Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Thursday, February 6, 2014

കേരളം ഒഴുകി, എട്ടിക്കുളമെന്ന കൊച്ചു ഗ്രാമത്തിലേക്ക്‌

പയ്യന്നൂര്‍: കേരളത്തിന്റെ മത-സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങള്‍ ഒരു ഗ്രാമത്തിലേക്ക് ചുരുങ്ങിയ കാഴ്ചയായിരുന്നു, ഇസ്‌ലാമിക കര്‍മ മണ്ഡലത്തില്‍ ഒരു സൂര്യതേജസ്സായി തിളങ്ങിയ ഉള്ളാള്‍ തങ്ങളുടെ ദേഹവിയോഗ വാര്‍ത്തയറിഞ്ഞ് ഒഴുകിയെത്തിയ പതിനായിരങ്ങളിലൂടെ എട്ടിക്കുളം ഗ്രാമം സാക്ഷ്യം വഹിച്ചത്. ചരിത്രം ഉറങ്ങുന്ന എട്ടിക്കുളത്തിന്റെ മണ്ണില്‍ മറ്റൊരു ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.
സുന്നി പ്രസ്ഥാനത്തിന്റെ വെളിച്ചവും നിരാലംബരും കഷ്ടപ്പെടുന്നവരുമായ ആയിരക്കണക്കിന് ആളുകള്‍ക്ക് കാരുണ്യ ദീപവുമായിരുന്ന ഉള്ളാള്‍ തങ്ങള്‍ എട്ടിക്കുളത്ത് ഇളയ മകന്‍ ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ വീട്ടില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുന്ന കാര്യം നാട്ടുകാരില്‍ അധിക പേരും അറിഞ്ഞിരുന്നില്ല. ഉള്ളാള്‍ തങ്ങളുടെ ദേഹവിയോഗ വാര്‍ത്തയറിഞ്ഞ് നാനാദേശങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഒഴുകിയെത്താന്‍ തുടങ്ങിയതോടെ എട്ടിക്കുളമെന്ന കൊച്ചുഗ്രാമം നാളിതുവരെ ദര്‍ശിക്കാത്ത ജനപ്രവാഹമായിരുന്നു കണ്ടത്.
മത-രാഷ്ട്രീയ-സാമൂഹിക രംഗത്തുള്ള മഹദ് വ്യക്തികള്‍ എത്തിച്ചേര്‍ന്നതോടെ ശനിയാഴ്ച ഉള്ളാള്‍ തങ്ങള്‍ ഈ ലോകത്തു നിന്നും വിടപറഞ്ഞ സമയം മുതല്‍ ഇന്നലെ രാത്രി വരെയും അണമുറിയാത്ത ജനപ്രവാഹമായിരുന്നു എട്ടിക്കുളത്തേക്ക് ഒഴുകിയെത്തിയത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടുകാരും അണിനിരന്ന് സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി ഒഴുകിയെത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഉള്ളാള്‍ തങ്ങളുടെ ഭൗതിക ശരീരം ഒരു നോക്കു കാണാനും മയ്യിത്ത് നിസ്‌കരിക്കാനും സംവിധാനങ്ങള്‍ ഒരുക്കി നാട്ടുകാര്‍ ഒപ്പം നിന്നു. എത്തിച്ചേര്‍ന്നവര്‍ക്ക് തണ്ണീര്‍പന്തല്‍ ഒരുക്കി കുടിവെള്ളവും ഭക്ഷണവും നല്‍കി നാട്ടുകാര്‍ മാതൃകയായി.
സുന്നി നേതാക്കളായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, യൂസഫ് കോയമ്മ തങ്ങള്‍ വൈലത്തൂര്‍, കെ എം എ റഹീം, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി കെ അബൂബക്കര്‍ മൗലവി, ദുബൈ ഖാസി സയ്യിദ് ഹുസൈന്‍ കമാലുദ്ദീന്‍ അലി മുഹമ്മദ്, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, സയ്യിദ് ഹാമിദ് ബാഫഖി തങ്ങള്‍, ഹസന്‍ മുസ്‌ലിയാര്‍ വയനാട് , വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, ഐ സി എഫ് ഒമാന്‍ നാഷനല്‍ പ്രസിഡന്റ് ടി പി അബ്ദുല്‍ ഹക്കീം സഅദി, എന്‍ അലി അബ്ദുല്ല, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഹുസൈന്‍ അഹമ്മദ്, സയ്യിദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുഹമ്മദ് പറവൂര്‍, മജീദ് കക്കാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, അലവി സഖാഫി കൊളത്തൂര്‍, മുഹമ്മദ് ബാദുഷ സഖാഫി, ജി അബൂബക്കര്‍, ഉള്ളാളം ദര്‍ഗ കമ്മിറ്റി പ്രസിഡന്റ് ഹംസ ഹാജി തുടങ്ങിയവരും ജനാസ സന്ദര്‍ശിക്കാനെത്തി.
കേന്ദ്ര വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍, മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്‌റാഹിം, കര്‍ണാടക ആരോഗ്യ മന്ത്രി യു ടി അബ്ദുല്‍ ഖാദര്‍, മന്ത്രി കെ സി ജോസഫ്, മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം എല്‍ എമാരായ സി കൃഷ്ണന്‍, എന്‍ എ നെല്ലിക്കുന്ന്, വിവിധ രാഷ്ട്രീയ നേതാക്കളായ അഡ്വ. ടി സിദ്ദീഖ്, എം സി കമറുദ്ദീന്‍, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങി നിരവധി പേര്‍ ഉള്ളാള്‍ തങ്ങളുടെ വസതിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

