതിയിലെത്തിച്ചേര്‍ന്നത്.

അന്ത്യവിശ്രമം തഖ്‌വാ മസ്ജിദില്‍

പയ്യന്നൂര്‍: പാണ്ഡിത്യത്തിന്റെ കീരീടമണിഞ്ഞ ഉള്ളാള്‍ തങ്ങളുടെ അന്ത്യവിശ്രമം ഒരുക്കിയത് എട്ടിക്കുളത്തെ തഖ്‌വാ മസ്ജിദിന് മുന്നില്‍. മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച തഖ്‌വാ മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്താണ് താജുല്‍ ഉലമയുടെ ഖബര്‍ ഒരുക്കിയത്. ചരിത്രമുറങ്ങുന്ന എട്ടിക്കുളത്തിന് പുതുചരിതം തീര്‍ത്താണ് താജുല്‍ ഉലമയുടെ അന്ത്രനിദ്ര.
ചുരുങ്ങിയ കാലം കൊണ്ട് പ്രസിദ്ധി നേടിയ തഖ്‌വാ മസ്ജിദില്‍ നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് തങ്ങളും നേതൃത്വം നല്‍കിയിരുന്നു. പള്ളിക്ക് തൊട്ടരികില്‍ താജുല്‍ ഉലമയുടെ പേരില്‍ തുടങ്ങിയ ദഅ്‌വാ കോളജിന്റെ പണി പുരോഗമിക്കുകയാണ്. വിജ്ഞാനം സ്ഫുരിക്കുന്ന മഹാഗുരുവിന്റെ അന്ത്യനിദ്രക്ക് ശാന്തിയേകുന്നതാകും ഈ പ്രാര്‍ഥനാലയം.