മരുമക്കള്‍ തങ്ങളുടെ പ്രിയ ശിഷ്യഗണങ്ങള്‍

മരുമക്കള്‍ തങ്ങളുടെ പ്രിയ ശിഷ്യഗണങ്ങള്‍

പയ്യന്നൂര്‍: താജുല്‍ ഉലമയുടെ പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ പ്രിയ ശിഷ്യഗണങ്ങള്‍. സഅദിയ്യ ജനറല്‍ സെക്രട്ടറി കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍, പരേതരായ യു കെ ആറ്റക്കോയ തങ്ങള്‍, ചെറുകുഞ്ഞി കോയ തങ്ങള്‍, ഹുസൈന്‍ കോയ തങ്ങള്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ എന്നിവരും സുബൈദ ബീവി കൊയിലാണ്ടി, ആറ്റബി പാപ്പിനിശ്ശേരി എന്നിവരുമാണ് ഉള്ളാള്‍ തങ്ങളുടെ മരുമക്കള്‍.

വിദേശ പണ്ഡിതന്മാര്‍ അനുശോചിച്ചു.

പയ്യന്നൂര്‍: താജുല്‍ ഉലമയുടെ നിര്യാണത്തില്‍ അറബ് പണ്ഡിതരും അനുശോചിച്ചു. സയ്യിദ് അബ്ബാസ് മാലികി മക്ക, യു എ ഇ ഭരണാധികാരിയുടെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാശിമി, അബൂദബിയിലെ അമീറുല്‍ അന്‍സാര്‍ സയ്യിദ് അഹ്മദ് മുഹമ്മദ് അല്‍ ഖസ്‌റജി, സയ്യിദ് സ്വബാഹുദ്ദീന്‍ രിഫാഇ ബഗ്ദാദ് എന്നിവരാണ് ഉള്ളാള്‍ തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചത്.


Tuesday, February 4, 2014

പള്ളികളിലും ഭജനമഠങ്ങളിലും ഭക്ഷണവും കുടിവെള്ളവുമൊരുക്കി നാടിന്റെ ആദരം

പയ്യന്നൂര്‍: സുന്നി പ്രസ്ഥാനത്തിന്റെ പകരം വെക്കാനില്ലാത്ത അമരക്കാരനായിരുന്ന ഉള്ളാള്‍ തങ്ങളുടെ ദേഹവിയോഗ വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ ഭൗതികശരീരം ഒരുനോക്ക് കാണാനും മയ്യിത്ത് നിസ്‌കരിക്കാനുമായി എട്ടിക്കുളത്തേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് കുടിവെള്ളവും ഭക്ഷണവും ഒരുക്കി നാട്ടുകാരുടെ കൂട്ടായ്മ.
വിവിധ മുസ്‌ലിം സംഘടനകളുടെയും ക്ലബ്ബുകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഒരുക്കിയ അഞ്ഞൂറിലധികം തണ്ണീര്‍ പന്തലുകള്‍ ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് ആശ്വാസമായി. ഒരു ഭാഗത്ത് പാപ്പിനിശ്ശേരി മുതലും മറുഭാഗത്ത് രാമന്തളി മുതലും എട്ടിക്കുളം വരെ അവിടവിടെയായി തണ്ണീര്‍ പന്തലുകള്‍ ഒരുക്കിയിരുന്നു.
ഉള്ളാള്‍ തങ്ങള്‍ ഈ ലോകത്തുനിന്നും വിടപറഞ്ഞ ശനിയാഴ്ച രാത്രി മുതല്‍ക്കെ എട്ടിക്കുളത്തേക്ക് എത്തിക്കൊണ്ടിരുന്ന ജനപ്രവാഹത്തിന് ഭക്ഷണവും വെള്ളവും നല്‍കാന്‍ നാട്ടുകാരും സംഘടനകളും കാണിച്ച സുമനസ്സ് മാതൃകയായി. രാത്രി മുതല്‍ എട്ടിക്കുളത്ത് തടിച്ചുകൂടിയ മുസ്‌ലിം സഹോദരങ്ങള്‍ക്ക് പ്രഭാത നിസ്‌കാരത്തിനും അംഗശുദ്ധി വരുത്താനും അമുസ്‌ലിം വീടുകളിലും ഭജനമഠങ്ങളിലും സൗകര്യമൊരുക്കി ഉള്ളാള്‍ തങ്ങളോടുള്ള നാടിന്റെ ആദരവ് മതസൗഹാര്‍ദത്തിനും വഴിയൊരുക്കി.

Sunday, February 2, 2014

തങ്ങളുടെ വസതിയിലേക്ക്‌ ജനപ്രവാഹം

എട്ടിക്കുളം: പ്രമുഖ പണ്ഡിതന്‍ ഉള്ളാള്‍ സയ്യിദ്‌ അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ വിയോഗവാ ര്‍ത്തയറിഞ്ഞ്‌ എട്ടിക്കുളത്തെ വസതിയിലേക്ക്‌ ആയിരങ്ങളുടെ പ്രവാഹം. തങ്ങള്‍ അവസാന നാളുകളില്‍ വിശ്രമജീവിതം നയിച്ച ഇളയമകന്‍ ഫസല്‍ കോയ്യമ്മ തങ്ങളുടെ വീട്ടിലേക്ക്‌ അന്തിമോപചാരം അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളിലെ നിരവധി പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്‌.

കര്‍ണാടക മന്ത്രി യു ടി ഖാദര്‍, മന്ത്രി കെ സി ജോസഫ്‌, സി കൃഷ്ണന്‍ എം.എല്‍.എ, എം എ അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, കെ എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ഹാമിദ്‌ കോയമ്മ തങ്ങള്‍ മാട്ടൂല്‍, ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍ പൊസോട്ട്‌, ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി കടലുണ്ടി, യൂസുഫ്‌ കോയ തങ്ങള്‍ വൈലത്തൂര്‍, ചിത്താരി ഹംസ മുസ്ല്യാര്‍, പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, പേരോട്‌ അബ്ദുര്‍റഹ്മാന്‍ സഖാഫി, ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുല്‍ ലത്തീഫ്‌ സഅദി പഴശ്ശി, സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, കെ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം, എം വി അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍, മുട്ടില്‍ മുഹമ്മദ്‌ കുഞ്ഞി മുസ്ല്യാര്‍, മുസ്ലിം ലീഗ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി കെ അബ്ദുല്‍ ഖാദര്‍ മൌലവി മയ്യിത്ത്‌ കാണാനെത്തി.

കേരളം കണ്ട മികച്ച പണ്ഡിതനായിരുന്നു ഉള്ളാള്‍ തങ്ങളെന്നും സമുദായത്തിന്‌ ഈ വിടവ്‌ തീര്‍ക്കുന്നതിന്‌ മറ്റൊരാളെ കണെ്ടത്താന്‍ സാധിക്കുകയില്ലെന്നും എം എ അബ്ദുര്‍ല്‍ ഖാദര്‍ മുസ്ല്യാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തങ്ങളുടെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, കെ സുധാകരന്‍ എം,പി, കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ്‌ കെ സുരേന്ദ്രന്‍ എന്നിവരും അനുശോചിച്ചു.

Saturday, February 1, 2014

ഉള്ളാള്‍ തങ്ങളുടെ മയ്യിത്ത് ഖബറടക്കി

പയ്യന്നൂര്‍ : ഇന്നല അന്തരിച്ച സമസ്ത (എ.പി വിഭാഗം) സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ ജനാസ പയ്യന്നൂര്‍ എട്ടിക്കുളത്ത് ഖബറക്കി.
രാവിലെ 7 മണിക്ക് തുടങ്ങിയ മയ്യിത്ത നമസ്‌കാരം പല ഘട്ടങ്ങളായാണ് നിസ്‌കരിച്ചത്.തങ്ങളുടെ മരണവാര്‍ത്തയറിഞ്ഞ് ഏട്ടിക്കുളത്തെ വസതിയിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയത്.

ആദ്യ മയ്യിത്ത് നിസ്‌കാരത്തിനു മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കി.സാമുഹിക-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു. ശനിയാഴ്ച പകല്‍ 3.40ഓടെ ആയിരുന്നു ആദ്ദേഹത്തിന്റെ അന്ത്യം.

സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരിയുടെയും കൊന്നാര് ഹലീമ ബീവിയുടെയും മകനായി ഫറോക്ക് കരുവന്‍തിരുത്തിയില്‍ ജനിച്ച ആദ്ദേഹം വിവിധ ദര്‍സുകളിലെ പഠനശേഷം വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ നിന്നു ബിരുദം നേടിയിരുന്നു

ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത്, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ ആദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാരാണ്. ആദ്ദേഹം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. 1956ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായി. 1976ല്‍ സമസ്ത വൈസ് പ്രസിഡണ്ടായി. 1989ല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പുതിയ പണ്ഡിതസഭ രൂപീകരിച്ചപ്പോള്‍ പ്രസിഡണ്ടും 1992ല്‍ രൂപീകരിച്ച അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശക സമിതി ചെയര്‍മാനുമായിരുന്നു. ദീര്‍ഘകാലം വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായിരുന്നു.

ഫാത്വിമ കുഞ്ഞി ബീവിയാണ് ഭാര്യ. ഹാമിദ് ഇമ്പിച്ചി കോയതങ്ങള്‍, ഫസല്‍ കോയമ്മ തങ്ങള്‍, ബീകുഞ്ഞി (മഞ്ചേശ്വരം), മുത്ത്ബീവി (കരുവന്‍തിരുത്തി), കുഞ്ഞാറ്റബീവി (കാസര്‍കോട് തിരുത്തി), ചെറിയബീവി (കാസര്‍കോട് ഉടുമ്പുന്തല), റംലബീവി (കുമ്പോല്‍) എന്നിവര്‍ ആദ്ദേഹത്തിന്റെ മക്കളാണ്.

താജുല്‍ ഉലമ ഇനി ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍


പയ്യന്നൂര്‍: നൂറ്റാണ്ടിന്റെ പണ്ഡിത തേജസ്സ് ഇനി ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍. ഏഴ് പതിറ്റാണ്ടിലേറെക്കാലം മുസ്ലിം ഇന്ത്യയെ നേര്‍വഴിയിലേക്ക് നയിച്ച മഹാമനീഷി ഇനി ഇല്ല. ഇന്നലെ വഫാത്തായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ ജനാസ ജനലക്ഷങ്ങളുടെ സാന്നിധ്യത്തില്‍ എട്ടിക്കുളത്ത് ഖബറടക്കി.

രാവിലെ 7 മണിക്ക് തുടങ്ങിയ മയ്യിത്ത് നിസ്‌ക്കാരം പല ഘട്ടങ്ങളിലായി മണിക്കൂറുകള്‍ നീണ്ടു. ആദ്യ മയ്യിത്ത് നിസ്‌ക്കാരത്തിന് മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കി. ഖബറടക്കത്തിന് ശേഷം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരാണ് തല്‍ഖീന്‍ ചൊല്ലിക്കൊടുത്തത്. മന്ത്രിമാരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനെത്തിയിരുന്നു.

തങ്ങളവര്‍കളുടെ വിയോഗവാര്‍ത്ത അറിഞ്ഞത് മുതല്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് എട്ടിക്കുളത്തെ വസതിയിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. രാത്രിയും പകലും വ്യത്യാസമില്ലാതെ അന്ത്യ ചടങ്ങുകള്‍ നടക്കുമ്പോഴും അത് തുടര്‍ന്നു. ജനത്തിരക്ക് മൂലം പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് പോലും കാണാനാകാതെ പതിനായിരങ്ങള്‍ക്ക് കിലോമീറ്ററുകള്‍ അപ്പുറത്ത് തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു.

ഇന്നലെ (01-02-2014) വൈകീട്ട് 3.40ഓടെയാണ് താജുല്‍ ഉലമ വഫാത്തായത്.

സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി എന്ന അബ്ദുര്‍റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ഉള്ളാള്‍ 1341 റ. അവ്വല്‍ 25 വെള്ളിയാഴ്ച ഫറോക്കിനടുത്ത കരുവന്‍തിരുത്തിയിലാണ് ജനിച്ചത്. പിതാവ് സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ അല്‍ബുഖാരി. വാഴക്കാട് കൊന്നാര് തങ്ങന്മാരില്‍ പ്രമുഖരായിരുന്ന അഹ്മദ് കുഞ്ഞുള്ള തങ്ങള്‍ ബുഖാരിയുടെ മകന്‍ അബ്ദുര്‍റഹ്മാന്‍ ബുഖാരിയുടെ മകള്‍ ഹലീമ എന്ന കുഞ്ഞി ബീവിയാണ് മാതാവ്.

പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ കരുവന്‍തിരുത്തിയിലെ പുത്തന്‍വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാരില്‍ നിന്നാണ് ഖുര്‍ആനും പ്രാഥമിക ദര്‍സീ കിതാബുകളും പഠിച്ചത്. കരുവന്‍തിരുത്തി ജുമുഅത്ത് പള്ളിയിലായിരുന്നു മുഹമ്മദ് മുസ്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്നത്. പള്ളി നടത്തിപ്പുകാരുമായി തെറ്റി അദ്ദേഹം കരുവന്‍തിരുത്തിയിലെ പാടത്തെ പള്ളിയിലേക്ക് ദര്‍സ് മാറ്റി സ്ഥാപിച്ചപ്പോള്‍ തങ്ങളും അദ്ദേഹത്തെ പിന്തുടര്‍ന്നു. പിന്നീട് ‘പൊന്നുംകട്ട’ എന്ന പേരില്‍ പ്രസിദ്ധനായ പൊന്നാനിയിലെ കോടമ്പിയകത്ത് മുഹമ്മദ് മുസ്‌ലിയാര്‍ കരുവന്‍തിരുത്തിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. കൊടുവള്ളിക്കടുത്ത കളരാന്തിരിയില്‍ കോണപ്പുഴ മുഹമ്മദ് മുസ്‌ലിയാരുടെ (കോടമ്പുഴ ബാവ മുസ്‌ലിയാരുടെ പിതാവ്) ദര്‍സിലും ഒന്നര മാസം പഠിച്ചു. പറമ്പത്ത് ദര്‍സ് നടത്തിയിരുന്ന പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ ദര്‍സിലായിരുന്നു അടുത്ത പഠനം. അതും ഒന്നര മാസക്കാലം മാത്രമേ നീണ്ടുനിന്നുള്ളൂ. പറമ്പത്ത് നിന്ന് കരുവന്‍തിരുത്തി ദര്‍സിലേക്ക് തന്നെ മടങ്ങിയെത്തി. എ പി അബ്ദുര്‍റഹ്മാന്‍ എന്ന അവറാന്‍ മുസ്‌ലിയാരായിരുന്നു ഉസ്താദ്. പിന്നീട് പറവണ്ണ മൊയ്തീന്‍ കട്ടി മുസ്‌ലിയാര്‍ പരപ്പനങ്ങാടി പനയത്തിങ്ങലില്‍ ദര്‍സ് തുടങ്ങിയപ്പോള്‍ അവിടെ ചേരാന്‍ ഒരുങ്ങിയെങ്കിലും, പറവണ്ണയുടെ നിര്‍ദേശാനുസാരം പറമ്പത്ത് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേരുകയായിരുന്നു. മൂന്നര വര്‍ഷം കണ്ണിയത്തിന്റെ കീഴില്‍ പഠിച്ച ശേഷം പനത്തില്‍ പള്ളിയിലെ കാടേരി അബ്ദുല്‍ കമാല്‍ മുസ്‌ലിയാരുടെ ദര്‍സിലേക്ക് മാറി. തൃക്കരിപ്പൂര്‍ തങ്കയം ബാപ്പു മുസ്‌ലിയാരുടെ ശിഷ്യനായി നങ്ങാട്ടൂര്‍ ദര്‍സിലും പഠിച്ചിരുന്നു.

ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ വെല്ലൂര്‍ ബാഖിയാത്തില്‍ ദര്‍സ് നടത്തുന്നുണ്ടെന്നും അങ്ങോട്ട് പോകണമെന്നും കണ്ണിയത്ത് നിര്‍ദേശിച്ചതനുസരിച്ച് ബാഖിയാത്തിലേക്ക് പുറപ്പെട്ടെങ്കിലും, ഇ കെ തലക്കടുത്തൂരിനടുത്ത പറമ്പത്ത് ദര്‍സിലാണെന്ന് വഴിക്കുവെച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ടാമതും പറമ്പത്ത് ദര്‍സില്‍ ചേര്‍ന്നു. ഇ കെ തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം കോളജിലേക്ക് മാറിയപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ചു. രണ്ട് കൊല്ലം തളിപ്പറമ്പിലും പഠിച്ചു. അവിടെ നിന്നാണ് ബിരുദപഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തിലേക്ക് പോയത്. ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവരുടെ ശിക്ഷണത്തില്‍ രണ്ട് വര്‍ഷം അവിടെ പഠിച്ചു. ഒന്നാം റാങ്കോടെ വെല്ലൂരില്‍ നിന്ന് ബിരുദം നേടി തിരിച്ചെത്തിയ ഉടനെ കാസര്‍കോട് ഖാസിയും തന്റെ ഉസ്താദുമായ അവറാന്‍ മുസ്‌ലിയാരുടെ നിര്‍ദേശമനുസരിച്ച് ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ പ്രിന്‍സിപ്പലായി ചാര്‍ജെടുത്തു. ഹിജ്‌റ 1371ല്‍ ആരംഭിച്ച ആ സേവനം ആറ് പതിറ്റാണ്ടായി തുടര്‍ന്നുവരികയായിരുന്നു.

1956-ലാണ് സംഘടനാ രംഗത്തേക്ക് വരുന്നത്. ആ വര്‍ഷം സെപ്തംബര്‍ 20ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം ഉള്ളാള്‍ തങ്ങളെ മുശാവറ അംഗമായി തിരഞ്ഞെടുത്തു. 1965 ആഗസ്റ്റ് 20ന് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയില്‍ തങ്ങളും ഉള്‍പ്പെട്ടിരുന്നു. അയനിക്കാട് ഇബ്‌റാഹിം മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സമസ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 1976 നവംബര്‍ 29ന് തിരഞ്ഞെടുക്കപ്പെട്ട തങ്ങള്‍ 1989ല്‍ സമസ്ത പ്രസിഡന്റായി. ദീര്‍ഘകാലം വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായിരുന്നു. 1992ല്‍ രൂപവത്കൃതമായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശക സമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

രാമന്തളിയിലെ സയ്യിദ് അഹ്മദ് കോയ തങ്ങളുടെ പുത്രി സയ്യിദത്ത് ഫാത്വിമ കുഞ്ഞി ബീവിയാണ് ഭാര്യ. ഹാമിദ് ഇമ്പിച്ചി കോയതങ്ങള്‍, ഫസമ്മല്‍ കോയമ്മ തങ്ങള്‍ എന്നിവര്‍ പുത്രന്മാരാണ്. ബീകുഞ്ഞി (മഞ്ചേശ്വരം), മുത്ത്ബീവി (കരുവന്‍തിരുത്തി), കുഞ്ഞാറ്റബീവി (കാസര്‍കോട് തിരുത്തി), ചെറിയബീവി (കാസര്‍ഗോട് ഉടുമ്പുന്തല), റംലബീവി (കുമ്പോല്‍) എന്നീ പെണ്‍കുട്ടികളുമുണ്ട്.

അനുശോചന സന്ദേശങ്ങള്‍

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍

കോഴിക്കോട്: തിരുനബി കുടുംബത്തിലെ സമുന്നതനായ നേതാവും കര്‍മനിരതനായ പണ്ഡിതവര്യരുമായിരുന്നു താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹിമാന്‍ അല്‍ ബുഖാരിയെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുന്ന ആയിരക്കണക്കിന് ശിഷ്യസമ്പത്തുള്ള പണ്ഡിത കാരണവരായിരുന്ന അദ്ദേഹത്തിന്റെ വിയോഗം മുഴുവന്‍ ജനങ്ങള്‍ക്കും തീരാനഷ്ടമാണ്. തങ്ങളുടെ കുടുംബത്തെയും പ്രസ്ഥാന ബന്ധുക്കളെയും മുഹിബ്ബീങ്ങളെയും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടങ്ങളുടെയും അനുശോചനമറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പുരുഷായുസ്സ് ദീനിനും സുന്നത്ത് ജമാഅത്തിനും നേതൃത്വം നല്‍കിയ ഉള്ളാള്‍ തങ്ങള്‍ പ്രസ്ഥാന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്നും ആവേശമായിരുന്നു. ആദര്‍ശ പ്രതിബദ്ധതയും ഇച്ഛാശക്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള പണ്ഡിത ശ്രേഷ്ടനായിരുന്നു അദ്ദേഹം.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി, സയ്യിദ് ഉമറുല്‍ ഫാറൂഖ് ബുഖാരി, സയ്യിദ് വൈലത്തൂര്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ മലേഷ്യ, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍ഹിമാന്‍ സഖാഫി എന്നിവരും അനുശോചിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമാദരണീയനായ നേതാവ് സയ്യിദ് അബ്ദുര്‍റഹിമാന്‍ അല്‍ബുഖാരിയുടെ ദേഹ വിയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. കേരളത്തില്‍ മത വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമര്‍പ്പിച്ച പണ്ഡിത വര്യരായിരുന്നു അദ്ദേഹമെന്ന് ഉമ്മന്‍ചാണ്ടി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റും ആത്മീയ നേതാവുമായ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹിമാന്‍ അല്‍ ബുഖാരി തങ്ങളുടെ നിര്യാണത്തില്‍ കെ പി സി സി പ്രസിഡന്റും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല അനുശോചിച്ചു. ആത്മീയ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ നിസ്തുലമായ സേവനം കാഴ്ച വെച്ചിട്ടുള്ള വ്യക്തിയാണ് തങ്ങളെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മഞ്ഞളാംകുഴി അലി

തിരുവനന്തപുരം: സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ നിര്യാണത്തോടെ മഹാനായ പണ്ഡിത ശ്രേഷ്ഠനെയാണ് മുസ്‌ലിം കൈരളിക്ക് നഷ്ടമായതെന്ന് നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി അനുശോചിച്ചു.

എസ് എസ് എഫ്

കോഴിക്കോട്: ആധുനിക മുസ്‌ലിം കേരളത്തിന് ആദര്‍ശപരമായ ദിശ നിര്‍ണയിച്ച പണ്ഡിത ശ്രേഷ്ഠരെയാണ് ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹിമാന്‍ അല്‍ബുഖാരി തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശ പക്ഷപാതിത്വം പുലര്‍ത്തിക്കൊണ്ടുതന്നെ ഏറ്റവും സുശക്തമായ മുസ്‌ലിം സംഘടനാ സംവിധാനം കേരളത്തില്‍ രൂപപ്പെടുത്താനും കരുത്തുറ്റ നേതൃത്വം നല്‍കാനും തങ്ങള്‍ക്ക് സാധിച്ചു. ഇസ്‌ലാമിക ദഅ്‌വാ രംഗത്ത് പുതിയ കുതിപ്പുകള്‍ക്ക് ആവേശം പകരാനും മുന്നേറ്റങ്ങള്‍ക്ക് നായകനാവാനും തങ്ങള്‍ക്ക് സാധ്യമായി. പരമ്പരാഗതമായ ദര്‍സ് സംവിധാനത്തെ പരിപോഷിപ്പിക്കുന്നതില്‍ അനല്‍പ്പമായ പങ്കു വഹിച്ച ഉള്ളാള്‍ തങ്ങള്‍ പുതിയ കാലത്തോട് സംവദിക്കാന്‍ പ്രാപ്തരായ അനേകം പണ്ഡിതന്‍മാരെയും സമൂഹത്തിന് സംഭാവന ചെയ്തു. നിര്‍ണായക ഘട്ടങ്ങളില്‍ ആര്‍ജവമുള്ള നിലപാടുകള്‍ സ്വീകരിക്കുക വഴി കേരളീയ മുസ്‌ലിം സമൂഹത്തിന് പൊതുവെയും സുന്നി പ്രസ്ഥാനത്തിന് വിശേഷിച്ചും അന്തസ്സുള്ള അസ്ഥിത്വമുണ്ടാക്കിക്കൊടുക്കുന്നതില്‍ തങ്ങള്‍ നല്‍കിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും.

ആര്‍ എസ് സി

റിയാദ്: താജുല്‍ ഉലമ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ നിര്യാണത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സഊദി നാഷനല്‍ കമ്മിറ്റി അഗാധ ദു:ഖം രേഖപ്പെടുത്തി. പ്രമുഖ സൂഫിവര്യനും പണ്ഡിത തറവാട്ടിലെ കാരണവരുമായ താജുല്‍ ഉലമയുടെ വിയോഗം മുസ്‌ലിം ലോകത്തിന് വന്‍ നഷ്ടമാണെന്ന് ആര്‍ എസ് സി സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു.സന്നിഗ്ധ ഘട്ടങ്ങളില്‍ ഉള്ളാള്‍ തങ്ങളുടെ നേതൃത്വവും പ്രാര്‍ഥനയും പ്രസ്ഥാനത്തിന് കരുത്ത് നല്‍കിയിട്ടുണ്ട്. ഉള്ളാള്‍ തങ്ങളുടെ പേരില്‍ പ്രത്യേക പ്രാര്‍ഥന നടത്താന്‍ ആര്‍എസ്‌സി സഊദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മഹ്മൂദ് സഖാഫി മാവൂര്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ റഹീം കോട്ടക്കല്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

ഐ എന്‍ എല്‍

കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ നിര്യാണത്തില്‍ ഐ എന്‍ എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍, സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയ വളപ്പില്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് അനുശോചിച്ചു. അത്മീയ കേരളത്തിന്റെ പ്രകാശ ഗോപുരവും ആദര്‍ശ വിശുദ്ധിയുടെ ദീപസ്തംഭവുമായിരുന്നു ഉള്ളാള്‍ തങ്ങളെന്ന് അവര്‍ പറഞ്ഞു. വിനയവും പക്വതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മുസ്‌ലിം സമുദായത്തിന് മാത്രമല്ല, കേരളീയ പൊതു സമൂഹത്തിന് തന്നെ തങ്ങളുടെ വിയോഗം തീരാ നഷ്ടമാണെന്ന് അവര്‍ പറഞ്ഞു.
ആള്‍ ഖബീല സാദാത്ത് അസോസിയേഷന്‍

കോഴിക്കോട്: കേരളീയ മുസ്‌ലിംകളുടെ വിശിഷ്യാ സയ്യിദ് സമൂഹത്തിന്റെ അമരക്കാരനും പണ്ഡിത സൂരിയുമായ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഉള്ളാള്‍ തങ്ങളുടെ വഫാത്തില്‍ ആള്‍ ഖബീല സാദാത്ത് അസോസിയേഷന്‍ അനുശോചിച്ചു. തങ്ങളുടെ വിയോഗത്തിലൂടെ കേരളീയ തങ്ങന്മാരുടെ കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്ന് അഖ്‌സ സംസ്ഥാന പ്രസിഡന്റ് തിരൂര്‍ക്കാട് സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ലുഖ്മാനുല്‍ ഹഖീം ഐദറൂസി ഇളനീര്‍ക്കരയും സ്മരിച്ചു.

പി ഡി പി

കോഴിക്കോട്: സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ നിര്യാണത്തില്‍ പി ഡി പി സംസ്ഥാന വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി അനുശോചിച്ചു.
പണ്ഡിത ലോകത്തെ ഉജ്ജ്വല പ്രതിഭാസമായിരുന്ന തങ്ങള്‍ നിലപാടുകളുള്ള മുസ്‌ലിം കേരളത്തിന്റെ നേതാവു കൂടിയായിരുന്നുവെന്നും മുസ്‌ലിം സമുദായത്തിന് മാത്രമല്ല, കേരളീയ പൊതു സമൂഹത്തിന് തന്നെ തങ്ങളുടെ വിയോഗം തീരാ നഷ്ടമാണെന്നും അദ്ദേഹം അനുശോചിച്ചു.

ഉള്ളാള്‍ തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു

ദോഹ: സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ അധ്യക്ഷനും പ്രമുഖ പണ്ഡിതനും സുന്നികേരളത്തിന്റെ ആത്മീയ നേതാവുമായ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ നിര്യാണത്തില്‍ ഖത്തര്‍ നാഷണല്‍ ഐ സി എഫ് കമ്മറ്റി അനുശോചിച്ചു. തികവുറ്റ നേതൃത്വവും അനിതരസാധാരണമായ അറിവും മേളിച്ച വ്യക്തിത്വമായിരുന്നു തങ്ങള്‍. സുന്നികള്‍ക്കിടയിലെ നിറവാര്‍ന്ന ഒരു യുഗസാന്നിധ്യമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ അവസാനിക്കുന്നത്. പറവണ്ണ അബ്ദുറസാഖ് മൗലവി, അബ്ദുല്‍ കരീം ഹാജി മേമുണ്ട, കടവത്തൂര്‍ അബ്ദുള്ള മുസ്‌ലിയാര്‍, കുഞ്ഞബ്ദുള്ള കടമേരി, കെ.ബി അബ്ദുള്ള ഹാജി, അബ്ദുല്‍ അസീസ് സഖാഫി പാലോളി, അഹമദ് സഖാഫി പേരാമ്പ്ര, അബ്ദുല്‍ ലത്തീഫ് സഖാഫി കോട്ടുമല, ബഷീര്‍ പുത്തൂപ്പാടം, അഹമദ് ഷാ ആയഞ്ചേരി പങ്കെടുത്തു. തങ്ങളുടെ പേരിലുള്ള മയ്യിത്ത് നിസ്‌കാരം ഇന്ന് ഞായര്‍ രാതി ഇശാഇനു ശേഷം ദോഹ അസ്മകിലെ ബോംബെ പള്ളിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എട്ടിക്കുളം വീട്ടിലേക്ക് അണമുറിയാത്ത ജനപ്രവാഹം

പയ്യന്നൂര്‍: വന്ദ്യരായ പണ്ഡിത ഗുരുവിന്റെ വിയോഗ വാര്‍ത്ത പരന്ന ഉടന്‍ കേരളത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും പയ്യന്നൂര്‍ എട്ടിക്കുളത്തെ അദ്ദേഹത്തിന്റെ വസതിയിലേക്ക് അണമുറിയാത്ത ജനപ്രവാഹം. ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നത നേതാവായിരുന്ന ഉള്ളാള്‍ തങ്ങളുടെ ദേഹവിയോഗം ഇന്നലെ ഉച്ചയോടെ അറിഞ്ഞ ഉടന്‍ നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം പയ്യന്നൂരിലേക്ക് കുതിക്കുകയായിരുന്നു. വൈകുന്നേരത്തോടെ എട്ടിക്കുളം പ്രദേശമാകെ ജനനിബിഡമായി. പണ്ഡിത ശ്രേഷ്ഠരുടെ തിരുമുഖം അവസാനമായി കാണാനും പ്രാര്‍ഥനയില്‍ പങ്കു കൊള്ളാനും പ്രവര്‍ത്തകര്‍ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്.